Photo:AFP
ട്വിറ്ററിന്റെ പ്രധാന സവിശേഷതകളില്‍ ഒന്നായ വെരിഫിക്കേഷന് സംവിധാനം ഈയടുത്ത് വ്യാപകമായി ദുരുപയോഗം ചെയ്യപ്പെട്ടിരുന്നു. യഥാര്‍ത്ഥ അക്കൗണ്ടുകള്‍ക്ക് കൃത്യമായ വെരിഫിക്കേഷന് പ്രക്രിയയിലൂടെ ട്വിറ്റര്‍ സൗജന്യമായി നല്‍കിയിരുന്ന ബാഡ്ജ് ആയിരുന്നു വേരിഫൈഡ് ബാഡ്ജ്. ഇലോണ്‍ മസ്ക് ഏറ്റെടുത്തതിന് പിന്നാലെ വെരിഫിക്കേഷന് പ്രക്രിയയില്‍ മാറ്റം വരുത്തിയിരുന്നു.
എട്ട് ഡോളര്‍ നല്കുന്ന ആര്‍ക്കും ബ്ലൂ ടിക്ക് വേരിഫിക്കേഷന് ട്വിറ്റര്‍ നല്കാന് തുടങ്ങി. ഇതോടെ വ്യാജ വെരിഫൈഡ് അക്കൗണ്ടുകള്‍ പെരുകി. സ്ഥിതി മോശമായതോടെ വെരിഫൈഡ് ബാഡ്ജ് നല്‍കാനുള്ള തീരുമാനം താത്കാലികമായി ട്വിറ്റര്‍ റദ്ദാക്കി.
ഇപ്പോഴിതാ വെരിഫൈഡ് ബാഡ്ജ് ഉടന്‍ തിരികെയെത്തുമെന്ന് പ്രഖ്യാപിച്ചിരിക്കുകയാണ് ഇലോണ്‍ മസ്ക്. അടുത്ത വെള്ളിയാഴ്ചയോടെ വെരിഫൈഡ് ബാഡ്ജ് പ്രാബല്യത്തില്‍ വരുമെന്നാണ് ട്വിറ്റര്‍ അറിയിച്ചിരിക്കുന്നത്. വലിയ മാറ്റത്തോടെയാകും ബാഡ്ജ് അവതരിപ്പിക്കുക. നീല നിറത്തില്‍ അനുവദിച്ചിരുന്ന ബാഡ്ജ് ഇനി ചാര, സ്വർണ നിറങ്ങളിലും കാണാനാകും.
വ്യക്തികള്‍ക്ക് നല്കിവന്നിരുന്ന ബ്ലൂ ടിക്ക് അതേപടി തന്നെ തുടരും. കമ്പനികള്‍ക്ക് ഗോള്‍ഡ് ടിക്കാകും ഇനിമുതല്‍ അനുവദിക്കുക. സര്‍ക്കാര്‍ സ്ഥാപനങ്ങള്‍ക്ക് ഗ്രേ ടിക്കും നല്‍കും. ഓര്ഗനൈസേഷന്
സാക്ഷ്യപ്പെടുത്തുന്ന വ്യക്തികള്‍ക്ക് ഒരു ചെറിയ സെക്കന്ററി ലോഗോ പ്രദര്‍ശിപ്പിക്കാനുള്ള അവസരവും ട്വിറ്റര്‍ ഒരുക്കും.
വ്യക്തികള്‍ക്ക് ഇനി മുതല്‍ എന്ത് അടിസ്ഥാനത്തിലാകും വെരിഫിക്കേഷന് ബാഡ്ജ് നല്കുകയെന്നതില് ട്വിറ്റര്‍ വിശദീകരണം നൽകിയിട്ടില്ലെങ്കിലും മാസം എട്ട് ഡോളര്‍ നല്‍കുന്നവര്‍ക്ക് മാത്രമേ ബ്ലൂ ടിക്ക് ലഭിക്കുകയുള്ളുവെന്നാണ് വിവരങ്ങള്‍. പണം കൊടുക്കുന്ന എല്ലാവര്ക്കും പക്ഷേ ഇനി മുതല്‍ ബ്ലൂ ടിക്ക് ലഭിക്കില്ലെന്ന് മാത്രം.
പണം നല്കുന്ന ആര്‍ക്കും ബ്ലൂ ടിക്ക് സബ്സ്ക്രിപ്ഷന് എന്ന രീതി ദുരുപയോഗം ചെയ്യപ്പെടുമെന്ന് പല പ്രമുഖരും മുന്നറിയിപ്പ് നല്‍കിയിരുന്നെങ്കിലും ഇത് ഗൗനിക്കാതെയായിരുന്നു മസ്ക് മുന്നോട്ട് പോയത്. ഒടുവില്‍ വെരിഫൈഡ് വ്യാജ അക്കൗണ്ടുകള്‍ പെരുകിയതോടെയാണ് വെരിഫിക്കേഷന് പ്രക്രിയ താത്കാലികമായി ട്വിറ്റര്‍ നിര്‍ത്തിവെച്ചത്.
Content Highlights: Twitter will start allotting Blue Grey and Gold check marks to users as verification badge
ശാസ്ത്ര സാങ്കേതിക വിദ്യാ രംഗത്തെ കൂടുതല്‍ വാര്‍ത്തകള്‍ ടെലഗ്രാം വഴി അറിയാം ഗ്രൂപ്പില്‍ അംഗമാവൂ... ക്ലിക്ക് ചെയ്യൂ: https://t.me/technews_mbi
Also Watch
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..