സച്ചിനെ അറിയില്ലെന്ന് പറഞ്ഞതിന് ട്വിറ്റര്‍ ഉപയോക്താക്കളുടെ പൊങ്കാല സഹിക്കേണ്ട വന്നയാളാണ് ടെന്നീസ് താരമായ മരിയ ഷറപ്പോവ. സച്ചിനെ അറിയില്ലെന്ന മറുപടിയില്‍ മലയാളികളുടെയാകെ പരിഹാസമേല്‍ക്കേണ്ടിവന്നയാളാണ് 1983 എന്ന സിനിമയിലെ സുശീലയെന്ന് കഥാപാത്രം. 

ഈ രണ്ട് പേരും ശരിയായിരുന്നുവെന്ന് മാറ്റിപ്പറയുകയാണ് ട്വിറ്ററിലെ ഒരു പക്ഷം. 

കര്‍ഷകസമരത്തിന് പിന്തുണയുമായി വിദേശത്ത് നിന്നുള്ള നിരവധി പ്രമുഖര്‍ രംഗത്തെത്തിയതോടെയാണ് സച്ചിന്‍ തെണ്ടുൽക്കര്‍ ഉള്‍പ്പടെ ഇന്ത്യയില്‍ നിന്നുള്ള പ്രമുഖര്‍ അവരെ വിമര്‍ശിച്ച് രംഗത്തെത്തിയത്. 

കര്‍ഷക സമരത്തിന് പിന്തുണയറിയിച്ചെത്തിയ വിദേശികളായ പ്രമുഖര്‍ സ്ഥാപിത താല്‍പര്യക്കാരാണെന്നും. ഇന്ത്യ അത്തരം പ്രൊപ്പഗണ്ടയ്ക്ക് എതിരാണെന്നും ഇന്ത്യയുടെ ആഭ്യന്തര കാര്യങ്ങളില്‍ പരിഹാരം കാണാന്‍ ഇന്ത്യയ്ക്കറിയാമെന്നും ഇന്ത്യ അതില്‍ ഒറ്റക്കെട്ടാണെന്നും മറ്റാരും അതില്‍ ഇടപെടേണ്ടെന്നുമായിരുന്നു സച്ചിന്‍ ഉള്‍പ്പടെയുള്ളവര്‍ പറഞ്ഞത്. 

എന്നാല്‍ കര്‍ഷക സമരത്തിന് പിന്തുണ നല്‍കുന്നവർ ഇതിനെതിരെ രംഗത്ത് വരികയും ട്വിറ്ററില്‍ വലിയ വിമര്‍ശനം ഉന്നയിക്കുകയും ചെയ്യുന്ന കാഴ്ചയാണ് പിന്നീട് കണ്ടത്. സച്ചിന് പിന്തുണയറിയിക്കുന്നവരും കുറവല്ല. 

Twitter
Screengrab: Twitter

പലരും തങ്ങളുടെ ആരാധനാ പാത്രമായ വ്യക്തിയുടെ അഭിപ്രായത്തില്‍ നിരാശയറിയിക്കുന്നു. 

ഇക്കൂട്ടരാണ് നേരത്തെ ഷറപ്പോവയെ പഴിപറഞ്ഞതിന് പശ്ചാത്തപിക്കുന്നുവെന്ന പ്രതികരണവുമായെത്തിയത്. 

ഷറപ്പോവയായിരുന്നു ശരിയെന്നാണ് ഇവർ പറയുന്നത്. ക്രിക്കറ്റ് പ്രേമിയായ ഭര്‍ത്താവിനോട് ഹിന്ദി സിനിമ കാണാത്തത് കൊണ്ട് സച്ചിനാരാണെന്ന് അറിയില്ലെന്ന് പറഞ്ഞത് കേട്ട് ചിരിച്ചതിന് സൂശീലയോടും മാപ്പു പറയുന്നുണ്ട് ചിലർ. 

Content Highlights: Sachin Tendulkar, Maria Sharapova, farmers protest, Rihanna