വാഷിങ്ടണ്‍: ട്വിറ്ററിന്റെ കോവിഡ്-19 മിസ് ഇന്‍ഫര്‍മേഷന്‍ പോളിസി ലംഘിച്ചതിന് യുഎസ് കോണ്‍ഗ്രസിലെ ജോര്‍ജിയയില്‍ നിന്നുള്ള റിപ്പബ്ലിക്കന്‍ പ്രതിനിധിയായ മാര്‍ജൊറി ടെയ്‌ലര്‍ ഗ്രീനിന്‍റെ അക്കൗണ്ടിന് ട്വിറ്റര്‍ സ്ഥിര വിലക്ക് ഏര്‍പ്പെടുത്തി. പോളിസി ആവര്‍ത്തിച്ച് ലംഘിച്ചതിനെ തുടര്‍ന്നാണ് നടപടി. 

ട്വിറ്ററിന്റെ കോവിഡ്-19 മിസ് ഇന്‍ഫര്‍മേഷന്‍ പോളിസി അനുസരിച്ച് തെറ്റിദ്ധാരണ പരത്തുന്ന ട്വീറ്റുകള്‍ അഞ്ച് തവണ പങ്കുവെച്ചതായി കണ്ടെത്തിയാല്‍ അക്കൗണ്ടിന് സ്ഥിര വിലക്ക് ഏര്‍പ്പെടുത്തും. 

കോവിഡ് വാക്‌സിനെ കുറിച്ച് തെറ്റിദ്ധാരണ പ്രചരിപ്പിച്ചതിനെ തുടര്‍ന്ന് ഗ്രീനിന്‍റെ അക്കൗണ്ടിന് 2020 ഓഗസ്റ്റില്‍ താല്‍കാലിക വിലക്ക് ഏര്‍പ്പെടുത്തിയിരുന്നുവെന്ന് സാന്‍ ഫ്രാന്‍സിസ്‌കോ ക്രോണിക്കിള്‍ റിപ്പോര്‍ട്ട് ചെയ്യുന്നു. 

ഗ്രീനിന്‍റെ വ്യക്തിഗത ട്വിറ്റര്‍ അക്കൗണ്ടിനാണ് വിലക്കേര്‍പ്പെടുത്തിയിരിക്കുന്നത്. കോണ്‍ഗ്രസ് അംഗമായ ഗ്രീനിന്‍റെ @RepMTG എന്ന  ഔദ്യോഗിക അക്കൗണ്ട് ഇപ്പോഴും സജീവമാണ്. 

അതേസമയം, ട്വിറ്റര്‍ അമേരിക്കയുടെ ശത്രുവാണ് എന്നാണ് ഗ്രീന്‍ ഈ നടപടിയോട് പ്രതികരിച്ചത്. സത്യം പ്രചരിക്കുന്നത് തടയാന്‍ സോഷ്യല്‍മീഡിയ പ്ലാറ്റ്‌ഫോമുകള്‍ക്ക് സാധിക്കില്ലെന്നും കമ്മ്യൂണിസ്റ്റ് വിപ്ലവത്തിലെ തിരിച്ചറിയപ്പെടാത്ത ശത്രുക്കളെ ട്വിറ്റര്‍ സഹായിക്കുകയാണെന്നും ഗ്രീന്‍ ആരോപിച്ചു. 

2020-ലെ തിരഞ്ഞെടുപ്പ് ഫലവുമായി ബന്ധപ്പെട്ട ഡൊണാള്‍ഡ് ട്രംപിന്റെ വാദങ്ങള്‍ക്ക് പിന്തുണ നല്‍കിയിരുന്നയാളാണ് ഗ്രീന്‍. വാക്‌സിന്റെ ഫലപ്രാപ്തിയെ കുറിച്ച് നിരന്തരം ചോദ്യങ്ങളുന്നയിക്കുകയും കോണ്‍ഗ്രസിലെ കോവിഡ് മാനദണ്ഡങ്ങള്‍ നിരന്തരം ലംഘിക്കുകയും ചെയ്യുന്ന ഗ്രീന്‍ വിവാദങ്ങളുടെ തോഴിയാണ്.

Content Highlights: Twitter permanently suspends US Congresswoman's account for Covid misinformation