ട്വിറ്ററിന് ഇന്ത്യയില്‍ നിയമ പരിരക്ഷ നഷ്ടമായി; 'നിയമവിരുദ്ധ' ട്വീറ്റുകള്‍ക്ക് ഇനി കമ്പനി ഉത്തരവാദി


പുതിയ ഐടി ചട്ടത്തിന്റെ അടിസ്ഥാനത്തില്‍ ഉദ്യോഗസ്ഥരെ നിയമിക്കേണ്ട സമയം മെയ് 25ന് അവസാനിച്ചിരുന്നു.

പ്രതീകാത്മക ചിത്രം | Photo - AP

ന്യൂഡല്‍ഹി: പുതിയ ഐ.ടി. ചട്ടം പാലിക്കുന്നതില്‍ വീഴ്ച വരുത്തിയതിനെ തുടര്‍ന്ന് ട്വിറ്ററിന് ഇന്ത്യയില്‍ ഉണ്ടായിരുന്ന നിയമപരിരക്ഷ നഷ്ടപ്പെട്ടതായി കേന്ദ്ര സര്‍ക്കാരുമായി ബന്ധപ്പെട്ട വൃത്തങ്ങള്‍ അറിയിച്ചു. പുതിയ ഐ.ടി. ചട്ടത്തിന്റെ അടിസ്ഥാനത്തില്‍ സ്റ്റാറ്റിയൂട്ടറി ഓഫീസര്‍മാരെ നിയമിക്കാത്തതിനെ തുടര്‍ന്നാണിത്.

ട്വിറ്ററിനെതിരേ ഉത്തര്‍ പ്രദേശില്‍ ഫയല്‍ ചെയ്ത കേസിന്റെ പശ്ചാത്തലത്തിലാണ് ഇലക്ട്രോണിക്‌സ്- ഐ.ടി. മന്ത്രാലയം ഇക്കാര്യത്തില്‍ വ്യക്തത വരുത്തിയത്. ജൂണ്‍ അഞ്ചിന് ഗാസിയാബാദില്‍ പ്രായമായ മുസ്ലീം വയോധികനു നേരെ ആറു പേര്‍ അതിക്രമം നടത്തിയിരുന്നു. ബലം പ്രയോഗിച്ച് തന്റെ താടി മുറിച്ചുവെന്നും വന്ദേമാതരം, ജയ്ശ്രീറാം എന്ന് മുദ്രാവാക്യം വിളിക്കാന്‍ തന്നെ നിര്‍ബന്ധിച്ചുവെന്നുമാണ് വയോധികന്‍ ആരോപിച്ചത്.

ഈ സംഭവുമായി ബന്ധപ്പെട്ട് തെറ്റിദ്ധരിപ്പിക്കുന്ന ഉളളടക്കം ട്വിറ്ററില്‍ പ്രചരിച്ചുവെന്നും ഇത് നീക്കം ചെയ്യാന്‍ ട്വിറ്റര്‍ തയ്യാറായില്ലെന്നും ചൂണ്ടിക്കാട്ടിയാണ് ട്വിറ്ററിനെതിരേ യു.പിയില്‍ കേസ് ഫയല്‍ ചെയ്തിരിക്കുന്നത്. എന്നാല്‍, വയോധികനു നേരെ ഉണ്ടായത് സാമുദായിക ആക്രമണമല്ലെന്നും ഇയാള്‍ വിറ്റ മന്ത്രത്തകിടുകളില്‍ അസംതൃപ്തരായ ഹിന്ദുക്കളും മുസ്ലീങ്ങളുമടങ്ങുന്ന ആറു പേര്‍ ചേര്‍ന്നാണ് ഇയാള്‍ക്കെതിരേ അതിക്രമം നടത്തിയതെന്നും യു.പി. പോലീസ് പറയുന്നു.

ഗാസിയാബാദ് സംഭവത്തിന് സാമുദായിക പരിവേഷം ചാര്‍ത്തി സാമുദായിക വികാരത്തെ വ്രണപ്പെടുത്തിയതിന് നിരവധി മാധ്യമപ്രവര്‍ത്തകര്‍ക്കും ട്വിറ്ററിനുമെതിരേ പോലീസ് കുറ്റം ചുമത്തിയിരുന്നു. ജൂണ്‍ 14-ന് തങ്ങളുടെ ട്വിറ്റര്‍ ഹാന്‍ഡിലില്‍ ഇതു സംബന്ധിച്ച് പത്രക്കുറിപ്പ് പങ്കുവെച്ചിരുന്നുവെന്നും ഇക്കാര്യത്തില്‍ വ്യക്തത വരുത്തിയിട്ടും സംഭവുമായി ബന്ധപ്പെട്ടുളള തെറ്റിദ്ധാരണജനകമായ പോസ്റ്റുകള്‍ പിന്‍വലിക്കുന്നതിനുളള നടപടികള്‍ ട്വിറ്റര്‍ സ്വീകരിച്ചില്ലെന്നും പോലീസ് പറഞ്ഞു.

ഇതിന്റെ പശ്ചാത്തലത്തിലാണ് ട്വിറ്ററിനെതിരേ കേസെടുത്തിരിക്കുന്നത്. 'ട്വിറ്ററിന് ഇന്ത്യയില്‍ ഒരു നിയമപരിരക്ഷയും ഇല്ലാത്തതിനാല്‍ പ്രചരിപ്പിക്കപ്പെട്ട വീഡിയോ കൃത്രിമ വീഡിയോ എന്ന് ഫ്‌ളാഗ് ചെയ്യാത്തതിനെതിരേ ശിക്ഷാനടപടികള്‍ സ്വീകരിക്കാന്‍ ട്വിറ്റര്‍ ബാധ്യസ്ഥരാണ്.' സര്‍ക്കാര്‍ വൃത്തങ്ങള്‍ അറിയിച്ചു.

ഐ.ടി. നിയമം അനുശാസിക്കുന്ന നിയമ പരിരക്ഷ നഷ്ടപ്പെട്ട ഏക അമേരിക്കന്‍ കമ്പനിയാണ് ട്വിറ്റര്‍. നിയമപരിരക്ഷ നഷ്ടപ്പെടുന്നതോടെ ട്വിറ്ററില്‍ പോസ്റ്റ് ചെയ്യുന്ന നിയമവിരുദ്ധവും അപകീര്‍ത്തികരവുമായ ഉള്ളടക്കത്തില്‍ ഇന്ത്യന്‍ ശിക്ഷാനിയമത്തിന്റെ അടിസ്ഥാനത്തില്‍ കമ്പനിയുടെ ഇന്ത്യന്‍ മാനേജിങ് ഡയറക്ടര്‍ ഉള്‍പ്പടെയുള്ള ഉദ്യോഗസ്ഥരെ പോലീസിന് ചോദ്യം ചെയ്യാനും ക്രിമിനല്‍ നടപടി സ്വീകരിക്കാനും കഴിയും. പുതിയ ഐ.ടി. ചട്ടത്തിന്റെ അടിസ്ഥാനത്തില്‍ ഉദ്യോഗസ്ഥരെ നിയമിക്കേണ്ട സമയം മെയ് 25-ന് അവസാനിച്ചിരുന്നു. ചില കമ്പനികള്‍ കോറോണ വൈറസ് വ്യാപനവുമായി ബന്ധപ്പെട്ട പ്രതിസന്ധികള്‍ ചൂണ്ടിക്കാട്ടി സമയം ആവശ്യപ്പെട്ടിട്ടുണ്ട്.

മാര്‍ഗനിര്‍ദേശങ്ങള്‍ അനുസരിക്കാന്‍ ട്വിറ്ററിന് അധിക സമയം നല്‍കിയിട്ടും പുതിയ ഐ.ടി. ചട്ടങ്ങളിലെ നിര്‍ദേശങ്ങള്‍ പാലിക്കാന്‍ കമ്പനിക്കായില്ല. നിയമ പരിരക്ഷ നഷ്ടപ്പെടുമെന്ന് കാണിച്ച് ജൂണ്‍ അഞ്ചിന് ഒരു അവസാന അറിയിപ്പ് സര്‍ക്കാര്‍ ട്വിറ്ററിന് നല്‍കിയിരുന്നു. എന്നാല്‍, പത്തു വര്‍ഷത്തിലേറെയായി ഇന്ത്യയില്‍ പ്രവര്‍ത്തിക്കുന്ന ട്വിറ്ററില്‍നിന്ന് അവിശ്വസനീയമായ നടപടിയാണ് ഉണ്ടായതെന്നും ഇലക്ട്രോണിക്സ്- ഐ.ടി. മന്ത്രാലയം പറഞ്ഞു.

Content Highlights:Twitter loses legal shield in India for its users content

ശാസ്ത്ര സാങ്കേതിക വിദ്യാ രംഗത്തെ കൂടുതല്‍ വാര്‍ത്തകള്‍ ടെലഗ്രാം വഴി അറിയാം ഗ്രൂപ്പില്‍ അംഗമാവൂ... ക്ലിക്ക് ചെയ്യൂ: https://t.me/technews_mbi


Also Watch

Add Comment
Related Topics

Get daily updates from Mathrubhumi.com

Youtube
Telegram

വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക.. 

IN CASE YOU MISSED IT
kt kunhumon and atlas ramachandran

1 min

സിനിമയിൽ താൻ വളർത്തി വലുതാക്കിയവരാൽത്തന്നെ അവഹേളിതനായ രാമചന്ദ്രൻ; ഓർമക്കുറിപ്പുമായി കുഞ്ഞുമോൻ

Oct 3, 2022


Nude Library

വേണമെങ്കില്‍ വസ്ത്രം ധരിച്ചാല്‍ മതി; വ്യത്യസ്തമാണ് ഈ അമേരിക്കന്‍ ലൈബ്രറി

Dec 12, 2021


ATLAS RAMACHANDRAN

2 min

'ജനകോടികളുടെ വിശ്വസ്ത സ്ഥാപനം', തിരിച്ചുവരാന്‍ മോഹിച്ചിട്ടും നാടുകാണാതെ മടക്കം

Oct 3, 2022

Most Commented