ന്യൂഡല്‍ഹി: 'കോണ്‍ഗ്രസ് ടൂള്‍കിറ്റ്' കേസില്‍ ട്വിറ്റര്‍ ഇന്ത്യ മേധാവി മനിഷ് മഹേശ്വരിയെ ഡല്‍ഹി പോലീസ് ചോദ്യം ചെയ്തു. മെയ് 31 ന് ബെംഗളുരുവിലെത്തിയാണ് ഡല്‍ഹി പോലീസിന്റെ പ്രത്യേക സെല്‍ മനീഷിനെ ചോദ്യം ചെയ്തത്. കേസുമായി ബന്ധപ്പെട്ട് നേരത്തെ ഗുരുഗ്രാമിലേയും ലഡോ സരായിലേയും ട്വിറ്റര്‍ ഓഫീസുകളില്‍ പോലീസ് എത്തിയിരുന്നു.

പ്രധാനമന്ത്രി നരേന്ദ്രമോദിയെ അധിക്ഷേപിക്കാന്‍ കോണ്‍ഗ്രസ് ടൂള്‍കിറ്റ് ഉണ്ടാക്കിയെന്ന് ആരോപിച്ചുകൊണ്ടുള്ള ബിജെപി നേതാവ് സാംബിത് പാത്ര ഒരു ട്വീറ്റ് പങ്കുവെച്ചിരുന്നു. ഇതിന്റെ ഒരു രേഖയും സാംബിത് ട്വീറ്റിനൊപ്പം പങ്കുവെച്ചു. ഈ ചിത്രത്തിന് ട്വിറ്റര്‍ മാനിപുലേറ്റഡ് മീഡിയാ ടാഗ് നല്‍കിയതാണ് വിവാദങ്ങള്‍ക്കിടയാക്കിയത്. 

വ്യാജമായതും തെറ്റിദ്ധാരണ പരത്തുന്നതുമായ വിവരങ്ങള്‍ ട്വീറ്റ് ചെയ്യുമ്പോള്‍ അവയെ കുറിച്ച് മുന്നിറിയിപ്പ് നല്‍കുന്നതിനായി ട്വിറ്റര്‍ ഏര്‍പ്പെടുത്തിയ സംവിധാനമാണ് മാനിപുലേറ്റഡ് മീഡിയ ടാഗ്. സാംബിത് പാത്ര പങ്കുവെച്ച ചിത്രം എന്തിന്റെ അടിസ്ഥാനത്തിലാണ് വ്യാജമാണെന്ന് പറയുന്നത് എന്നാണ് പോലീസ് അന്വേഷിക്കുന്നത്. 

ടൂള്‍കിറ്റ് ആരോപണം വ്യാജമാണെന്നും അതുമായി ബന്ധപ്പെട്ട് ബിജെപി നേതാക്കള്‍ക്കെതിരെ കേസ് നല്‍കിയിട്ടുണ്ടെന്നും പറഞ്ഞ്‌ കോണ്‍ഗ്രസ് കത്ത് എഴുതിയതിന് പിന്നാലെയാണ് ഈ ട്വീറ്റിന് മാനിപുലേറ്റഡ് മീഡിയ ടാഗ് വന്നത്. 

പുതിയ ഐടി ചട്ടങ്ങള്‍ പ്രകാരം സര്‍ക്കാരുമായി നേരിട്ട് സംവദിക്കുന്നതിനുള്‍പ്പടെ ഉത്തരവാദിത്വപ്പെട്ട ഉദ്യോഗസ്ഥരെ നിയമിക്കാനുള്ള നിര്‍ദേശം പാലിക്കുന്നതില്‍ ട്വിറ്റര്‍ പരാജയപ്പെട്ടതിനെ തുടര്‍ന്ന് കമ്പനിയ്ക്ക് നല്‍കിയിരുന്ന നിയമ പരിരക്ഷ കേന്ദ്രം എടുത്തുകളഞ്ഞിരുന്നു. ഈ പശ്ചാത്തലത്തില്‍ കൂടിയാണ് കമ്പനി മേധാവിയെ പോലീസ് ചോദ്യം ചെയ്തതായുള്ള വിവരം പുറത്തുവരുന്നത്. 

നിയമ പരിരക്ഷ നഷ്ടപ്പെട്ടതോടെ ട്വിറ്ററില്‍ ഉപയോക്താക്കള്‍ പങ്കുവെക്കുന്ന നിയമവിരുദ്ധ ഉള്ളടക്കങ്ങള്‍ക്കുമേല്‍ കമ്പനിയ്ക്കും ഉത്തരവാദിത്വം വരികയും അതിന്റെ അടിസ്ഥാനത്തില്‍ കമ്പനി മേധാവികളെ പോലീസിന് ചോദ്യം ചെയ്യാനും ക്രിമിനല്‍ നടപടികള്‍ സ്വീകരിക്കാനും സാധിക്കും.

ഗാസിയാബാദില്‍ ഒരു മുസ്ലീം കൊല്ലപ്പെട്ട സംഭവവുമായി ബന്ധപ്പെട്ട് വിദ്വേഷം നിറഞ്ഞ പോസ്റ്റുകള്‍ പ്രത്യക്ഷപ്പെട്ടതുമായി ബന്ധപ്പെട്ടും ട്വിറ്ററിനെതിരെ കേസുണ്ട്. കലാപാഹ്വാനം, വിദ്വേഷം പ്രചരിപ്പിക്കല്‍, ക്രിമിനല്‍ ഗൂഢാലോചന തുടങ്ങിയ ആരോപണങ്ങളാണ് കമ്പനിക്കെതിരെയുള്ളത്. 

നിയമ പരിരക്ഷ നഷ്ടമായ പശ്ചാത്തലത്തില്‍ ട്വിറ്ററിനെതിരെ ഉയര്‍ന്നുവന്ന ഇത്തരം ആരോപണങ്ങളില്‍ നടപടികള്‍ രൂക്ഷമാവാനാണ് സാധ്യത. 

Content Highlights: Twitter India Head Questioned Over Congress Toolkit  Case