ന്യൂഡല്‍ഹി: തിരഞ്ഞെടുപ്പ് പ്രക്രിയയ്ക്കിടെയുള്ള ട്വിറ്റര്‍ ഹാഷ്ടാഗ് പ്രചാരണങ്ങളെ രാഷ്ട്രീയ പരസ്യങ്ങളായി പരിഗണിക്കണമെന്ന് കഴിഞ്ഞ വര്‍ഷം തിരഞ്ഞെടുപ്പ് കമ്മീഷന്‍ നിയമിച്ച വിദഗ്ധ സമിതി. സമൂഹമാധ്യമങ്ങളിലെ രാഷ്ട്രീയ പരസ്യങ്ങള്‍ കണ്ടെത്താന്‍ ജില്ലാ ഇലക്ഷന്‍ ഓഫീസറുടെ ഓഫീസില്‍ പ്രത്യേക സോഷ്യല്‍ മീഡിയാ നിരീക്ഷണ സെല്‍ രൂപീകരിക്കണമെന്നും ജനുവരിയില്‍ പോള്‍ പാനലിന് മുമ്പാകെ സമര്‍പ്പിച്ച ഇടക്കാല റിപ്പോര്‍ട്ടില്‍ സമിതി നിര്‍ദേശിച്ചു. 

കര്‍ഷക സമരങ്ങള്‍ക്കിടെയുള്ള ചില ട്വീറ്റുകള്‍ നീക്കം ചെയ്യാനുള്ള ആവശ്യത്തോട് ട്വിറ്റര്‍ വിമുഖത കാണിച്ചതിന് സര്‍ക്കാരും ട്വിറ്ററും തമ്മിലുള്ള തര്‍ക്കത്തിനിടയാക്കിയിരുന്നു. സമൂഹമാധ്യമങ്ങള്‍ പ്രാദേശിക നിയമങ്ങള്‍ പാലിക്കണമെന്ന് സര്‍ക്കാര്‍ മുന്നറിയിപ്പ് നല്‍കിയിരുന്നു.  

ആഗോള തലത്തില്‍ വലിയ രീതിയിലുള്ള രാഷ്ട്രീയ സംവാദങ്ങള്‍ നടക്കുന്നയിടമാണ് ട്വിറ്റര്‍. ഉപയോക്താക്കള്‍ പങ്കുവെക്കുന്ന ട്വീറ്റുകളെ പരസ്പരം ബന്ധിപ്പിക്കുന്നതിനായാണ് ഹാഷ്ടാഗുകള്‍ ഉപയോഗിക്കുന്നത്. പൊതുവിഷയങ്ങളില്‍ ചിലപ്പോള്‍ ചില ഹാഷ്ടാഗുകള്‍ക്ക് വലിയ രീതിയിലുള്ള പ്രചാരം ലഭിക്കാറുണ്ട്. 

ഹാഷ്ടാഗുകള്‍ക്ക് പ്രചാരം വര്‍ധിക്കുന്നുണ്ടെങ്കില്‍ അത് മുന്നോട്ടുവെക്കുന്ന വിഷയത്തിന് അത്രയേറെ പ്രചാരം ലഭിക്കുന്നുണ്ടെന്നാണ് അര്‍ത്ഥം. 

ഇക്കാരണം കൊണ്ടാവാം തിരഞ്ഞടുപ്പ് കാലത്ത് സൃഷ്ടിക്കപ്പെടുന്ന ഹാഷ്ടാഗുകള്‍ക്ക് രാഷ്ട്രീയ പ്രാധാന്യം ഉണ്ടെന്ന നിരീക്ഷണത്തില്‍ തിരഞ്ഞെടുപ്പ് കമ്മീഷന്റെ വിദഗ്ധ സമിതി എത്തിയത്. 

തിരഞ്ഞെടുപ്പ് പരസ്യങ്ങളെ നിയന്ത്രിക്കാനുള്ള ചില ഫീച്ചറുകള്‍ ട്വിറ്റര്‍ തന്നെ തയ്യാറാക്കിയിട്ടുണ്ടെങ്കിലും തിരഞ്ഞെടുപ്പ് കമ്മീഷന്റെ മേല്‍നോട്ടത്തില്‍ സോഷ്യല്‍ മീഡിയാ നിരീക്ഷണം ആവശ്യമാണെന്ന് സമിതി നിര്‍ദേശിക്കുന്നു.

Content Highlights: Twitter Hashtags Should be Treated as Political Ads Expert Panel Set up by EC