സാന്‍ഫ്രാന്‍സിസ്‌കോ: യുഎസ് പ്രസിഡന്റ് സ്ഥാനാര്‍ഥി ജോ ബൈഡനെതിരായ ന്യൂയോര്‍ക്ക് പോസ്റ്റ് ലേഖനം പ്രചരിക്കുന്നതിന് ഏര്‍പ്പെടുത്തിയ നിയന്ത്രണം ട്വിറ്റര്‍ നീക്കി. ഉപയോക്താക്കള്‍ക്ക് ജോ ബൈഡനെയും മകനെയും വിമര്‍ശിച്ചുകൊണ്ടുള്ള ഈ ലേഖനം ട്വിറ്ററില്‍ പങ്കുവെക്കാന്‍ സാധിക്കും. 

ബൈഡന്റെ മകന്‍ ഹണ്ടര്‍ ബൈഡനും ഒരു ഉക്രേനിയന്‍ കമ്പനിയും തമ്മിലുള്ള അവിശുദ്ധബന്ധം ആരോപിച്ചുകൊണ്ടുള്ള ലേഖനത്തിനൊപ്പം അതുമായി  ബന്ധപ്പെട്ട ചില ഇമെയില്‍ സന്ദേശങ്ങളും പുറത്തുവിട്ടിരുന്നു. എന്നാല്‍ ഹാക്ക് ചെയ്ത സ്വകാര്യ വിവരങ്ങള്‍ അടങ്ങുന്ന ഉള്ളടക്കങ്ങള്‍ പങ്കുവെക്കുവാന്‍ പാടില്ലെന്ന കമ്പനി ചട്ടം ചൂണ്ടിക്കാട്ടിയാണ് ട്വിറ്റര്‍ ലേഖനം ബ്ലോക്ക് ചെയ്തത്. ഇതില്‍ പുറത്തുവിട്ട ഇമെയിലുകളുടെ ചിത്രങ്ങളും ബ്ലോക്ക് ചെയ്തിരുന്നു.

ഉപയോക്താക്കളും പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപും ഇതിനെതിരെ രംഗത്തുവന്നതോടെ ട്വിറ്റര്‍ വലിയ രാഷ്ട്രീയ വിമര്‍ശനങ്ങള്‍ നേരിടേണ്ടി വന്നു. ഈ സാഹചര്യത്തിലാണ് ലേഖനം ഷെയര്‍ ചെയ്യുന്നതിന് അനുമതി നല്‍കിയത്. 

2018 ല്‍ ട്വിറ്റര്‍ കൊണ്ടുവന്ന ഹാക്ക്ഡ് മെറ്റീരിയല്‍സ് പോളിസി അടിസ്ഥാനമാക്കിയാണ് ബൈഡനെതിരായ ലേഖനങ്ങളും ഇമെയിലുകളും പ്രചരിക്കുന്നത് ട്വിറ്റര്‍ വിലക്കിയത്. എന്നാല്‍ ഇത് മാധ്യമപ്രവര്‍ത്തകരെയും വിവരങ്ങള്‍ പുറത്തുവിടുന്ന മറ്റുള്ളവരേയും ബാധിക്കുമെന്ന് ട്വിറ്റര്‍ നിരീക്ഷിച്ചു. ഈ സാഹചര്യത്തിലാണ് നയത്തില്‍ മാറ്റം വരുത്താന്‍ ട്വിറ്റര്‍ തയ്യാറായത്. 

വിശദീകരണമില്ലാതെ ലേഖനത്തിന്റെ യൂആര്‍എല്‍ ബ്ലോക്ക് ചെയ്തത് ശരിയായില്ലെന്ന് ട്വിറ്റര്‍ മേധാവി ജാക്ക് ഡോര്‍സി സമ്മതിച്ചിരുന്നു. പിന്നാലെ വെള്ളിയാഴ്ച നയം തിരുത്തി ലേഖനം ട്വിറ്ററില്‍ അനുവദിച്ചു. 

ഫെയ്‌സ്ബുക്കും ഈ ലേഖനത്തിന്റെ പ്രചരണത്തിന് നിയന്ത്രണം ഏര്‍പ്പെടുത്തിയിരുന്നു. ലേഖനത്തില്‍ സ്ഥിരീകരിക്കാത്ത വിവരങ്ങളാണ് ഉള്ളതെന്ന് ചൂണ്ടിക്കാട്ടിയാണ് നിയന്ത്രിച്ചത്. എന്നാല്‍ വസ്തുതാ പരിശോധകര്‍ പരിശോധിച്ച ശേഷം നിയന്ത്രണം നീക്കിയേക്കും. 

Content Highlights: Twitter finally allows users to share NY Post story about Bidens