ഇലോൺ മസ്ക്| Photo: AP
ലോകത്തിലെ പല പ്രമുഖ ടെക് കമ്പനികളും കടുത്ത സാമ്പത്തിക പ്രതിസന്ധിയിലൂടെയാണ് കടന്നുപോകുന്നത്. ഫെയ്സ്ബുക്കും ട്വിറ്ററുമുള്പ്പടെയുള്ള കമ്പനികള്‍ ജീവനക്കാരെ കൂട്ടത്തോടെ പിരിച്ചുവിടുകയും ചെയ്തിരുന്നു.
ഇപ്പോഴിതാ ട്വിറ്ററിന്റെ പുതിയ തലവന്‍ ഇലോണ്‍ മസ്കിന്റെ ആസ്തിയില്‍ വന്‍ ഇടിവ് രേഖപ്പെടുത്തിയെന്നാണ് റിപ്പോര്‍ട്ടുകള്‍. ഒരു വര്‍ഷത്തിനിടെ ഏകദേശം 200 ബില്യണ്‍ ഡോളറിന്റെ ഇടിവാണ് മസ്കിന്റെ ആസ്തിയില്‍ ഉണ്ടായിരിക്കുന്നത്. ചരിത്രത്തില്‍ തന്നെ ആസ്തിയില്‍ ഇത്രയുമധികം ഇടിവുണ്ടാകുന്ന വ്യക്തി മസ്ക് ആണെന്നാണ് റിപ്പോര്‍ട്ടുകള്‍ വിശദമാക്കുന്നത്.
ബ്ലൂംബര്‍ഗിന്റെ റിപ്പോര്‍ട്ട് പ്രകാരം 2021 നവംബറില്‍ 340 ബില്യണ്‍ ഡോളറായിരുന്നു ഇലോണ്‍ മസ്കിന്റെ ആസ്തി. ആമസോണ്‍ സ്ഥാപകന്‍ ജെഫ് ബെസോസിന് ശേഷം 200 ബില്യണ്‍ ഡോളര്‍ ആസ്തി പിന്നിടുന്ന വ്യക്തി കൂടിയാണ് ഇലോണ്‍ മസ്ക്. ഇപ്പോള്‍ 132 ബില്യണ്‍ ഡോളറിലേയ്ക്ക് മസ്കിന്റെ ആസ്തി എത്തിയെന്നാണ് കണക്കുകള്‍ സൂചിപ്പിക്കുന്നത്.
ട്വിറ്റര്‍ ഏറ്റെടുത്തതും ടെസ്ലയുടെ ഓഹരിമൂല്യത്തിലുണ്ടായ ഇടിവുമാണ് ഇലോണ്‍ മസ്കിന് തിരിച്ചടിയായത്. നേരത്തെ ലോകത്തിലെ ഏറ്റവും സമ്പന്നന് എന്ന ഖ്യാതി ഇലോണ്‍ മസ്കിന് നഷ്ടമായിരുന്നു. ഫോബ്സ് റിപ്പോര്‍ട്ട് പ്രകാരം ഫ്രഞ്ച് ബിസിനസുകാരനും ഫാഷന്‍ രംഗത്തെ പ്രമുഖരായ എല്‍.വി.എം.എച്ചിന്റെ ചെയര്‍മാനുമായ ബെര്‍ണാഡ് അര്‍ണോള്‍ട്ട് ആണ് ഇപ്പോഴത്തെ ഏറ്റവും സമ്പന്നന്.
ഇലോണ്‍ മസ്കിന്മേലുള്ള വിശ്വാസം നഷ്ടപ്പെട്ടതാണ് ടെസ്ലയിലെ നിക്ഷേപം പിന്‍വലിക്കാന്‍ ആളുകളെ പ്രേരിപ്പിച്ചതെന്നാണ് റിപ്പോര്‍ട്ടുകള്‍ വ്യക്തമാക്കുന്നത്. ട്വിറ്ററിന്റെ മേധാവിയായി സ്ഥാനം ഏറ്റെടുത്ത ശേഷം മസ്കിന് മറ്റ് ബിസിനസുകളിലെ താത്പര്യം കുറഞ്ഞുവെന്നും ട്വിറ്ററില്‍ മാത്രമാണ് ശ്രദ്ധയെന്നും ആരോപണങ്ങള്‍ ഉയര്‍ന്നിരുന്നു.
മസ്ക് ഉള്‍പ്പടെയുള്ള ശതകോടീശ്വരന്മാര് ക്ഷീണിച്ചെങ്കിലും ബെര്‍ണാഡ് അര്‍ണോള്‍ട്ടിന്റെ ആസ്തിയില്‍ കുതിപ്പാണ് രേഖപ്പെടുത്തുന്നത്. ഏഴുപതോളം കമ്പനികളാണ് ബെര്‍ണാഡ് അര്‍ണോള്‍ട്ടും കുടുംബവും സ്വന്തമാക്കിയിട്ടുള്ളത്. മാര്‍ക്ക് ജേക്കബ്സ്, ലോറോ പിയാന ഉള്‍പ്പടെയുള്ള പ്രമുഖ ഫാഷന്‍ കമ്പനികള്‍ ഇതിലുള്‍പ്പെടും.
നേരത്തെയും അര്‍ണോള്‍ട്ട് മസ്കിനെ മറികടന്ന് സമ്പന്നന്മാരുടെ പട്ടികയില്‍ ഒന്നാമതെത്തിയെങ്കിലും നേരിയ വ്യത്യാസമേ ആസ്തിയില്‍ ഉണ്ടായിരുന്നുള്ളു. കുറഞ്ഞ സമയത്തിനുള്ളില്‍ മസ്ക് ഒന്നാം സ്ഥാനം തിരിച്ചുപിടിച്ചിരുന്നു. എന്നാല്‍ ഇപ്പോള്‍ ഇരുവരും തമ്മിലുള്ള ആസ്തിയില്‍ സാരമായ വ്യത്യാസമുണ്ട്. ഇക്കാരണം കൊണ്ടുതന്നെ കുറച്ചുനാള്‍ അര്‍ണോള്‍ട്ടിന്റെ ഒന്നാം സ്ഥാനത്തിന് മസ്കിന്റെ വെല്ലുവിളിയുണ്ടാകാന്‍ സാധ്യതയില്ല.
Content Highlights: twitter ceo Elon Musk becomes first ever person to lose $200 billion
ശാസ്ത്ര സാങ്കേതിക വിദ്യാ രംഗത്തെ കൂടുതല്‍ വാര്‍ത്തകള്‍ ടെലഗ്രാം വഴി അറിയാം ഗ്രൂപ്പില്‍ അംഗമാവൂ... ക്ലിക്ക് ചെയ്യൂ: https://t.me/technews_mbi
Also Watch
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..