ന്യൂയോര്‍ക്ക്: സാമൂഹികമാധ്യമങ്ങള്‍ വിലക്കേര്‍പ്പെടുത്തിയ യു.എസ്. മുന്‍ പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപ് സ്വന്തം സാമൂഹികമാധ്യമ സംവിധാനം തുടങ്ങുന്നു. ട്രൂത്ത് സോഷ്യല്‍ എന്നാണ് പുതിയ ആപ്പിന്റെ പേരെന്ന് ട്രംപ് പ്രഖ്യാപിച്ചു. ട്രംപിന്റെ ഉടമസ്ഥതയിലുള്ള ട്രംപ് മീഡിയ ആന്‍ഡ് ടെക്‌നോളജി ഗ്രൂപ്പാകും ആപ്പിന്റെ ഉടമസ്ഥര്‍.

അടുത്തമാസം ആപ്പിന്റെ ബീറ്റ പതിപ്പ് പുറത്തിറങ്ങും. അടുത്തവര്‍ഷം ആദ്യത്തോടെ പ്രവര്‍ത്തനങ്ങള്‍ രാജ്യമെങ്ങും വ്യാപിപ്പിക്കും. വാര്‍ത്തകള്‍, വിനോദപരിപാടികള്‍, പോഡ്കാസ്റ്റ് എന്നീ സേവനങ്ങളും ലഭ്യമാക്കാന്‍ ഉദ്ദേശിക്കുന്നതായി കമ്പനി വ്യക്തമാക്കി.

വന്‍കിട ടെക് കമ്പനികള്‍ക്ക് ബദലായാണ് ട്രൂത്ത് സോഷ്യലിന് തുടക്കംകുറിക്കുകയെന്ന് ട്രംപ് പറഞ്ഞു. താലിബാന് വലിയ സ്വാധീനമുള്ള ട്വിറ്ററാണ് ഇപ്പോഴുള്ളത്. എന്നാല്‍, ഇതുസംബന്ധിച്ച് യു.എസ്. പ്രസിഡന്റ് മൗനംപാലിക്കുകയാണെന്നും അദ്ദേഹം കുറ്റപ്പെടുത്തി.

കഴിഞ്ഞ ജനുവരിയില്‍ അമേരിക്കന്‍ പാര്‍ലമെന്റ് മന്ദിരത്തിനുനേരെയുണ്ടായ ആക്രമണത്തിനുകാരണമായ പരാമര്‍ശങ്ങള്‍ നടത്തിയെന്നാരോപിച്ചാണ് ട്വിറ്റര്‍ അടക്കമുള്ള സാമൂഹികമാധ്യമസംവിധാനങ്ങള്‍ ട്രംപിന് വിലക്കേര്‍പ്പെടുത്തിയത്.