കൊച്ചി: ട്രാൻസ്‌ജെൻഡർ സംരംഭകയായ തൃപ്തി ഷെട്ടി മൊബൈൽ ആപ്പുമായി രംഗത്ത്. സ്വന്തം കൈകളിൽ വിരിയുന്ന ആഭരണങ്ങളും ട്രാൻസ്‌ജെൻഡർ കമ്യൂണിറ്റിയിലുള്ളവർ നിർമിച്ചെടുക്കുന്ന കരകൗശല വസ്തുക്കളും വിൽക്കുന്നതിനായാണ് ആപ്പ് രംഗത്തിറക്കിയിരിക്കുന്നത്. ‘തൃപ്തി ഹാൻഡിക്രാഫ്റ്റ്‌സ്’ എന്ന പേരിലുള്ള ആപ്പ് ഗൂഗിൾ പ്ലേസ്റ്റോറിൽ മേയ് 13 മുതലാണ് ലഭ്യമായി തുടങ്ങിയത്. കേരളത്തിൽ ട്രാൻസ്‌ജെൻഡർ കമ്യൂണിറ്റിയിൽപ്പെടുന്ന ഒരാളുടെ ആദ്യത്തെ മൊബൈൽ ആപ്പാണിതെന്നാണ് തൃപ്തിയുടെ അവകാശവാദം.

ഹാൻഡ്‌മെയ്ഡ് ആഭരങ്ങൾ നിർമിച്ച് വിൽപ്പന നടത്തി ഉപജീവിനം നടത്തിയിരുന്ന തൃപ്തി, തന്റെ ബിസിനസ് രംഗം വികസിപ്പിക്കുന്നതിന്റെ ഭാഗമായി ‘മുദ്ര’ േലാൺ എടുത്തിരുന്നു. കേരളത്തിൽ ‘മുദ്ര ലോൺ’ നേടിയ ആദ്യ ട്രാൻസ്‌ജെൻഡറും തൃപ്തിയാണ്. വിവിധയിടങ്ങളിൽ എക്സിബിഷനിലൂടെ തന്റെ ഹാൻഡ്‌മെയ്ഡ് ആഭരണങ്ങൾ തൃപ്തി വിൽപ്പന നടത്തിയിരുന്നു. എന്നാൽ, എക്സിബിഷനിൽ പങ്കെടുക്കാൻ വേണ്ടിവരുന്ന ചെലവിനോടൊപ്പം, വരവില്ലാത്തത് വലിയ വെല്ലുവിളിയായി.

ഇതിനിടെ തൃപ്തിക്കായി കൊച്ചിയിലെ ഒരു സ്വകാര്യ കോളേജ് വെബ്‌സൈറ്റ് നിർമിച്ചുനൽകിയിരുന്നു. എന്നാൽ, വെബ്‌സൈറ്റിലൂടെ തൃപ്തിയുടെ ഉത്‌പന്നങ്ങൾക്ക് പ്രതീക്ഷിച്ച വിൽപ്പന ലഭിച്ചില്ല. ഇതോടെയാണ്, സ്വന്തമായി ആപ്പ് രംഗത്തിറക്കാൻ തൃപ്തി തീരുമാനിച്ചത്.

എന്നാൽ, ഈ സമയമാണ് ട്രാൻസ്‌ജെൻഡർ കമ്യൂണിറ്റിയിലുള്ളവർക്ക് തങ്ങളുടെ വസ്തുക്കൾ വിൽക്കാൻ പലയിടങ്ങളിലും പരിമിതിയുണ്ടെന്ന കാര്യം തൃപ്തിയുടെ ശ്രദ്ധയിൽപ്പെട്ടത്. ഇതോടെ തന്റെ ആപ്പിലൂടെ കമ്യൂണിറ്റിയിലുള്ളവരുടെ ഉത്‌പന്നങ്ങൾ കൂടി വിൽപ്പന നടത്താമെന്ന് തൃപ്തി തീരുമാനിക്കുകയായിരുന്നു.

ആപ്പിലൂടെ വിൽപ്പന നടത്തുന്ന ഓരോ ഉത്പന്നത്തിൽ നിന്നും ലഭിക്കുന്ന ലാഭത്തിൽ 10 രൂപ വീതം ശേഖരിച്ച്, ട്രാൻസ്‌ജെൻഡർ കമ്യൂണിറ്റിക്കും മറ്റ് അവശതനുഭവിക്കുന്ന വിഭാഗങ്ങൾക്കും കാരുണ്യ പ്രവർത്തനങ്ങൾ ചെയ്യാനുള്ള ആലോചനകളും നടക്കുന്നുണ്ടെന്നും തൃപ്തി പറഞ്ഞു.

കരകൗശല മേഖലയിൽ പ്രവർത്തനം നടത്തുന്ന സാധാരണക്കാർക്കും തന്റെ ആപ്പിലൂടെ അവരുടെ ഉത്‌പന്നങ്ങൾ വിൽക്കാനുള്ള സൗകര്യം ഒരുക്കുമെന്നാണ് തൃപ്തി പറയുന്നത്. സമൂഹമാധ്യമങ്ങളിൽ സജീവമായ ട്രാൻസ്‌ജെൻഡർ കമ്യൂണിറ്റി ഒത്തൊരുമിച്ചാൽ ആപ്പിന് മികച്ച സ്വീകാര്യത ലഭിക്കുമെന്നാണ് തൃപ്തിയുടെ പ്രതീക്ഷ.

കണ്ണൂർ സ്വദേശിയായ തൃപ്തി കൊച്ചിയിലാണ് ഏറക്കാലമായി താമസിക്കുന്നതും പ്രവർത്തിക്കുന്നതും. വിവാഹത്തിന് തയ്യാറെടുക്കുന്ന തൃപ്തിയുടെ അടുത്ത ലക്ഷ്യം കൊച്ചി നഗരത്തിൽ ‘തൃപ്തി ഹാൻഡിക്രാഫ്റ്റ്‌സി’ന് ഒരു ഷോപ്പാണ്.ട്രാൻസ്‌ജെൻഡർ സംരംഭക മൊബൈൽ ആപ്പുമായി രംഗത്ത്.

Content Highlights: transgender entrepreneur launches mobile app