Photo: Gettyimages
ട്രൂകോളര്‍ ആപ്പിന് സമാനമായ പുതിയ കോളര്‍ ഐഡി സംവിധാനമൊരുക്കാനുള്ള പദ്ധതിയുമായി ട്രായ്. ഫോണ്‍ നമ്പര്‍ എടുക്കുമ്പോള്‍ നല്കിയ കെ.വൈ.സി. രേഖകളിലെ പേര് ഫോണുകളില്‍ പ്രദര്‍ശിപ്പിക്കുന്ന പുതിയ സംവിധാനത്തിനുള്ള സാധ്യതകളാണ് ട്രായ് പരിശോധിക്കുന്നത്.
ഇതുമായി ബന്ധപ്പെട്ട ചര്‍ച്ചകള്‍ ആരംഭിക്കാന്‍ ടെലികോം വകുപ്പ് ട്രായിക്ക് നിര്‍ദേശം നല്‍കിയിട്ടുണ്ട്. വരുമാസങ്ങളില്‍ തന്നെ കൂടിയാലോചനകള്‍ ആരംഭിക്കുമെന്നാണ് പ്രതീക്ഷിക്കുന്നതെന്ന് ട്രായ് ചെയര്മാന് പിഡി വഗേല പറഞ്ഞു.
'ഇതിനുള്ള നിര്‍ദേശം മാത്രമാണ് ലഭിച്ചിട്ടുള്ളത്. അതിന് വേണ്ടിയുള്ള പ്രവര്‍ത്തനങ്ങള്‍ ഉടന്‍ ആരംഭിക്കും. ആരെങ്കിലും വിളിക്കുമ്പോള്‍ കെവൈസി അടിസ്ഥാനമാക്കിയായിരിക്കും പേര് കാണിക്കുക.' വഗേല പറഞ്ഞു.
ട്രൂകോളറിനേക്കാള്‍ കൂടുതല്‍ വിശ്വാസ്യത നല്‍കുന്നതായിരിക്കും പുതിയ സംവിധാനം. ഫോണ്‍ നമ്പര്‍ നല്കുമ്പോള് കമ്പനികള്‍ ശേഖരിച്ച രേഖകളിലെ പേരാണ് ഇതില്‍ കാണിക്കുക. നമ്പറിന്റെ യഥാര്‍ത്ഥ ഉടമയുടെ പേരായിരിക്കും ഇത്. ഓരോ വ്യക്തിയുടെയും ഫോണ്‍ കോണ്ടാക്റ്റ് ലിസ്റ്റ് മുഴുവന്‍ ശേഖരിച്ചെടുത്താണ് ട്രൂകോളര്‍ പോലുള്ള കോളര്‍ ഐഡി ആപ്പുകള്‍ പ്രവര്‍ത്തിക്കുന്നത്.
നിങ്ങളുടെ ഫോണ്‍ കോണ്ടാക്റ്റ് ലിസ്റ്റ് ചോരുന്നതും സ്വകാര്യ സേവനങ്ങള്‍ വന്‍തോതില്‍ ഡാറ്റ ശേഖരിക്കാന്‍ കഴിയുന്ന സാഹചര്യവും പുതിയ സംവിധാനത്തിന്റെ വരവോടെ ഇല്ലാതാവും. ഫോണ്‍ വഴിയുള്ള തട്ടിപ്പുകള്‍ ഇല്ലാതാക്കാന്‍ കെവൈസി ഉപയോഗിച്ചുള്ള കോളര്‍ ഐഡി സംവിധാനം സഹായിക്കുമെന്നും വിദഗ്ദര്‍ അഭിപ്രായപ്പെടുന്നുണ്ട്.
അതേസമയം, ഈ സംവിധാനം എന്തായിരിക്കുമെന്നും എങ്ങനെയായിരിക്കുമെന്നും ഇപ്പോള്‍ പറയാനാവില്ല. അത്തരം ഒരു ആശയം ട്രായിയുടെ പക്കല്‍ എത്തിയിട്ടേയുള്ളൂ. അത് ഇനിയും വികസിപ്പിച്ച് രൂപപ്പെടുത്തേണ്ടതുണ്ട്.
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..