ന്യൂഡല്‍ഹി: കുഞ്ഞിന് വീഡിയോ കാണാന്‍ കൊടുത്ത ഐഫോണ്‍ തെറ്റായ പാസ്‌കോഡ് ഉപയോഗിച്ചതു കാരണം 'ലോക്കാ'യത് 48 വര്‍ഷം. രണ്ടുവയസുകാരന്‍ ഒപ്പിച്ച വികൃതി കാരണം ഫോണില്‍ ശേഖരിച്ചുവച്ചതെല്ലാം നഷ്ടമാകുമെന്ന പേടിയിലാണ് ഷങ്ഹായ് സ്വദേശി ലു. 
 
വിദ്യാഭ്യാസ സംബന്ധമായ വീഡിയോ കാണാനാണ് ലു മകന് ഐഫോണ്‍ നല്‍കിയത്. മകന്‍ പലതവണ തെറ്റായ പാസ്‌കോഡ് ഉപയോഗിച്ചു ലോക്ക് തുറക്കാന്‍ ശ്രമിച്ചു. അതോടെ രണ്ടരക്കോടി മിനുട്ട്, അഥവാ 48 വര്‍ഷത്തേക്ക് ഫോണ്‍
തുറക്കാനാവില്ലെന്ന സന്ദേശം സ്‌ക്രീനില്‍ തെളിഞ്ഞു.
 
ഫോണുമായി ആപ്പിള്‍ സ്റ്റോറിലെത്തിയ ലുവിന് മുന്നില്‍ രണ്ടുവഴിയേ ഉണ്ടായിരുന്നുള്ളൂ. ഒന്നുകില്‍ ഫോണ്‍ ഫാക്ടറി റീസെറ്റ് ചെയ്യുക. അല്ലെങ്കില്‍ 48 വര്‍ഷം കാത്തിരിക്കുക! ഫോണ്‍ റീസെറ്റ് ചെയ്താല്‍ അതില്‍ ശേഖരിച്ചുവെച്ചതെല്ലാം നഷ്ടമാകും. അതിനാല്‍ ആ വഴിക്ക് നീങ്ങേണ്ട എന്നാണ് ലു വിന്റെ തീരുമാനമെന്ന് മാധ്യമങ്ങളെ ഉദ്ധരിച്ച് സീ ന്യൂസ് റിപ്പോര്‍ട്ട് ചെയ്യുന്നു.
 
ഒന്നുമുതല്‍ അഞ്ചു തവണ വരെ തെറ്റായ പാസ്‌കോഡ് ഉപയോഗിച്ചാല്‍ ചുവന്ന അക്ഷരത്തില്‍ മുന്നറിയിപ്പു തരും. ആറാമത്തെ തവണ തെറ്റായ പാസ്‌കോഡ് അടിച്ചാല്‍ ഒരു മിനുട്ട് കാത്തിരുന്ന ശേഷം വീണ്ടും 'ട്രെ' ചെയ്യാന്‍ പറയും. ഏഴാം തവണയും ഇത് തുടര്‍ന്നാല്‍ ഫോണ്‍ 'ഡിസ്ഏബിള്‍' ചെയ്തുവെന്നു പറയും, വീണ്ടും അഞ്ചുമിനിട്ട് കാത്തിരിക്കണം. എട്ടാം തവണയാണെങ്കില്‍ 15 മിനിട്ട് കാത്തിരുന്ന ശേഷം വീണ്ടും പാസ്‌കോഡ് ഉപയോഗിക്കാം. ഒമ്പതാം തവണയും ഇത് തുടര്‍ന്നാല്‍ ഒരുമിനുട്ട് നേരത്തേക്ക് ഫോണ്‍ ഉപയോഗിക്കാന്‍ കഴിയില്ല. ഫോണില്‍ പത്താം തവണയും തെറ്റായ പാസ്‌കോഡ് ഉപയോഗിച്ചാല്‍ തുറക്കണമെങ്കില്‍ ഐട്യൂണ്‍സുമായി കണക്ട് ചെയ്യേണ്ടിവരും.