സാൻഫ്രാൻസിസ്കോ: ടിക് ടോക്കിൽ നിന്നും പ്രചോദനം ഉൾക്കൊണ്ട് തയ്യാറാക്കിയ ഇൻസ്റ്റാഗ്രാമിന്റെ പുതിയ വീഡിയോ-മ്യൂസിക് റീമിക്സ് ഫീച്ചറായ റീൽസ് കൂടുതൽ രാജ്യങ്ങളിലേക്ക് എത്തിച്ചു. ഫ്രാൻസ്, ജർമനി എന്നിവിടങ്ങളിലേക്കാണ് റീൽസ് ഫീച്ചർ എത്തിച്ചത്.

ബ്രസീലിലാണ് ഇൻസ്റ്റാഗ്രാം റീൽസ് സൗകര്യം ആദ്യമായി അവതരിപ്പിച്ചത്. റീൽസ് വീഡിയോകൾ ഇൻസ്റ്റാഗ്രാം ഫീഡിൽ പങ്കുവെക്കാനാവും. 15 സെക്കൻഡ് ദൈർഘ്യമുള്ള വീഡിയോകളാണ് റീൽസിൽ തയ്യാറാക്കാനാവുക. പശ്ചാത്തല ശബ്ദമോ പാട്ടുകളോ അതിൽ ചേർക്കാം.

ടിക് ടോക്കിലേത് പോലെ പാട്ടുകളുടെ വലിയ ശേഖരം റീൽസിലുണ്ടാവും. മറ്റുള്ളവരുടെ വീഡിയോകളിലെ ശബ്ദം ഉപയോഗിച്ചും സ്വന്തം വീഡിയോ നിർമിക്കാം.

ടിക് ടോക്ക് ഇൻസ്റ്റാഗ്രാമിനേക്കാൾ മുന്നേറിയെന്ന് ഫെയ്സ്ബുക്ക് മേധാവി മാർക്ക് സക്കർബർഗ് അടുത്തിടെ അഭിപ്രായപ്പെട്ടിരുന്നു. ഏറെക്കുറെ ഇൻസ്റ്റാഗ്രാമിലെ എക്സ്പ്ലോർ ഫീച്ചറിന് സമാനമാണ് ടിക് ടോക്കിന്റെ പ്രവർത്തനം എന്നും അദ്ദേഹം പറഞ്ഞു.

ഫെയ്സ്ബുക്കിന്റെ എക്സ്പിരിമെന്റൽ ആപ്പ് ഡിവിഷൻ വീഡിയോകൾ നിർമിക്കാനും സുഹൃത്തുക്കളുമായി പങ്കുവെക്കാനും സാധിക്കുന്ന 'കൊളാബ്' എന്ന ഐഓഎസ് ആപ്പ് പുറത്തിറക്കിയിരുന്നു.

ഇത് കൂടാതെ ടിക് ടോക്കിന് സമാനമായി നിർമിച്ച 'ലാസോ' എന്ന പ്രത്യേക ആപ്ലിക്കേഷനും ഫെയ്സ്ബുക്കിനുണ്ട്. ഇത് നിലവിൽ അമേരിക്കയിൽ മാത്രമാണ് ലഭിക്കുക.

അതേസമയം ഗൂഗിളിന്റെ ഉടമസ്ഥതയിലുള്ള യൂട്യൂൂബും 'ഷോർട്സ്' എന്ന പേരിൽ ടിക് ടോക്കിനെ പോലൊരു സേവനം ആരംഭിക്കാനൊരുങ്ങുകയാണ്. ഈ വർഷം അവസാനത്തോടെ അത് പുറത്തിറക്കിയേക്കാം.

Content Highlights:tiktok rival instagram reels to more countries