Tiktok app in appstore | Photo: Gettyimages
ടിക് ടോക്കിന് നിരോധനമേര്‍പ്പെടുത്തുന്ന യുഎസിലെ ആദ്യ സംസ്ഥാനമായി മാറാനൊരുങ്ങി മൊണ്ടാന. ചൈനീസ് ഉടമസ്ഥതയിലുള്ള സോഷ്യല്‍ മീഡിയാ പ്ലാറ്റഫോമായ ടിക് ടോക്കിന്റെ നിരോധനത്തിന് ബുധനാഴ്ച മൊണ്ടാന ഗവര്‍ണര്‍ ഗ്രെഗ് ജയന്‍ഫോര്‍ട്ട് അംഗീകാരം നല്‍കി. ജനുവരി ഒന്ന് മുതല്‍ നിരോധനം നിലവില്‍ വരും. ഇത് മൊണ്ടാനയിലെ ജനങ്ങളുടെ അവകാശലംഘനമാണെന്ന് ടിക് ടോക്ക് പ്രതികരിച്ചു.
ചൈനീസ് നിര്‍മിത ആപ്ലിക്കേഷനായതിനാല്‍ തന്നെ ആഗോളതലത്തില്‍ ടിക് ടോക്കിന്റെ വിശ്വാസ്യത ചോദ്യം ചെയ്യുകയാണ് ഭരണകൂടങ്ങള്‍. ഉപഭോക്താക്കളുടെ വിവരങ്ങള്‍ ടിക് ടോക്ക് ചൈനീസ് ഭരണകൂടത്തിന് കൈമാറുന്നുണ്ടോ എന്നതാണ് പ്രധാന ആശങ്ക. വിദേശ രാജ്യങ്ങളുമായി ചൈന മെച്ചപ്പെട്ട ബന്ധം നിലനിര്‍ത്താത്തതും ഈ ആശങ്കകള്‍ക്കിടയാക്കുന്നു. രാജ്യ സുരക്ഷാ ആശങ്കകളുന്നയിച്ച് നേരത്തെ തന്നെ ഇന്ത്യ ടിക് ടോക്കിന് സമ്പൂര്‍ണ നിരോധനം ഏര്‍പ്പെടുത്തിയിട്ടുണ്ട്. ഇത് ആദ്യമായാണ് യുഎസിലെ ഒരു സംസ്ഥാനം ടിക് ടോക്കിന് സമ്പൂര്‍ണ നിരോധനം ഏര്‍പ്പെടുത്തുന്നത്.
മൊണ്ടാനയിലെ ജനങ്ങളെ ചൈനീസ് രഹസ്യ നിരീക്ഷണത്തില്‍ നിന്ന് സംരക്ഷിക്കുന്നതിനാണ് തങ്ങള്‍ പ്രാമുഖ്യം കൊടുക്കുന്നതെന്ന് ഗവര്‍ണര്‍ ജയന്‍ഫോര്‍ട്ട് പറഞ്ഞു. നിരോധനത്തിനെതിരെ ടിക് ടോക്ക് കോടതിയെ സമീപിക്കുമെന്നാണ് പ്രതീക്ഷിക്കുന്നത്.
കഴിഞ്ഞയാഴ്ചയാണ് വ്യക്തിഗത ഉപകരണങ്ങളില്‍ നിന്ന് ടിക് ടോക്കിന് നിരോധനം ഏര്‍പ്പെടുത്തുന്നതിനുള്ള ബില്ല് 43 നെതിരെ 53 വോട്ടുകളുമായി പാസായത്. നിയമം പ്രാബല്യത്തില്‍ വരുന്നതോടെ മൊണ്ടാനയിലെ ഉപകരണങ്ങളില്‍ ലഭ്യമായ ആപ്പ് സ്റ്റോറുകളില്‍ ആപ്പ് ലഭ്യമാകുന്നത് നിയമലംഘനമാവും. അതേസമയം നിലവില്‍ ടിക് ടോക്ക് ഉപയോഗിക്കുന്നവരെ ഈ നിരോധനം ബാധിക്കുകയില്ല. മൊണ്ടാനയില്‍ പുതിയതായി ആര്‍ക്കും ആപ്പ് ഇന്‍സ്റ്റാള്‍ ചെയ്യാനാവില്ല. കഴിഞ്ഞ വര്‍ഷം തന്നെ സര്‍ക്കാര്‍ ഉപകരണങ്ങളില്‍ നിന്ന് ടിക് ടോക്ക് നീക്കാന്‍ മൊണ്ടാന തീരുമാനിച്ചിരുന്നു.
ടിക് ടോക്കിന് യുഎസില്‍ 15 കോടി ഉപഭോക്താക്കളുണ്ട്. കൗമാരക്കാര്‍ക്കിടയില്‍ ഏറ്റവും ജനപ്രീതിയിലുള്ള ആപ്പുകളില്‍ ഒന്നാണ് ടിക് ടോക്ക്. മൊണ്ടാനയില്‍ 10 ലക്ഷത്തിലേറെ ഉപഭോക്താക്കളുണ്ട്.
അതേസമയം മൊണ്ടാനയുടെ ഈ നീക്കം ടിക് ടോക്കിന് രാജ്യ വ്യാപക നിരോധനമുണ്ടായേക്കുമെന്ന സാധ്യത ഉയര്‍ത്തുന്നുണ്ട്. തങ്ങള്‍ ചൈനീസ് ഭരണകൂടത്തിന്റെ നിയന്ത്രണത്തിലല്ല എന്നാണ് കമ്പനി ആവര്‍ത്തിച്ച് പറയുന്നത് എങ്കിലും ഇത് അധികൃതര്‍ മുഖവിലയ്‌ക്കെടുക്കുന്നില്ല.
നിരോധന നിയമം ലംഘിക്കുന്ന കമ്പനികള്‍ക്കെതിരെയാണ് നടപടിയുണ്ടാവുക. ടിക് ടോക്ക് ഉപയോഗിക്കുന്ന മൊണ്ടാനയിലെ ജനങ്ങളെ പുതിയ നിയമം ബാധിക്കില്ല. നിയമം ലംഘിക്കുന്ന കമ്പനികള്‍ക്ക് 10,000 ഡോളര്‍ വരെ പിഴ ലഭിച്ചേക്കും. അതായത് ടിക് ടോക്ക് ഉപയോഗിക്കാന്‍ ഉപഭോക്താക്കളെ അനുവദിക്കുന്ന ആപ്പിള്‍, ഗൂഗിള്‍ പോലുള്ള കമ്പനികള്‍ക്കെതിരെ നടപടിയുണ്ടാവും.
Content Highlights: tiktok montana to become first US state to ban app
ശാസ്ത്ര സാങ്കേതിക വിദ്യാ രംഗത്തെ കൂടുതല്‍ വാര്‍ത്തകള്‍ ടെലഗ്രാം വഴി അറിയാം ഗ്രൂപ്പില്‍ അംഗമാവൂ... ക്ലിക്ക് ചെയ്യൂ: https://t.me/technews_mbi
Also Watch
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..