ആഗോളതലത്തില്‍ പലവിധ പ്രതിസന്ധി നേരിടുമ്പോഴും ജനപ്രീതിയുടെ കാര്യത്തില്‍ 2020-ലെ ഏറ്റവും മുന്നിലുള്ള ആപ്ലിക്കേഷനായി മാറി ടിക്ടോക്ക്. അനലറ്റിക്‌സ് സ്ഥാപനമായ ആപ്പ് ആനിയുടെ കണക്കനുസരിച്ച് അടുത്ത വര്‍ഷത്തോടെ നൂറ് കോടി പ്രതിമാസ സജീവ ഉപയോക്താക്കളുള്ള ആപ്പുകളുടെ പട്ടികയിലേക്ക് ടിക്ടോക്ക് പ്രവേശിക്കും.
ഏറ്റവും അധികം ഡൗണ്‍ലോഡ് ചെയ്ത ആദ്യ പത്ത് ആപ്ലിക്കേഷനുകളില്‍ ഫെയ്‌സ്ബുക്ക് ആപ്പുകളാണ് കൂടുതലും. ടിക്ടോക്കിന് പിന്നിലായി ഫെയ്‌സബുക്കും മൂന്നാമതായി വാട്‌സാപ്പും നാലാമതായി സൂം ആപ്ലിക്കേഷനും അഞ്ചാമതായി ഇന്‍സ്റ്റാഗ്രാമും ഇടം പിടിച്ചു. ഫെയ്‌സ്ബുക്ക് മെസഞ്ചര്‍ ആറാം സ്ഥാനത്താണ്. തൊട്ടുപിന്നാലെ ഗൂഗിള്‍ മീറ്റ്, സ്‌നാപ്ചാറ്റ്, ടെലഗ്രാം, ലൈക്കീ എന്നിവയും ഇടം പിടിച്ചു.
കോവിഡ് നിയന്ത്രണങ്ങളുടെ സാഹചര്യം കൊണ്ടാവണം മൊബൈല്‍ ഫോണുകളുടെ ഉപയോഗത്തില്‍ വലിയ വര്‍ധനവുണ്ടായിട്ടുണ്ട്. ഈ വര്‍ഷം ആന്‍ഡ്രോയിഡ് ഫോണുകളില്‍ ആളുകള്‍ ചിലവഴിക്കുന്ന സമയം 3,30,000 മണിക്കൂറുകളാണ്.
സ്ട്രീമിങ് ആപ്പുകളുടെ ഉപയോഗത്തില്‍ 40 ശതമാനം വര്‍ധനവുണ്ടായി. ഗെയിമിങ് ആപ്പുകളുടെ ഡൗണ്‍ലോഡ് 35 ശതമാനം വര്‍ധിച്ചു. ഗൂഗിള്‍ പ്ലേ സ്റ്റോറ്, ആപ്പിള്‍ ആപ്പ് സ്‌റ്റോര്‍ എന്നിവയില്‍ നിന്നുള്ള കണക്കുകളുടെ അടിസ്ഥാനത്തിലാണ് റിപ്പോര്‍ട്ട്.
ഫ്രീ ഫയര്‍ ആണ് 2020-ല്‍ ഏറ്റവും ഡൗണ്‍ലോഡ് ചെയ്യപ്പെട്ട ഗെയിം ആപ്ലിക്കേഷന്‍. ഇന്ത്യയില്‍ പബ്ജി നിരോധിക്കപ്പെട്ടതിന് പിന്നാലെ ഫ്രീഫയര്‍ ഡൗണ്‍ലോഡ് ചെയ്യുന്നവരുടെ എണ്ണത്തില്‍ വലിയ വര്‍ധനവുണ്ടായി. പബ്ജി മൊബൈല്‍ രണ്ട് സ്ഥാനം പിന്നോട്ട് പോയി.
2020-ല്‍ ഏറ്റവും കൂടുതല്‍ സമയം ആളുകള്‍ ചിലവഴിക്കുന്ന ആപ്ലിക്കേഷനുകളുടെ പട്ടികയില്‍ ടിന്റര്‍ ആണ് മുന്നില്‍. ടിക് ടോക്ക് രണ്ടാം സ്ഥാനത്തുണ്ട്. യൂട്യൂബ്, ഡിസ്‌നി പ്ലസ് ഹോട്ട്‌സ്റ്റാര്‍, ടെന്‍സെന്റ് വീഡിയോ, നെറ്റ്ഫ്‌ളിക്‌സ് എന്നിവയാണ് പിന്നിലുള്ളത്.
പ്രതിമാസ ഉപയോക്താക്കളുടെ എണ്ണത്തില്‍ ഫെയ്‌സ്ബുക്ക് ആണ് മുന്നില്‍. തൊട്ടുപിന്നാലെ വാട്‌സാപ്പും ഫെയ്‌സ്ബുക്ക് മെസഞ്ചറും ഇന്‍സ്റ്റാഗ്രാമും ഇടം പിടിച്ചു. ആമസോണ്‍, ട്വിറ്റര്‍, നെറ്റ്ഫ്‌ളിക്‌സ്, ടിക്ടോക്ക്, സ്‌പോട്ടിഫൈ, സ്‌നാപ്ചാറ്റ് എന്നിവ പിന്നിലുണ്ട്.
Content Highlights: tiktok is the most downloaded app in 2020 app annie report