ബംഗളുരു: കേന്ദ്രസര്‍ക്കാര്‍ ഉന്നയിച്ച ചോദ്യങ്ങള്‍ക്ക് വിശദീകരണം നല്‍കിയതായി ടിക് ടോക്ക് മേധാവി നിഖില്‍ ഗാന്ധി. തങ്ങള്‍ പ്രവര്‍ത്തിച്ചിരുന്ന കാലയളവിലുടനീളം ഡാറ്റാ സ്വകാര്യതയും സുരക്ഷാ മുന്‍കരുതലുകളും സംബന്ധിച്ചുള്ള പ്രാദേശിക നിയമങ്ങള്‍ പാലിക്കുന്നതിന് വ്യക്തമായ പ്രതിബദ്ധത കാണിച്ചിരുന്നുവെന്നും അദ്ദേഹം പറഞ്ഞു. 

കഴിഞ്ഞ മാസം കേന്ദ്രസര്‍ക്കാര്‍ നിരോധിച്ച 59 ചൈനീസ് ആപ്പുകളില്‍ ഒന്ന് ടിക് ടോക്ക് ആയിരുന്നു. ദേശസുരക്ഷാ കാരണങ്ങള്‍ മുന്‍നിര്‍ത്തിയായിരുന്നു നിരോധനം. നിരോധനത്തിന് പിന്നാലെ സുരക്ഷ, ഉടമസ്ഥത തുടങ്ങിയ വിഷയങ്ങളുമായി ബന്ധപ്പെട്ട് സര്‍ക്കാര്‍ ഈ ആപ്പുകളോട് വിശദീകരണം ചോദിച്ചിരുന്നു. 

ഏതെങ്കിലുമൊരു വിദേശ ഭരണകൂടത്തിന് ഇന്ത്യയിലുള്ള ഞങ്ങളുടെ ഉപയോക്താക്കളുടെ വിവരങ്ങള്‍ ഞങ്ങള്‍ കൈമാറിയിട്ടില്ല. ഇന്ത്യയുടെ അഖണ്ഡതയ്ക്ക് വിഘാതമാവുന്നവിധത്തില്‍ അത്തരം വിവരങ്ങള്‍ ഉപയോഗിച്ചിട്ടില്ല. ഭാവിയില്‍ വിവരങ്ങള്‍ ആവശ്യപ്പെട്ടാലും ഞങ്ങള്‍ അങ്ങനെ ചെയ്യില്ല - നിഖില്‍ ഗാന്ധി പറഞ്ഞു. 

ഭാവിയില്‍ ടിക് ടോക്ക് പ്ലാറ്റ്‌ഫോം തങ്ങളുടെ ഉപയോക്താക്കള്‍ക്ക് ലഭ്യമാക്കാനാവുമെന്ന പ്രതീക്ഷയില്‍ ഇന്ത്യന്‍ ഭരണ കൂടവുമായി തുടര്‍ന്നും സഹകരിച്ച് പ്രവര്‍ത്തിക്കും.

രാജ്യത്തെ കണ്ടന്റ് ക്രിയേറ്റര്‍മാരോട് ടിക് ടോക്ക് പ്രതിജ്ഞാബദ്ധമായിരിക്കുന്നുവെന്നും അവര്‍ക്ക് പ്രശസ്തി നല്‍കുന്നതിനൊപ്പം അവരുടെ ഉപജീവനം മെച്ചപ്പെടുത്താനും ടിക് ടോക്കിന് സാധിച്ചുവെന്നും അദ്ദേഹം പറഞ്ഞു.

Content Highlights: TikTok has submitted its response to the Government