ഇന്ത്യയിലെ ഇന്റര്‍നെറ്റ് കണക്ടിവിറ്റി വേഗം നാലിരട്ടിയായി ഉയരാന്‍ പോവുന്നു. ഇന്ത്യയുടെ മൂന്ന് സമുദ്രാന്തര്‍ കേബിള്‍ പദ്ധതികള്‍ ഉദ്ഘാടനത്തിനൊരുങ്ങുകയാണ്. 2 ആഫ്രിക്ക പേള്‍സ്, ഇന്ത്യ-ഏഷ്യ- എക്സ്പ്രെസ് (IAX), ഇന്ത്യ-യൂറോപ്പ്-എക്സ്പ്രസ് (IEX) എന്നിവയാണവ. ഇവ മൂന്നും ഈ വര്‍ഷം ഒക്ടോബറിനും അടുത്ത വര്‍ഷം മാര്‍ച്ചിനും ഇടയിലായി പ്രവര്‍ത്തനക്ഷമമാകുമെന്നാണ് വിവരം.
ഈ പദ്ധതികള്‍ യാഥാര്‍ത്ഥ്യമാവുന്നതോടെ നിലവിലുള്ള സമുദ്രാന്തര്‍ കേബിള്‍ സംവിധാനങ്ങളുടെ ശേഷിയുടെ നാല് മടങ്ങ് ശേഷി കൈവരിക്കാനാവും.
സമുദ്രത്തിനടിയിലൂടെ വന്‍കരകളെ ബന്ധിപ്പിക്കുന്ന ശക്തിയേറിയ ഒപ്റ്റിക്കല്‍ കേബിളുകളാണ് സബ് മറൈന്‍ കേബിളുകള്‍. ആഗോള തലത്തില്‍ അതിവേഗ ഡാറ്റാ കൈമാറ്റം സാധ്യമാക്കുന്നതിന് വേണ്ടിയാണിവ ഉപയോഗിക്കുന്നത്.
പദ്ധതികള്‍ പ്രവര്‍ത്തനക്ഷമമാവുന്നതോടെ ഇന്ത്യയുടെ ഡിജിറ്റല്‍ രംഗം കൂടുതല്‍ മെച്ചപ്പെടും. അതിവേഗ കണക്ടിവിറ്റിയും ആഗോള തലത്തിലുള്ള മെച്ചപ്പെട്ട ഡാറ്റാ കൈമാറ്റവും ഇന്ത്യയില്‍ സാധ്യമാവും.
ലോകത്തിലെ തന്നെ ഏറ്റവും വലിയ സമുദ്രാന്തര്‍ കേബിള്‍ സംവിധാനമായിരിക്കും 2ആഫ്രിക്ക കേബിള്‍ സംവിധാനം. 45000 കിലോമീറ്ററിലേറെ ദൈര്‍ഘ്യമുള്ള ഈ കേബിള്‍ വഴി സെക്കന്റില്‍ 180 ടെറാബൈറ്റ് ഡാറ്റ കൈമാറാന്‍ സാധിക്കും. 33 രാജ്യങ്ങളെയാണ് ഇത് ബന്ധിപ്പിക്കുന്നത്. ഭാരതി എയര്‍ടെലിന്റെ മുംബൈയിലുള്ള ലാന്‍ഡിങ് സ്റ്റേഷനാണ് അതിലൊന്ന്. ഭാരതി എയര്‍ടെല്‍, മെറ്റ, സൗദി ടെലികോം ഉള്‍പ്പടെ വിവിധ കമ്പനികളുടെ നിക്ഷേപത്തിലാണ് പദ്ധതി.
IAX, IEX കേബിള്‍ പദ്ധതികളില്‍ ജിയോ, ചൈന മൊബൈല്‍ ഉള്‍പ്പടെ വിവിധ കമ്പനികളാണ് നിക്ഷേപകരായുള്ളത്. ഇവ യഥാക്രമം മുംബൈ, ചെന്നൈ എന്നിവിടങ്ങളിലാണ് എത്തിച്ചേരുക.
IEX ന് സെക്കന്റില്‍ 200 ടിബിയില്‍ ഏറെ ഡാറ്റ കൈമാറാനുള്ള ശേഷിയുണ്ട്. 9775 കിമീ ആണ് ദൈര്‍ഘ്യം. IAX നും സെക്കന്റില്‍ 200 ടിബിയില്‍ ഏറെ ഡാറ്റ കൈമാറാന്‍ സാധിക്കും. മുംബൈ, സിംഗപൂര്‍, മലേഷ്യ, തായ്ലാന്ഡ്, ശ്രീലങ്ക എന്നിവിടങ്ങളെ ബന്ധിപ്പിക്കുന്ന ഈ കേബിള്‍ ശൃംഖലയ്ക്ക് 16000 കിമീ ദൈര്‍ഘ്യമുണ്ട്.
2023 ലെ കണക്കനുസരിച്ച് 17 അന്താരാഷ്ട്ര സമുദ്രാന്തര്‍ കേബിളുകള്‍ ഇന്ത്യയിലെ അഞ്ച് നഗരങ്ങളിലായി 14 സ്റ്റേഷനുകളില്‍ എത്തിച്ചേരുന്നുണ്ട്. ഇവയുടെ പരമാവധി ഡാറ്റാ കൈമാറ്റ ശേഷി സെക്കന്റില്‍ 138.55 ടിബിയും ആക്ടിവേറ്റഡ് കപ്പാസിറ്റി സെക്കന്റില്‍ 111.11 ടിബി ആണ്.
Content Highlights: subsea cable project, undersea cable project, tech news
Published: 23 Aug 2024, 02:32 pm IST
Related Topics
മാതൃഭൂമി.കോം വാട്സാപ്പിലും
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..



Most Commented