ടെസ് ല കാറുകള്‍ ഇന്ത്യയില്‍ അവതരിപ്പിക്കുന്നതിന് ഇനിയും പ്രതിസന്ധികള്‍ ഏറെയുണ്ടെന്ന് ഇലോണ്‍ മസ്‌ക്. ഇന്ത്യയില്‍ ടെസ് ലയുടെ ഇലക്ട്രിക്ക് കാറുകള്‍ എപ്പോള്‍ അവതരിപ്പിക്കുമെന്ന ചോദ്യങ്ങള്‍ക്ക് ട്വിറ്ററിലൂടെ മറുപടി നല്‍കുകയായിരുന്നു മസ്‌ക്.

കഴിഞ്ഞ വര്‍ഷം തന്നെ ഇന്ത്യയില്‍ ടെസ് ല കാറുകള്‍ ഇറക്കുമതി ചെയ്ത് വില്‍പനയ്‌ക്കെത്തിക്കാന്‍ കമ്പനിയ്ക്ക് പദ്ധതിയുണ്ടായിരുന്നു. എന്നാല്‍ ലോകത്തില്‍ തന്നെ ഏറ്റവും കൂടുതല്‍ നികുതി ഈടാക്കുന്ന രാജ്യങ്ങളിലൊന്നാണ് ഇന്ത്യ. 

കാര്‍ ഇറക്കുമതി ചെയ്യുന്നതിന് നികുതി ഇളവുകള്‍ ലഭിക്കുന്നതിനുള്ള ശ്രമത്തിലായിരുന്നു കമ്പനി. ഒക്ടോബറില്‍ കമ്പനി തങ്ങളുടെ ആവശ്യങ്ങള്‍ പ്രധാനമന്ത്രി നരേന്ദ്ര മോദിയെ അറിയിക്കുകയും ചെയ്തു. 

സര്‍ക്കാരുമായി ബന്ധപ്പെട്ട് നിരവധി വെല്ലുവിളികള്‍ പരിഹരിക്കാനുള്ള ശ്രമത്തിലാണെന്നാണ് മസ്‌ക് പറയുന്നത്. എന്നാല്‍ ഈ വെല്ലുവിളികള്‍ എന്തെല്ലാമാണെന്ന് കമ്പനി വ്യക്തമാക്കിയില്ല.

39,990 (29,53,225 രൂപ) ഡോളര്‍ ആണ് ടെസ്ല മോഡല്‍ 3 കാറിന് വില. ഇത് അമേരിക്കയിലുള്ളവര്‍ക്ക് താങ്ങാനാവുമെങ്കിലും ഇറക്കുമതി നികുതി കൂടി ചേരുന്ന വില താങ്ങാന്‍ ഇന്ത്യന്‍ വിപണിക്ക് സാധിക്കണമെന്നില്ല. അങ്ങനെ വരുമ്പോള്‍ ടെസ് ല കാറിന് ഏകദേശം 60 ലക്ഷം രൂപയോളം വില വരും.  

പ്രീമിയം ഇലക്ട്രിക് വാഹനങ്ങള്‍ക്ക് ഇന്ത്യന്‍ വിപണിയില്‍ ഇനിയും കാര്യമായ സ്ഥാനമുറപ്പിക്കാന്‍ സാധിച്ചിട്ടില്ല. മുഖ്യമായും അതിനുള്ള അടിസ്ഥാന സൗകര്യങ്ങളുടെ അപര്യാപ്തത തന്നെയാണ്. രാജ്യത്ത് വില്‍ക്കുന്ന 24 ലക്ഷം കാറുകളില്‍ 5000 എണ്ണം മാത്രമാണ് ഇലക്ട്രിക് കാറുകള‍െന്നും അതില്‍ വിരലിലെണ്ണാവുന്ന അത്രയും മാത്രമേ ആഡംബര വാഹനങ്ങളുള്ളൂ എന്നും ഗാഡ്‌ജെറ്റ് 360 റിപ്പോര്‍ട്ടില്‍ പറയുന്നു. 

40,000 ഡോളറില്‍ (30 ലക്ഷം) കൂടുതല്‍ വിലയുള്ള കാറുകള്‍ക്ക് ഇന്‍ഷുറന്‍സും ചരക്കുനീക്ക ചെലവും ഉള്‍പ്പടെ ഇന്ത്യ 100 ശതമാനം ഇറക്കുമതി തീരുവയാണ് ഈടാക്കുന്നത്. 40000 ഡോളറില്‍ താഴെയുള്ള കാറുകള്‍ക്ക് 60 ശതമാനമാണ് നികുതി. 

ഇന്ത്യന്‍ സര്‍ക്കാര്‍ ടെസ് ലയ്ക്ക് ഇറക്കുമതി തീരുവയില്‍ ഇളവുകളും മറ്റ് വാഗ്ദാനങ്ങളും നല്‍കാന്‍ തയ്യാറായേക്കും. എന്നാല്‍ ഇന്ത്യയില്‍ വെച്ച് വാഹനങ്ങള്‍ നിര്‍മിക്കാനായുള്ള നിക്ഷേപം നടത്തണമെന്ന നിബന്ധന സര്‍ക്കാര്‍ മുന്നോട്ട് വെച്ചേക്കും. മേക്ക് ഇന്‍ ഇന്ത്യയുടെ ഭാഗമായി അന്താരാഷ്ട്ര കമ്പനികള്‍ക്ക് അത്തരം ഇളവുകള്‍ നിലവില്‍ രാജ്യം നല്‍കുന്നുണ്ട്. 

ടെസ് ല കാറുകള്‍ക്ക് ഇന്ത്യയില്‍ ഏകദേശം 35 ലക്ഷം രൂപയുണ്ടാകുമെന്ന് കേന്ദ്ര ഗതാഗത മന്ത്രി നിതിന്‍ ഗഡ്കരി നേരത്തെ പറഞ്ഞിരുന്നു.