Photo: Telegram
ഒട്ടേറെ ആകര്‍ഷകമായ ഫീച്ചറുകളുമായി ടെലഗ്രാമില്‍ പ്രീമിയം സബ്സ്ക്രിപ്ഷന് സേവനം ആരംഭിച്ചു. 4 ജിബി ഫയല്‍ അപ്ലോഡ് ചെയ്യാനുള്ള സൗകര്യം, വേഗത്തില്‍ ഡൗണ്‍ലോഡ് ചെയ്യാനുള്ള സൗകര്യം, ശബ്ദസന്ദേശത്തെ ടെക്സ്റ്റ് ആക്കി കണ്‍വേര്‍ട്ട് ചെയ്യാനുള്ള സൗകര്യം ഉള്‍പ്പടെയുള്ള അധിക സേവനങ്ങളാണ് പ്രീമിയം സബ്സ്ക്രിപ്ഷനില്‍ ലഭിക്കുക. സാധാരണ ഉപഭോക്താവിന് ലഭിക്കാത്ത ഒട്ടേറെ സിവിശേഷ സൗകര്യങ്ങളാണ് പ്രീമിയം സബ് സ്ക്രിപ്ഷനിൽ ഉൾപ്പെടുത്തിയിട്ടുള്ളത്. @PremiumBot വഴിയാണ് പ്രീമിയം സബ്സ്ക്രിപ്ഷന് എടുക്കുക. ഒരു മാസത്തേക്ക് 349 രൂപ യാണ് നിരക്ക്.
എന്തൊക്കെയാണ് പ്രീമിയം സബ്സ്ക്രിപ്ഷനില്‍ ലഭിക്കുന്ന ഫീച്ചറുകള്‍
4ജിബി അപ്ലോഡ് ചെയ്യാനുള്ള സൗകര്യം
നിലവില്‍ സാധാരണ ഉപഭോക്താക്കള്‍ക്ക് അണ്‍ലിമിറ്റഡ് സ്റ്റോറേജും രണ്ട് ജിബി വരെയുള്ള സിംഗിള്‍ ഫയലുകള്‍ അപ്ലോഡ് ചെയ്യാനുള്ള സൗകര്യമാണുള്ളത്. പ്രീമിയം സബ്സ്ക്രിപ്ഷനില്‍ നാല് ജിബി വരെയുള്ള ഫയലുകള്‍ അപ് ലോഡ് ചെയ്ത് അയക്കാനാവും. പ്രീമിയം വരിക്കാര്‍ക്ക് മാത്രമെ 4ജിബി വരെയുള്ള ഫയലുകള്‍ അയക്കാന്‍ സാധിക്കൂ. എന്നാല്‍ ഇങ്ങനെ അയക്കുന്ന ഫയലുകള്‍ ആര്‍ക്കും ഡൗണ്‍ലോഡ് ചെയ്യാം.
അതിവേഗ ഡൗണ്‍ലോഡിങ്
സാധാരണ ഉപഭോക്താക്കള്‍ക്ക് ഫയലുകള്‍ ഡൗണ്‍ലോഡ് ചെയ്യാനാവുന്നതിനേക്കാള്‍ വേഗത്തില്‍ ഫയലുകള്‍ ഡൗണ്‍ലോഡ് ചെയ്യാന്‍ പ്രീമിയം ഉപഭോക്താക്കള്‍ക്ക് സാധിക്കും. ഉപഭോക്താക്കളുടെ ഇന്റര്‍നെറ്റ് വേഗം ഇതിനെ സ്വാധീനിക്കും.
ഇരട്ടിയാക്കിയ പരിധികള്‍
ടെലിഗ്രാമില്‍ പ്രീമിയം ഉപഭോക്താക്കള്‍ക്ക് ഒട്ടുമിക്ക ഫീച്ചറുകളുടെയും ഇരട്ടി ആനുകൂല്യം അനുഭവിക്കാന്‍ സാധിക്കും. പ്രീമിയം ഉപഭോക്താക്കള്‍ക്ക് 1000 ചാനലുകള്‍ ഫോളോ ചെയ്യാനും, 200 ചാറ്റുകള്‍ അടങ്ങുന്ന 20 ചാറ്റ് ഫോള്‍ഡറുകള്‍ ഉണ്ടാക്കാനും, ടെലഗ്രാം ആപ്പില്‍ നാലാമതൊരു അക്കൗണ്ട് ഉണ്ടാക്കാനും, പത്ത് ചാറ്റുകള്‍ മെയിന്‍ ലിസ്റ്റില്‍ പിന് ചെയ്യാനും പ്രീയപ്പെട്ട പത്ത് സ്റ്റിക്കറുകള്‍ സേവ് ചെയ്ത് വെക്കാനും ഒരു പ്രീമിയം ഉപഭോക്താവിന് സാധിക്കും.
ലിങ്ക് ഉള്‍പ്പെടുത്തിക്കൊണ്ടുള്ള ദൈര്‍ഘ്യമേറിയ ബയോ എഴുതാന്‍ പ്രീമിയം ഉപഭോക്താവിന് സാധിക്കും. അതുപോലെ മീഡിയ കാപ്ഷനുകളില്‍ കൂടുതല്‍ അക്ഷരങ്ങള്‍ ചേര്‍ക്കാന്‍ സാധിക്കും. 400 ഓളം ഫേവറിറ്റ് ജിഫുകള്‍, 20 പബ്ലിക് t.me ലിങ്കുകള്‍ തുടങ്ങിയ സൗകര്യങ്ങളും പ്രീമിയം ഉപഭോക്താവിന് ലഭിക്കും.
വോയ്സ് റ്റു ടെക്സ്റ്റ്
ശബ്ദ സന്ദേശങ്ങളെ ടെക്സ്റ്റ് ആക്കി മാറ്റി അത് വായിക്കാന്‍ നിങ്ങള്‍ക്ക് സാധിക്കും. ശബ്ദ സന്ദേശങ്ങള്‍ കേള്‍ക്കാന്‍ ആഗ്രഹിക്കാത്ത സമയത്ത് ഈ സൗകര്യം ഉപയോഗപ്പെടുത്താനാവും.
കിടിലന്‍ സ്റ്റിക്കറുകള്‍
ഫുള്‍ സ്ക്രീന്‍ അനിമേഷനുകളോട് കൂടിയ നിരവധി സ്റ്റിക്കറുകള്‍ പ്രീമിയം ഉപഭോക്താക്കള്‍ക്കായി ഉള്‍പ്പെടുത്തിയിട്ടുണ്ട്. പ്രീമിയം ഉപഭോക്താക്കള്‍ക്ക് മാത്രമേ ഇത് അയക്കാന്‍ സാധിക്കുകയുള്ളൂ. എന്നാല്‍ എല്ലാ ഉപഭോക്താക്കള്‍ക്കും ഇവ കാണാന്‍ സാധിക്കും. പ്രീമിയം സ്റ്റിക്കറുകള്‍ ഓരോ മാസവും ടെലഗ്രാമിലെ കലാകാരന്മാര് അപ്ഡേറ്റ് ചെയ്യുന്നതായിരിക്കും.
പ്രത്യേക റിയാക്ഷനുകള്‍
പ്രീമിയം ഉപഭോക്താക്കള്‍ക്ക് മാത്രമായി പ്രത്യേകം റിയാക്ഷനുകളും ലഭിക്കും. പത്തോളം പുതിയ ഇമോജികള്‍ ഇതിനായി ലഭിക്കും.
ചാറ്റ് മാനേജ് മെന്റ്
ഡിഫോള്‍ട്ട് ചാറ്റ് ഫോള്‍ഡര്‍ മാറ്റുന്നതുള്‍പ്പടെ ചാറ്റുകള്‍ കൈകാര്യം ചെയ്യയുന്നതിനുള്ള സൗകര്യങ്ങള്‍ പ്രീമിയം ഉപഭോക്താക്കള്‍ക്ക് ലഭിക്കും. പുതിയ ചാറ്റുകള്‍ ഓട്ടോമാറ്റിക് ആയി ആര്‍ക്കൈവ് ചെയ്യാനും മ്യൂട്ട് ചെയ്യാനും പ്രൈവസി സെക്യൂരിറ്റി സെറ്റിങിലൂടെ ഉപഭോക്താക്കള്‍ക്ക് സാധിക്കും.
ആനിമേറ്റഡ് പ്രൊഫൈല്‍ ചിത്രങ്ങള്‍
ഉപഭോക്താക്കള്‍ പ്രൊഫൈല്‍ ചിത്രത്തിന്റെ സ്ഥാനത്ത് നല്കിയ പ്രൊഫൈല്‍ വീഡിയോകള്‍ ആപ്പില്‍ ഉടനീളം പ്ലെ ചെയ്തുകൊണ്ടിരിക്കും. ചാറ്റ് ലിസ്റ്റിലും ചാറ്റുകള്‍ക്കുള്ളിലും പ്രൊഫൈല്‍ ചിത്രം കാണുന്നിടത്തെല്ലാം ഈ വീഡിയോ പ്ലേ ചെയ്തുകൊണ്ടിരിക്കും.
പ്രീമിയം ബാഡ്ജുകള്‍
പ്രീമിയം ഉപഭോക്താക്കള്‍ക്ക് അവരുടെ പേരിനൊപ്പം പ്രത്യേകം ബാഡ്ജുകൂടി ഉള്‍പ്പെടുത്താന്‍ സാധിക്കും. ഇത് മറ്റെല്ലാ അംഗങ്ങള്‍ക്കും കാണാന്‍ സാധിക്കും.
പ്രീമിയം ആപ്പ് ഐക്കണുകള്‍
പ്രീമിയം ഉപഭോക്താക്കള്‍ക്ക് ടെലഗ്രാം ആപ്പിന്റെ ഐക്കണ്‍ തന്നെ മാറ്റാന്‍ സാധിക്കും. ബോം സ്ക്രീനില്‍ വാള്പ്പേപ്പറിനും താല്പര്യങ്ങള്ക്കും അനുസരിച്ച് ആപ്പ് ഐക്കണ്‍ നിശ്ചയിക്കാന്‍ സാധിക്കും. പ്രീമിയം സ്റ്റാര്‍, നൈറ്റ് സ്കൈ, ടര്‍ബോ പ്ലെയിന്‍ തുടങ്ങിയ ഐക്കണുകള്‍ നല്‍കിയിട്ടുണ്ട്.
പരസ്യങ്ങള്‍ ഉണ്ടാവില്ല
ചില രാജ്യങ്ങളില്‍ പബ്ലിക് ചാനലുകളില്‍ സ്പോര്‍സര്‍ ചെയ്ത സന്ദേശങ്ങള്‍ കാണിക്കാറുണ്ട്. ഈ പരസ്യങ്ങളാണ് ടെലഗ്രാമിന്റെ പ്രവര്‍ത്തനത്തിന് വേണ്ട ചിലവുകള്‍ക്ക് സഹായിക്കുന്നത്. എന്നാല്‍ ഈ പരസ്യങ്ങള്‍ പ്രീമിയം ഉപഭോക്താക്കളെ കാണിക്കില്ല.
പ്രീമിയം ഫീച്ചറുകള്‍ അവതരിപ്പിച്ചെങ്കിലും സാധാരണ ഉപഭോക്താക്കള്‍ക്ക് ഇതുവരെ ലഭിച്ചിരുന്ന എല്ലാ സൗകര്യങ്ങളും തുടര്‍ന്നും ലഭിക്കുന്നതായിരിക്കും. എന്നാല്‍ ഇനി അവതരിപ്പിക്കാന്‍ പോവുന്ന പല പുതിയ ഫീച്ചറുകളും ആദ്യം എത്തുക പ്രീമിയം ഉപഭോക്താക്കള്‍ക്കും ചിലപ്പോള്‍ പ്രീമിയം ഉപഭോക്താക്കള്‍ക്ക് മാത്രമായും ആയിരിക്കും.
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..