ആഗോള തലത്തില്‍ ഫെയ്‌സ്ബുക്ക് സേവന ശൃംഖലയില്‍ തടസം നേരിട്ടപ്പോള്‍ തങ്ങള്‍ക്ക് ഏഴ് കോടിയിലേറെ പുതിയ ഉപഭോക്താക്കളെ കിട്ടിയെന്ന് ടെലഗ്രാം മേധാവി പാവെല്‍ ദുരോവ്. ആറ് മണിക്കൂറോളം നേരമാണ് വാട്‌സാപ്പ് ഉള്‍പ്പടെയുള്ള ഫെയ്‌സ്ബുക്കിന്റെ സേവനങ്ങള്‍ പ്രവര്‍ത്തനഹിതമായത്. 

കോണ്‍ഫിഗറേഷന്‍ മാറ്റുന്നതിലുണ്ടായ പിഴവാണ് തടസം നേരിടുന്നതിന് ഇടയാക്കിയത് എന്നാണ് ഫെയ്‌സ്ബുക്ക് പറയുന്നത്. 350 കോടിയോളം ഉപഭോക്താക്കളെ ഇത് വലച്ചു. 

ഒറ്റ ദിവസം കൊണ്ട് ഏഴ് കോടി 'അഭയാര്‍ത്ഥികളെ' സ്വീകരിച്ചുവെന്ന് പാവെല്‍ ദുരോവ് പറയുന്നു.ആളുകള്‍ കൂട്ടത്തോടെ സൈന്‍ അപ്പ് ചെയ്യാന്‍ ശ്രമിച്ചതിനെ തുടര്‍ന്ന് അമേരിക്കയില്‍ ചിലര്‍ക്കൊക്കെ ടെലഗ്രാമിന്റെ പ്രവര്‍ത്തന വേഗത കുറഞ്ഞതായി അനുഭവപ്പെട്ടിട്ടുണ്ടെന്നും എന്നാല്‍ കൂടുതല്‍ പേര്‍ക്കും സാധാരണപോലെ സേവനം ലഭ്യമായിട്ടുണ്ടെന്നും ദുരോവ് പറഞ്ഞു. 

അതേസമയം ചുരുക്കം ചില വന്‍കിട സേവനങ്ങളെ മാത്രം ആശ്രയിക്കുന്നതിന്റെ പരിണിതഫലമാണ് ഫെയ്‌സ്ബുക്ക് സേവനങ്ങള്‍ക്ക് തടസം നേരിട്ടപ്പോള്‍ ഉണ്ടായ പ്രതിസന്ധിയെന്ന് യൂറോപ്യന്‍ യൂണിയന്‍ ആന്റിട്രസ്റ്റ് മേധാവി മാര്‍ഗ്രെത് വെസ്റ്റേജര്‍ പറഞ്ഞു. കൂടുതല്‍ പേര്‍ ഈ രംഗത്തുണ്ടാവേണ്ടതുണ്ടെന്നും അവര്‍ പറഞ്ഞു. 

സ്വന്തമായി ഇന്റര്‍നെറ്റ് പ്ലാറ്റ്‌ഫോമുകളും സോഷ്യല്‍ നെറ്റ് വര്‍ക്കുകളും ഉണ്ടാവേണ്ടതിന്റെ ആവശ്യകത ഇത് വ്യക്തമാക്കുന്നുവെന്നാണ് ഈ സംഭവത്തില്‍ റഷ്യയുടെ പ്രതികരണം.