ന്യൂഡൽഹി: ഇന്റർനെറ്റ് സമത്വത്തിന് (നെറ്റ് ന്യൂട്രാലിറ്റി) അംഗീകാരം നൽകിയുള്ള ചട്ടങ്ങളും പുതിയ ടെലികോം നയവും ടെലികോം കമ്മിഷൻ അംഗീകരിച്ചു. ഇന്റർനെറ്റിലെ ഉള്ളടക്കം, സേവനങ്ങൾ എന്നിവ തടസ്സപ്പെടുത്തുകയോ നിയന്ത്രിക്കുകയോ ചെയ്യുന്നതിലും വേഗം കൂട്ടി നൽകുന്നതിലും നിന്ന് സേവനദാതാക്കളെ തടയണമെന്ന ടെലികോം നിയന്ത്രണ അതോറിറ്റി ഓഫ് ഇന്ത്യയുടെ (ട്രായി) ശുപാർശകളാണ് കമ്മിഷൻ ബുധനാഴ്ച അംഗീകരിച്ചത്.

എന്നാൽ, ഡ്രൈവർ വേണ്ടാത്ത കാർ, ടെലിമെഡിസിന്റെ കൂട്ടത്തിൽപ്പെട്ട റിമോട്ട് സർജറി തുടങ്ങിയ പുത്തൻ സേവനങ്ങളെ ഇന്റർനെറ്റ് സമത്വത്തിന്റെ പരിധിയിൽ നിന്ന് ഒഴിവാക്കി. സാധാരണയിലും കൂടുതൽ വേഗമേറിയ ഇന്റർനെറ്റ് ലഭ്യതയും മുൻഗണനയും ഇവയ്ക്ക് ആവശ്യമുണ്ട് എന്നതിനാലാണ് ഇത്.

ഇന്റർനെറ്റിലെ ഉള്ളടക്കവും സേവനവും എല്ലാവർക്കും ഒരുപോലെ ലഭ്യമാക്കണം എന്നതാണ് നെറ്റ് ന്യൂട്രാലിറ്റിയുടെ അടിസ്ഥാനതത്ത്വം. എല്ലാവർക്കും പെരുമാറാൻ കഴിയുന്ന തുറന്നയിടമാണ് ഇന്റർനെറ്റ് എന്നും അതിനാൽ, അതിലെ സേവനങ്ങൾക്ക് വിവേചനം പാടില്ലെന്നുമാണ് ട്രായി ശുപാർശകളിൽ പറഞ്ഞിരുന്നത്. പലതലങ്ങളിലായി നടന്ന നീണ്ട ചർച്ചകളിലൂടെ തയ്യാറാക്കിയ ശുപാർശകൾ ട്രായി, ഐ.ടി.-കമ്യൂണിക്കേഷൻ മന്ത്രാലയത്തിനു കൈമാറുകയായിരുന്നു.

ചില സേവനദാതാക്കളോട് വിവേചനം കാട്ടി ഇന്റർനെറ്റ് വേഗം കുറയ്ക്കുകയോ, തടയുകയോ ചെയ്യുന്നതിൽ നിന്ന് ഓപ്പറേറ്റർമാരെ തടയണം; ഇത്തരത്തിൽ വിവേചനം നടത്തുന്നതിലേക്ക് നയിക്കുന്ന കൂട്ടുകെട്ടുകളുണ്ടാക്കാൻ ഓപ്പറേറ്റർമാരെ അനുവദിക്കരുത് എന്നും ട്രായി പറഞ്ഞിരുന്നു. ഉള്ളടക്കം അനുവദിക്കുന്ന കാര്യത്തിൽ ഏതെങ്കിലും കമ്പനിയോട് സേവനദാതാവിന് പ്രത്യേക താത്പര്യമുണ്ടോ എന്ന വിവരം ലൈസൻസ് നൽകുന്നതിനുള്ള ചട്ടങ്ങളിൽ വിശദീകരിക്കാൻ വകുപ്പുണ്ടാകണമെന്നും ട്രായി ശുപാർശ ചെയ്തിരുന്നു.

എന്താണ് ഇന്റർനെറ്റ് സമത്വം

മൊബൈൽ, ഇന്റർനെറ്റ് സേവന ദാതാക്കൾ, സമൂഹികമാധ്യമ കമ്പനികൾ എന്നിവ ഇന്റർനെറ്റിന്റെ വേഗം, അതിലെ ഉള്ളടക്കം എന്നിവയുടെ കാര്യത്തിൽ മുൻഗണന ലഭിക്കാനായി പ്രവർത്തിക്കാൻ പാടില്ല എന്നതാണ് ഇന്റർനെറ്റ് സമത്വം എന്നതുകൊണ്ട് അർഥമാക്കുന്നത്. ചില സേവനങ്ങളോ വെബ്‌സൈറ്റുകളോ സൗജന്യമായി ലഭ്യമാക്കുന്നതരത്തിലുള്ള പ്ലാറ്റ്‌ഫോമുകൾ ഉണ്ടാക്കാനും പാടില്ല. സേവനദാതാക്കൾ പ്രത്യേക പരിഗണന വാഗ്ദാനം ചെയ്തോ, ലഭ്യമാക്കിയോ കുത്തകപിടിച്ചെടുക്കാനും പാടില്ല.