ശതകോടീശ്വരൻ ഇലോൺ മസ്കിന്റെ ഉടമസ്ഥയിലുള്ള ടെസ്ല ഇലക്ട്രിക്ക് വാഹനങ്ങൾ ഇന്ത്യയിൽ ഇറക്കുമതി ചെയ്യുന്നത് സംബന്ധിച്ച് കേന്ദ്ര സർക്കാരുമായി തർക്കങ്ങൾ തുടരുന്നതിനിടയിൽ ടെസ്ലയെ ഇന്ത്യയിലേക്ക് സ്വാഗതം ചെയ്ത് വിവിധ സംസ്ഥാന മന്ത്രിമാർ ഉൾപ്പെടെയുള്ള പ്രമുഖർ.
വാഹന നിർമ്മാണത്തിനും അനുബന്ധ പ്രവർത്തികൾക്കുമുള്ള സഹായ വാഗ്ദാനങ്ങൾ പ്രഖ്യാപിച്ചുകൊണ്ട് തെലങ്കാന വ്യവസായ വാണിജ്യ മന്ത്രി കെ ടി രാമറാവു, മഹാരാഷ്ട്ര സംസ്ഥാന ജലവിഭവ മന്ത്രിയും എൻസിപി അധ്യക്ഷനുമായ ജയന്ത് പാട്ടീൽ, പഞ്ചാബ് കോൺഗ്രസ് അധ്യക്ഷൻ നവജ്യോത് സിംഗ് സിദ്ധു എന്നിവർ ഇതിനോടകം രംഗത്തെത്തി.
പ്രണയ് പത്തോൾ എന്ന ഉപയോക്താവ് ടെസ്ലയുടെ വാഹനങ്ങൾ എപ്പോൾ ഇന്ത്യൻ വിപണിയിലെത്തും എന്ന് ട്വീറ്റിലൂടെ ആരാഞ്ഞതിന് മറുപടിയായി സാമൂഹിക മാധ്യമങ്ങളിൽ സജീവമായ മസ്ക് "സർക്കാരിൽ നിന്ന് നേരിടുന്ന വെല്ലുവിളികൾ തരണം ചെയ്യാനുള്ള ശ്രമം തുടരുകയാണ്" എന്ന് മറുപടി നൽകിയിരുന്നു.ഈ മറുപടിക്ക് പിന്നാലെയാണ് തെലങ്കാന, പഞ്ചാബ് മന്ത്രിമാർ രംഗത്തെത്തിയത്.
"ഇന്ത്യയിലോ തെലങ്കാനയിലോ സ്ഥാപനങ്ങൾ തുടങ്ങുന്നതിനും നടത്തുന്നതിലും നേരിടുന്ന വെല്ലുവിളികൾ നേരിടുന്നതിൽ പങ്കാളിയാകാന്‍ സന്തോഷമുണ്ട്" എന്നായിരുന്നു തെലങ്കാന വ്യവസായ-വാണിജ്യ മന്ത്രി കെ.ടി. രാമറാവുവിന്റെ ട്വീറ്റ്. കൂടാതെ "സുസ്ഥിര സംരംഭങ്ങളിൽ സംസ്ഥാനം ഒരു വിജയിയും ഇന്ത്യയിലെ ഏറ്റവും മികച്ച ബിസിനസ്സ് ലക്ഷ്യസ്ഥാനവുമാണ് തെലങ്കാന" എന്നും അദ്ദേഹം കൂട്ടി ചേർത്തു.
തെലങ്കാന മന്ത്രിക്ക് പിന്നാലെ മഹാരാഷ്ട്ര സഹമന്ത്രി ജയന്ത് പാട്ടീലും സംസ്ഥാനത്ത് ഒരു നിർമ്മാണ പ്ലാന്റ് സ്ഥാപിക്കാൻ മസ്കിനെ ക്ഷണിച്ചു. "ഇന്ത്യയിലെ ഏറ്റവും പുരോഗമനപരമായ സംസ്ഥാനങ്ങളിലൊന്നാണ് മഹാരാഷ്ട്ര. ഇന്ത്യയിൽ പ്രവർത്തനങ്ങൾ സ്ഥാപിക്കുന്നതിന് ആവശ്യമായ എല്ലാ സഹായവും മഹാരാഷ്ട്രയിൽ നിന്ന് ഞങ്ങൾ നിങ്ങൾക്ക് ഒരുക്കി നൽകും. നിങ്ങളുടെ നിർമ്മാണ പ്ലാന്റ് മഹാരാഷ്ട്രയിൽ സ്ഥാപിക്കാൻ ഞങ്ങൾ നിങ്ങളെ ക്ഷണിക്കുന്നു" എന്നായിരുന്നു പാട്ടീലിന്റെ ട്വീറ്റ്.
"പഞ്ചാബ് മോഡൽ ലുധിയാനയെ ഇലക്ട്രിക് വാഹനങ്ങളുടെയും ബാറ്ററി വ്യവസായത്തിന്റെയും ഒരു കേന്ദ്രമായി സൃഷ്ടിക്കും, അത് പഞ്ചാബിലേക്ക് പുതിയ സാങ്കേതികവിദ്യ കൊണ്ടുവരികയും ഹരിത തൊഴിലവസരങ്ങൾ സൃഷ്ടിക്കുകയും പരിസ്ഥിതി സംരക്ഷണത്തിന്റെയും സുസ്ഥിര വികസനത്തിന്റെയും നടപ്പാതയുണ്ടാക്കുകയും ചെയ്യും" എന്നാണ് കോൺഗ്രസ് നേതാവ് നവജ്യോത് സിംഗ് സിദ്ദു തന്റെ പിന്തുണ ട്വിറ്ററിലൂടെ അറിയിച്ചത്.
കഴിഞ്ഞ വർഷം, മഹാരാഷ്ട്ര, തെലങ്കാന എന്നിവയ്ക്ക് പുറമെ കർണാടക, ഗുജറാത്ത്, ആന്ധ്രാപ്രദേശ്, തമിഴ്നാട് എന്നീ സംസ്ഥാനങ്ങൾ പ്ലാന്റ് സ്ഥാപിക്കുന്നതിനായി ടെസ്ലയുമായി ചർച്ചയിൽ ഏർപ്പെട്ടിരുന്നു. കമ്പനിയുടെ ഏഴ് കാറുകൾക്ക് ഉത്പാദനം ആരംഭിക്കുന്നതിന് ഔദ്യോഗിക അനുമതിയും ലഭിച്ചിരുന്നു. എന്നാൽ വിദേശ വാഹനങ്ങളുടെ സമ്പൂർണ്ണ നിർമ്മാണ യൂണിറ്റുകൾക്ക് ഇന്ത്യാ ഗവൺമെന്റ് ചുമത്തുന്ന ഉയർന്ന ഇറക്കുമതി തീരുവ ടെസ്ലയുടെ വാഹങ്ങളുടെയും മറ്റ് ഇലക്ട്രിക്ക് വാഹനങ്ങളുടെയും വിൽപ്പനയെ ബാധിക്കുമെന്ന് ടെസ്ല പരാതിപ്പെട്ടിരുന്നു.
Content Highlights : Telangana, Maharashtra, and Punjab invited Elon Musk to establish Tesla hub
ശാസ്ത്ര സാങ്കേതിക വിദ്യാ രംഗത്തെ കൂടുതല്‍ വാര്‍ത്തകള്‍ ടെലഗ്രാം വഴി അറിയാം ഗ്രൂപ്പില്‍ അംഗമാവൂ... ക്ലിക്ക് ചെയ്യൂ: https://t.me/technews_mbi
Also Watch
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..