വിവിധ കഴിവുകളില്‍ പരിശീലനം നല്‍കാന്‍ ടാലന്റ് അക്കാദമിയുമായി പ്രാണ ഇന്‍സൈറ്റ്. സിനിമ, സംഗീതം, നൃത്തം, ചിത്രരചന, കുക്കിങ്, ക്രാഫ്റ്റ് മേക്കിങ്, മാജിക്, ടാലി, ജിഎസ്ടി, 3ഡി, ആനിമേഷന്‍, അഗ്രികള്‍ചര്‍, ബിസിനസ്, മെന്റലിസം, വയറിങ്, പ്ലംബിങ് തുടങ്ങി വിവിധ മേഖലകളിലെ പ്രഗത്ഭരില്‍നിന്നുള്ള പരിശീലനമാണ് ടാലന്റ് അക്കാദമി വാഗ്ദാനം ചെയ്യുന്നത്. 

അതിപ്രഗത്ഭരായ വ്യക്തിത്വങ്ങള്‍ വര്‍ഷങ്ങള്‍ കൊണ്ട് നേടിയെടുത്ത അറിവുകളും അനുഭവങ്ങളും സാധാരണക്കാര്‍ക്കും പഠിക്കാന്‍ കഴിയുന്ന രീതിയില്‍ 499 രൂപയ്ക്ക് ലഭ്യമാക്കുക എന്നതാണ് ഈ പദ്ധതി വഴി ലക്ഷ്യമിടുന്നതെന്ന് എസ്.പി.സി. ചെയര്‍മാന്‍ എന്‍.ആര്‍. ജയ്‌മോന്‍ പറഞ്ഞു.

ഈ മാസം ആറിനു കൊച്ചി ലെ മെറിഡിയന്‍ ഹോട്ടലില്‍ സംഘടിപ്പിക്കുന്ന ചടങ്ങില്‍ വിദ്യാഭ്യാസ, സിനിമ, സാമൂഹിക, രാഷ്ട്രീയ മേഖലയിലുള്ള പ്രഗത്ഭര്‍ ചേര്‍ന്ന് പ്രാണ ഇന്‍സൈറ്റ് മൊബൈല്‍ ആപ്പ് ഔദ്യോഗികമായി അവതരിപ്പിക്കും.

ടാലന്റ് അക്കാദമി യോടൊപ്പം സ്റ്റേറ്റ് സിലബസിലെ എസ്.എസ്.എല്‍.സി., പ്ലസ് വണ്‍, പ്ലസ് ടു ക്ലാസുകള്‍ ഗ്രാഫിക്‌സിന്റെ സഹായത്തോടുകൂടി ലഭ്യമാക്കുന്ന ഇന്‍സൈറ്റ് ട്യൂഷന്‍ ആപ്ലിക്കേഷനും ഇതോടൊപ്പം പുറത്തിറക്കം. സി.ബി.എസ്.ഇ., ഐ.സി.എസ്.ഇ. സിലബസിലെയും സ്റ്റേറ്റ് സിലബസിലെയും ഒന്നു മുതല്‍ ഒമ്പത് വരെയുള്ള ക്ലാസ്സുകളുടെ ട്യൂഷന്‍ ആപ്ലിക്കേഷന്റെയും ജോലികള്‍ പുരോഗമിച്ചു കൊണ്ടിരിക്കുകയാണ്. 

ചലച്ചിത്ര മേഖലയിലെ മധു, അടൂര്‍ ഗോപാലകൃഷ്ണന്‍, ഷാജി എന്‍ കരുണ്‍, സാബു സിറില്‍, സന്തോഷ് ശിവന്‍, ഔസേപ്പച്ചന്‍, ഇന്നസെന്റ്, ശ്യാമപ്രസാദ്, അഴകപ്പന്‍, സംവിധായകന്‍ സിദ്ദിഖ്, പട്ടണം റഷീദ്, ദീപക് ദേവ്, റോഷന്‍ ആന്‍ഡ്രൂസ്, കോട്ടയം നസീര്‍, കലാഭവന്‍ സിനാജ്, അവതാരകൻ ജിപി, ഛായാഗ്രഹകന്‍ പി. സുകുമാര്‍, ഡബ്ബിംഗ് ആര്‍ട്ടിസ്റ്റ് ഭാഗ്യലക്ഷ്മി, പ്രസന്ന മാസ്റ്റര്‍, ഗോപിനാഥ് മുതുകാട്, മെന്റലിസ്റ്റ് നിഥിന്‍, രാജേഷ് ചേര്‍ത്തല,  നടൻ സമ്പത്ത്, യൂടൂബര്‍ ഫിറോസ് ചുട്ടിപ്പാറ, മുരളി മേനോന്‍, ലക്ഷ്മി പ്രിയ, കോസ്റ്റും ഡിസൈനര്‍ സമീറ സനീഷ്, ഡാന്‍സിറ്റി ശ്രീജിത്ത്, മധു ബാലകൃഷ്ണന്‍, കാര്‍ട്ടൂണിസ്റ്റ് ഇബ്രാഹിം ബാദുഷ തുടങ്ങി നീണ്ട നിരയാണ് പ്രാണ ഇന്‍സൈറ്റിനെ അറിവിന്റെ ഖനി ആക്കി മാറ്റുന്നതെന്ന് എസ്.പി.സി. മാനേജിങ് ഡയറക്ടര്‍ റിയാസ് കടവത്ത് പറഞ്ഞു.

2013 മുതല്‍ ജൈവകൃഷി മേഖലയില്‍ സ്വന്തമായി ഇടം രേഖപ്പെടുത്തിയ എസ്.പി.സി. ലിമിറ്റഡ് ആണ് പ്രാണ ഇന്‍സൈറ്റ് ലോകത്തിന് മുന്നില്‍ അവതരിപ്പിക്കുന്നത്. മഹാത്മാഗാന്ധി സര്‍വ്വകലാശാലയുമായി ചേര്‍ന്ന് നടത്തുന്ന ജൈവകൃഷി റിസര്‍ച്ചുകള്‍ കര്‍ഷകര്‍ക്ക് ഫലപ്രദമായി ഉപയോഗിക്കുന്നതിനും അവരുടെ കൃഷിയുമായി ബന്ധപ്പെട്ട പ്രശ്‌നങ്ങള്‍ക്ക് പരിഹാരം കാണുന്നതിനുമായി എസ്.പി.സി. പുറത്തിറക്കിയ എസ്.പി.സി. പ്രാണ എന്ന മൊബൈല്‍ ആപ്ലിക്കേഷനും ഇതിനകം തന്നെ കര്‍ഷകര്‍ക്കിടയില്‍ വലിയ ശ്രദ്ധ നേടി കഴിഞ്ഞിട്ടുണ്ട്. 

Content Highlights: talent academy prana insight