ഗൂഗിള്‍ ഡ്രൈവ് വഴി നിയമവിരുദ്ധ സോഫ്റ്റ്വെയറുകള്‍, വ്യാജസിനിമകള്‍, ഗെയിമുകള്‍, പോണ്‍ ഉള്ളടക്കങ്ങള്‍ എന്നിവ പ്രചരിക്കുന്നതിനെതിരെ കര്‍ശന നടപടിയെടുക്കുമെന്ന് ഗൂഗിള്‍. ഈ പ്രശ്‌നം ഗുരുതരമായെടുക്കുന്നുവെന്നും അത് പോളിസി ലംഘനമാണെന്നും ഗൂഗിള്‍ പറഞ്ഞു. 

ഇത്തരം നിയമവിരുദ്ധ ഉള്ളടക്കങ്ങള്‍ സൈബര്‍ കുറ്റവാളികള്‍ സൗജന്യമായി ഡ്രൈവില്‍ ശേഖരിക്കുന്നുണ്ടെന്നും വക്തിഗത അക്കൗണ്ടുകളില്‍ പരസ്യമാക്കിവെച്ച ഇത്തരം ഫയലുകളുടെ ലിങ്കുകളില്‍ പലതും ഗൂഗിള്‍ സെര്‍ച്ചില്‍ തന്നെ ലഭ്യമാണെന്നും ഐഎഎന്‍എസ് റിപ്പോര്‍ട്ട് ചെയ്തിരുന്നു. 

മാല്‍വെയര്‍, കോപ്പിറൈറ്റുള്ള ഉള്ളടക്കങ്ങള്‍, ലൈംഗികത തുറന്നുകാണിക്കുന്ന ഉള്ളടക്കങ്ങള്‍ എന്നിവ വിതരണം ചെയ്യുന്നത് തടയുന്നതിന് ഡ്രൈവിന് വ്യക്തമായ പോളിസികള്‍ ഉണ്ടെന്ന് ഗൂഗിള്‍ വക്താവ് പറഞ്ഞു. 

ഇങ്ങനെയുള്ള ആയിരക്കണക്കിന് ഫയലുകള്‍ സിപ്പ് ചെയ്ത് കംപ്രസ് ആക്കി അയക്കപ്പെടുന്നുണ്ടെന്ന് സൈബര്‍ സുരക്ഷാ ഗവേഷകനായ രാജ്‌ശേഖര്‍ രാജഹരിയ പറഞ്ഞു. ഉപയോക്താക്കള്‍ക്ക് ഫയലുകള്‍ ശേഖരിച്ചുവെക്കുന്നതിന് ഗൂഗിള്‍ ഒരുക്കിയിരിക്കുന്ന സൗകര്യമാണ് ഗൂഗിള്‍ ഡ്രൈവ്. വലിയ ഫയലുകള്‍ കൈമാറുന്നതിനും മറ്റുമായി ഇത് ഉപയോഗിക്കാവുന്നതാണ്. 

ഡ്രൈവില്‍ വ്യാജസിനിമകളുടെ ലിങ്ക് സൂക്ഷിക്കച്ചാല്‍ അത് ഗൂഗിള്‍ സെര്‍ച്ചില്‍ പ്രദര്‍ശിപ്പിക്കപ്പെട്ടേക്കാം. ഇത് ഉപയോക്താക്കളെ നിയമക്കുരുക്കിലാക്കിയേക്കും. അതിനാല്‍ ഗൂഗിള്‍ ഡ്രൈവില്‍ സൂക്ഷിക്കുന്ന ഉള്ളടക്കങ്ങള്‍ പ്രൈവറ്റ് ആക്കി സൂക്ഷിക്കുക.

Content Highlights: taking illegal explicit content on Drive very seriously Google