യക്കുമരുന്ന് കേസുമായി ബന്ധപ്പെട്ട് വിവിധ ബോളിവുഡ് മുന്‍നിര താരങ്ങള്‍ നാര്‍കോടിക്‌സ് കണ്‍ട്രോള്‍  ബ്യൂറോയുടെ നിരീക്ഷണത്തിലാണ്. നിരോധിത മരുന്നുകളുമായി ബന്ധപ്പെട്ട ചില വാട്‌സാപ്പ് ചാറ്റുകള്‍ ലഭിച്ചതിന്റെ അടിസ്ഥാനത്തിലാണ് ഇവര്‍ അന്വേഷണ സംഘത്തിന്റെ നോട്ടപ്പുള്ളികളായത്. ദീപികാ പദുകോണ്‍ അതിലൊരാളാണ്. സുശാന്ത് സിങ് രജ്പുത്തിന്റെ മരണം അന്വേഷിക്കുന്നവര്‍ക്ക് ഒരു പക്ഷെ ഇത് സഹായകമാണെങ്കിലും. വാട്‌സാപ്പ് ഉറപ്പുനല്‍കുന്ന സുരക്ഷയും, സ്വകാര്യതയും സബന്ധിച്ച് ഇത് ആശങ്ക ഉയര്‍ത്തുന്നുണ്ട്. 

ചാറ്റുകള്‍ക്കെല്ലാം വാട്‌സാപ്പ് എന്റ് റ്റു എന്റ് എന്‍ക്രിപ്ഷന്‍ ഉറപ്പുനല്‍കുന്നുണ്ട്. അതായത് രണ്ട് പേര്‍  തമ്മിലുള്ള ചാറ്റുകള്‍ ആ രണ്ട് പേര്‍ക്കല്ലാതെ വാട്‌സാപ്പിനോ മറ്റൊരാള്‍ക്കോ കാണാന്‍ സാധിക്കില്ല. ഇത് വാട്‌സാപ്പിലെ എല്ലാ ചാറ്റുകള്‍ക്കും ബാധകവുമാണ്. അതായത് ടെലിഗ്രാമിലെത് പോലെ സന്ദേശങ്ങള്‍ സുരക്ഷിതമാക്കാന്‍ പ്രത്യേകം ക്രമീകരണങ്ങള്‍ ഒന്നും ചെയ്യേണ്ടതില്ല.

എന്നിട്ടും ദീപിക പദുകോണും അവരുടെ മാനേജര്‍ കരിസ്മയും തമ്മിലുള്ള ചാറ്റ് എങ്ങനെ ഓണ്‍ലൈനില്‍ ലീക്കായി?. 

നിയമപരിപാലന ഏജന്‍സികള്‍ക്കും, സര്‍ക്കാര്‍ ഏജന്‍സികള്‍ക്കും വിവരങ്ങള്‍ കൈമാറുന്നത് സംബന്ധിച്ച് വാട്‌സാപ്പിന് പ്രത്യേകം ചട്ടങ്ങളുണ്ട്. അതിനനുസൃതമായി ഉപയോക്താക്കളുടെ അക്കൗണ്ട് സംബന്ധിച്ച വിവരങ്ങള്‍ ഏജന്‍സികള്‍ക്ക് കൈമാറും. കുറ്റകൃത്യങ്ങളുമായി ബന്ധപ്പെട്ട അന്വേഷണങ്ങള്‍ക്കായി അക്കൗണ്ടുകളുമായി ബന്ധപ്പെട്ട വിവരങ്ങള്‍ 90 ദിവസം വാട്‌സാപ്പ് സൂക്ഷിച്ച് വെക്കാറുണ്ട്. സര്‍ക്കാര്‍ ഏജന്‍സികള്‍ക്കല്ലാതെ മറ്റാര്‍ക്കും ഈ രീതിയില്‍  വിവരങ്ങള്‍ ശേഖരിക്കാനും സാധിക്കില്ല. എന്നാല്‍ ഉപയോക്താക്കളുടെ ചാറ്റുകള്‍ ഈ രീതിയില്‍ കൈമാറുകയില്ല. 

ദീപികയുടേയും മാനേജരുടേയും കേസില്‍ സംഭവിച്ചത് മറ്റൊന്നായിരിക്കാം എന്ന് ഇന്ത്യാ ടുഡേ റിപ്പോര്‍ട്ടില്‍  പറയുന്നു. സുശാന്ത് സിങ് രജ്പുതിന്റെ മുന്‍ ടാലന്റ് മാനേജരായ ജയാ സഹയില്‍ നിന്നാണ് എന്‍സിബി ദീപികയിലേക്ക് എത്തുന്നത്. ഇതിനിടെയാണ് ദീപികയും അവരുടെ മാനേജരും തമ്മില്‍ 2017-ല്‍ നടത്തിയ മയക്കുമരുന്നുമായി ബന്ധപ്പെട്ട വാട്‌സാപ്പ് ചാറ്റ് അന്വേഷണ സംഘത്തിന് ലഭിച്ചത്.

ഇത്  ഗൂഗിള്‍ ഡ്രൈവിലോ ആപ്പിള്‍ ഐക്ലൗഡിലോ ബാക്ക് അപ്പ് ചെയ്തുവെച്ച ചാറ്റ് ചോര്‍ന്നതായിരിക്കാം എന്നാണ് കരുതുന്നത്. വാട്‌സാപ്പ് ചാറ്റുകള്‍ക്ക് എന്റ് റ്റു എന്റ് എന്‍ക്രിപ്ഷന്‍ ഉറപ്പ് നല്‍കുന്നുണ്ടെങ്കിലും സന്ദേശം അയക്കുന്നയാളിന്റേയും സ്വീകര്‍ത്താവിന്റേയും ഫോണിലും അവരുടെ ഡ്രൈവിലും ബാക്ക് അപ്പ് ചെയ്യുന്ന ചാറ്റുകളുടെ സുരക്ഷിതത്വം വാട്‌സാപ്പ് ഉറപ്പ് നല്‍കുന്നില്ല. 

ഗൂഗിള്‍ ഡ്രൈവിലോ, ഐ ക്ലൗഡിലോ ബാക്ക് അപ്പ് ചെയ്ത ചാറ്റുകള്‍ ഏജന്‍സികള്‍ക്ക് കൈക്കലാക്കാനും വിദഗ്ദരുടെ സഹായത്തോടെ സന്ദേശങ്ങള്‍ വായിക്കാനും സാധിക്കും. ചാറ്റുകള്‍ വാട്‌സാപ്പില്‍ നിന്ന നീക്കം ചെയ്താലും ബാക്ക് അപ്പ് ചെയ്ത ചാറ്റുകള്‍ നീക്കം ചെയ്യപ്പെടില്ല. 

വാട്‌സാപ്പ് ചാറ്റുകള്‍ ചോര്‍ത്താനുള്ള ഏക എളുപ്പവഴി അത് സ്‌ക്രീന്‍ഷോട്ട് എടുക്കുക എന്നുള്ളതാണ്. എന്നാല്‍ ഫോണിന്റെ പാസ് വേഡും മറ്റ് വിവരങ്ങളും അറിയാതെ പുറത്തുനിന്നൊരാള്‍ക്ക് അത് അത്ര എളുപ്പമല്ല. ടെലഗ്രാം ആപ്പിലെ എന്‍ക്രിപ്റ്റഡ് ആയ സീക്രട്ട് ചാറ്റില്‍ സ്‌ക്രീന്‍ഷോട്ടുകളും എടുക്കാന്‍ സാധിക്കില്ല. ഈ സംവിധാനം കൂടി വാട്‌സാപ്പിലെത്തിയാല്‍ സ്‌ക്രീന്‍ഷോട്ട് എന്ന സാധ്യതയും ഇല്ലാതാവും. 

Content Highlights: sushant singh rajput drug case deepika padukone whatsapp chat leak