ഫേഷ്യല്‍ റെക്കഗ്നിഷ്യന്‍ സാങ്കേതികവിദ്യയുടെ ഉപയോഗത്തിന് താല്‍കാലിക നിരോധനം ഏര്‍പ്പെടുത്തണമെന്ന യൂറോപ്യന്‍ യൂണിയന്റെ നീക്കത്തെ പിന്തുണച്ച് ആല്‍ഫബെറ്റ് ചീഫ് എക്‌സിക്യൂട്ടീവ് ഓഫീസറായ സുന്ദര്‍ പിച്ചൈ. ഈ സാങ്കേതിക വിദ്യ ഹീനകൃത്യങ്ങള്‍ക്കായി ഉപയോഗിക്കപ്പെടാന്‍ സാധ്യതയുള്ളതിനാലാവാം ഒരു താല്‍കാലിക വിലക്കിനിയാക്കുന്നത് എന്ന് അദ്ദേഹം പറഞ്ഞു. ഇത് നേരിടാന്‍ ഭരണ കൂടങ്ങള്‍ നിയന്ത്രണങ്ങള്‍ കൊണ്ടുവരണമെന്നും ഇതിനൊരു ചട്ടക്കൂട് നിശ്ചയിക്കണമെന്നും അദ്ദേഹം പറഞ്ഞു.
ആര്‍ട്ടിഫിഷ്യല്‍ ഇന്റലിജന്‍സ് നിയന്ത്രിക്കപ്പെടേണ്ടതുണ്ട് എന്നതില്‍ തര്‍ക്കമില്ല. എന്നാല്‍ അതില്‍ നിയമ നിര്‍മാതാക്കള്‍ ശ്രദ്ധകാണിക്കണം. വിവേകപൂര്‍ണമായി നിയന്ത്രണം കൊണ്ടുവരണമെങ്കില്‍ ആനുപാതികമായ സമീപനം കൈക്കൊള്ളണം. ദോഷങ്ങള്‍ക്കൊപ്പം അതിന്റെ സാധ്യതകളും അവസരങ്ങളും പരിഗണിക്കപ്പെടണമെന്ന് സുന്ദര്‍ പിച്ചൈ ചൂണ്ടിക്കാട്ടി.
എന്നാല്‍ മൈക്രോ സോഫ്റ്റ് പ്രസിഡന്റ് ബ്രാഡ് സ്മിത്ത് നിരോധനത്തെ എതിര്‍ത്തു. നിരോധനത്തിന് പകരം സാധ്യമായ പകരം മാര്‍ഗങ്ങള്‍ സ്വീകരിക്കുകയായിരുന്നു വേണ്ടിയിരുന്നത്. ആദ്യം പ്രശ്‌നങ്ങള്‍ തിരിച്ചറിയണം. അതിന് ശേഷം നിയമങ്ങളുണ്ടാക്കണം. സാങ്കേതിക വിദ്യ മികച്ചതാക്കാന്‍ അത് ഉപയോഗിക്കുക എന്നത് തന്നെയാണ് ഒരേയൊരു മാര്‍ഗമെന്നും സ്മിത്ത് കൂട്ടിച്ചേര്‍ത്തു.
ഫേഷ്യല്‍ റെക്കഗ്നിഷന്‍ സാങ്കേതിക വിദ്യ ദുരുപയോഗം എങ്ങനെ തടയാം എന്ന് പരിശോധിക്കുന്നതിനുവേണ്ടി യൂറോപ്യന്‍ യൂണിയന്‍ സമയം അനുവദിക്കണമെന്നും അതിനായി ഈ സാങ്കേതിക വിദ്യയുടെ പൊതുവിടങ്ങളിലെ ഉപയോഗം അഞ്ച് വര്‍ഷം വരെ വിലക്കണം എന്നുമാണ് യൂറോപ്യന്‍ കമ്മീഷന്‍ മുന്നോട്ട് വെക്കുന്ന നിര്‍ദേശങ്ങളില്‍ ഒന്ന്.
യഥാര്‍ത്ഥ ദൃശ്യങ്ങളെ വെല്ലുന്ന വ്യാജ വീഡിയോകള്‍ ഉണ്ടാക്കാന്‍ സഹായിക്കുന്ന ഡീപ്പ് ഫെയ്ക്ക് പോലുള്ള സാങ്കേതിക വിദ്യകളാണ് ഫേഷ്യല്‍ റെക്കഗ്നിഷന്‍, ആര്‍ട്ടിഫിഷ്യല്‍ ഇന്റലിജന്‍സ് സാങ്കേതിക വിദ്യകള്‍ക്ക് ഭീഷണിയാവുന്നത്. അനുവാദമില്ലാതെയുള്ള നിരീക്ഷണം ഉള്‍പ്പടെയുള്ള ദുരുപയോഗങ്ങള്‍ ഭയക്കുന്നതിലാണ് ഈ സാങ്കേതിക വിദ്യയില്‍ നിയന്ത്രണം കൊണ്ടുവരാന്‍ അധികാരികള്‍ ശ്രമിച്ചുവരുന്നത്.
ശാസ്ത്ര സാങ്കേതിക വിദ്യാ രംഗത്തെ കൂടുതല്‍ വാര്‍ത്തകള്‍ ടെലഗ്രാം വഴി അറിയാം ഗ്രൂപ്പില്‍ അംഗമാവൂ... ക്ലിക്ക് ചെയ്യൂ: https://t.me/technews_mbi
Also Watch
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..