നിലവിലുള്ള മൊബൈല്‍ നമ്പറുകള്‍ ആധാറുമായി ബന്ധിപ്പിക്കുന്ന നടപടികള്‍ ഉടന്‍ നിര്‍ത്തിവെക്കണമെന്ന് ടെലികോം മന്ത്രാലയം കമ്പനികള്‍ക്ക് നിര്‍ദേശം നല്‍കി. സുപ്രീംകോടതി വിധിയുടെ അടിസ്ഥാനത്തിലാണ് നിര്‍ദേശം. അതേസമയം ആധാര്‍ കാര്‍ഡ് പകര്‍പ്പോ, ഇ-ആധാര്‍ ലെറ്ററോ ഉപയോക്താക്കള്‍ നല്‍കിയാല്‍ കമ്പനികള്‍ സ്വീകരിച്ചേക്കും. 

ഇതോടെ ആധാറില്‍ നിന്നുള്ള ബയോമെട്രിക് വിവരങ്ങള്‍ ശേഖരിക്കുന്നതിന് പകരം തിരിച്ചറിയല്‍ രേഖകളുടെ പകര്‍പ്പ് ഉപയോഗിച്ചുള്ള നടപടികളിലേക്ക് കമ്പനികള്‍ക്ക് തിരിച്ചുപോവേണ്ടി വരും. ആധാര്‍ തിരിച്ചറിയല്‍ പ്രക്രിയയ്ക്ക് പകരം പുതിയൊരു രീതി ഒക്ടോബര്‍ 15 ന് മുമ്പ് അവതരിപ്പിക്കാന്‍ യുണീക് ഐഡന്റിഫിക്കേഷന്‍ അതോറിറ്റി ഓഫ് ഇന്ത്യ കമ്പനികളോട് ആവശ്യപ്പെട്ടിരുന്നു. എന്നാല്‍ ഇതിന് കമ്പനികള്‍ കൂടുതല്‍ സമയം ആവശ്യപ്പെട്ടിട്ടുണ്ട്. 

ആധാര്‍ ഉപയോഗം നിര്‍ത്തണം എന്നാവശ്യപ്പെട്ടുകൊണ്ടുള്ള സുപ്രീംകോടതി ഉത്തരവ് നടപ്പിലാക്കിക്കൊണ്ടുള്ള റിപ്പോര്‍ട്ട് സമര്‍പ്പിക്കാനും ടെലികോം മന്ത്രാലയം കമ്പനികളോട് ആവശ്യപ്പെട്ടിട്ടുണ്ട്. 

സെപ്റ്റംബര്‍ 26ന് സര്‍ക്കാര്‍ സേവനങ്ങള്‍ക്ക് ആധാര്‍കാര്‍ഡ് നിര്‍ബന്ധമാക്കിയതിന്റെ ഭരണഘടനാ സാധുത ചോദ്യം ചെയ്തുകൊണ്ടുള്ള കേസിലാണ് സ്വകാര്യ കമ്പനികള്‍ക്ക് ആധാര്‍ വിവരങ്ങള്‍ നല്‍കരുതെന്നത് ഉള്‍പ്പടെയുള്ള ഉത്തരവുകള്‍ സുപ്രീം കോടതി പുറപ്പെടുവിച്ചത്.