ക്രിയാത്മകത മുഖമുദ്രയാക്കിയ ജീവിതം; സ്റ്റീവ് ജോബ്‌സ് ചരമവാര്‍ഷികം


Steve Jobs | Photo: Gettyimages

കമ്പ്യൂട്ടറുകളുടെയും മൊബൈല്‍ ഫോണുകളുടെയും ലോകത്തെ അടിമുടി മാറ്റിമറിച്ച ആപ്പിളിന്റെ സഹസ്ഥാപകനും മുന്‍ ചീഫ് എക്‌സിക്യുട്ടീവ് ഓഫീസറുമായ സ്റ്റീവ് ജോബ്‌സിന്റെ ചരമവാര്‍ഷികമാണ് ഒക്ടോബര്‍ അഞ്ച്.സ്വപ്നങ്ങളെയും തന്റെ ഹൃദയത്തെയും തോന്നലുകളെയും പിന്തുടരുന്നതിലൂടെ ഒരാള്‍ക്ക് ഈ ലോകത്തെ മാറ്റിമറിക്കാന്‍ പോന്ന കണ്ടെത്തലുകള്‍ സാധ്യമാക്കാമെന്ന് സ്വന്തം ജീവിതത്തിലൂടെ ജോബ്‌സ് തെളിയിച്ചു. അനാഥത്വവും അരക്ഷിതത്വവും കൂടപ്പിറപ്പായ ബാല്യമായിരുന്നു അദ്ദേഹത്തിന്റേത്. അരാജകത്വത്തിലേക്ക് വളര്‍ന്ന കൗമാരത്തിന്റെ ആകുലതകളെ പുതിയത് കണ്ടെത്താനുള്ള ആഗ്രഹത്തിന്റെ തെളിനീര്‍ച്ചാലുകളിലേക്ക് വഴിതിരിച്ചുവിട്ടാണ് പ്രതിഭാശാലിയായ സംരംഭകനിലേക്ക് ജോബ്‌സ് വളര്‍ന്നുവന്നത്. ജീവിതത്തെ അനിവാര്യമായ മരണത്തോട് മുഖാമുഖം ചേര്‍ത്തുനിര്‍ത്തി ജോബ്സ്, അതുവഴി ജീവിതത്തെ കൂടുതല്‍ക്രിയാത്മകമാക്കുകയും ചെയ്തു.

സിറിയക്കാരനായ അബ്ദുള്‍ഫത്ത ജോ ജന്‍ഡിലിയുടെയും ജൊവാനി ഷീബിളിന്റെയും മകനായി 1955 ഫിബ്രവരി 24-ന് സാന്‍ഫ്രാന്‍സിസ്‌കോയിലായിരുന്നു സ്റ്റീവ് ജോബ്‌സിന്റെ ജനനം. പോള്‍-ക്ലാര ദമ്പതിമാരുടെ ദത്തുപുത്രനായാണ് അദ്ദേഹം വളര്‍ന്നത്. പോര്‍ട്ട്‌ലന്‍ഡിലെ റീഡ് കോളേജില്‍ ബിരുദപഠനത്തിന് ചേര്‍ന്നെങ്കിലും ചെലവിന് പണമില്ലാഞ്ഞതിനാല്‍ അത് പൂര്‍ത്തിയാക്കിയില്ല. ഉറങ്ങാനിടമില്ലാഞ്ഞതിനാല്‍ കൂട്ടുകാരുടെ മുറിയില്‍ അന്തിയുറങ്ങുകയും ദിവസച്ചെലവിനായി കൊക്കകോളയുടെ കാലിക്കുപ്പികള്‍ ശേഖരിച്ച് വില്‍ക്കുകയും ചെയ്ത കാലം അദ്ദേഹം അനുസ്മരിക്കുന്നുണ്ട്. കാലിഗ്രാഫി (അക്ഷരമെഴുത്ത്)പഠിക്കാനായി വീണ്ടും റീഡ് കോളേജില്‍ ചേര്‍ന്നതാണ് അദ്ദേഹത്തിന്റെ ജീവിതത്തില്‍ വഴിത്തിരിവായത്.ബാല്യകാല സുഹൃത്തായ സ്റ്റീവ് വോസ്‌നിയാക്ക്, മൈക്ക് മെര്‍ക്കുല എന്നിവര്‍ക്കൊപ്പം 1976-ല്‍ സ്റ്റീവ് ജോബ്‌സ് തുടക്കം കുറിച്ച 'ആപ്പിള്‍' 2011 ആയപ്പോള്‍ ലോകത്തെ ഏറ്റവും മൂല്യമുള്ള കമ്പനിയായി വളര്‍ന്നു. 1985-ല്‍ അധികാര വടംവലിയെത്തുടര്‍ന്ന് കമ്പനിയില്‍ നിന്ന് പുറത്തായി. ഇക്കാലത്ത് കമ്പ്യൂട്ടര്‍ പ്ലാറ്റ്‌ഫോമായ നെക്സ്റ്റും പിക്‌സാറും സ്ഥാപിച്ചു. 1996-ല്‍ നെക്സ്റ്റിനെ ആപ്പിള്‍ സ്വന്തമാക്കിയതോടെ അദ്ദേഹം ആപ്പിളില്‍ തിരിച്ചെത്തി. തുര്‍ന്നുള്ള വര്‍ഷങ്ങള്‍ കമ്പ്യൂട്ടര്‍, മൊബൈല്‍ ഫോണ്‍ രംഗത്തെ വിപ്ലവകരമായ മാറ്റങ്ങളുടെ കാലമായിരുന്നു. ഐപോഡും ഐപാഡും ഐഫോണും പുറത്തിറങ്ങിയതും ഐട്യൂണ്‍ സംഗീതത്തെ മാറ്റിമറിച്ചതും ഇക്കാലത്താണ്. 'സ്റ്റാര്‍വാര്‍സ്' സംവിധായകന്‍ ജോര്‍ജ് ലൂക്കാസിന്റെ പക്കല്‍നിന്ന് വാങ്ങിയ 'ഗ്രാഫിക്‌സ് ഗ്രൂപ്പി'ന്റെ പേരുമാറ്റിയുണ്ടാക്കിയ പിക്‌സാറിനെ പിന്നീട് 2005-ല്‍ വാള്‍ട്ട് ഡിസ്‌നി കമ്പനി ഏറ്റെടുത്തു. അങ്ങനെ ജോബ്‌സ് വാള്‍ട്ട് ഡിസ്‌നിയിലെ ഏറ്റവും വലിയ ഓഹരിയുടമയായി.

കൂട്ടുകാര്‍ക്കൊപ്പം വീടിന്റെ ഗാരേജില്‍ ആപ്പിള്‍ കമ്പനി തുടങ്ങുമ്പോള്‍ സ്റ്റീവിന് ഇരുപത് വയസ്സായിരുന്നു പ്രായം. അദ്ദേഹത്തിന് 29 വയസ്സുള്ളപ്പോഴാണ് ആപ്പിളില്‍നിന്ന് മകിന്‍േറാഷ് പുറത്തുവന്നത്. റീഡിലെ കാലിഗ്രാഫി പഠനം മകിന്‍േറാഷിന്റെ രൂപകല്‍പ്പനാസമയത്ത് തന്നെ സഹായിച്ചുവെന്ന് അദ്ദേഹം പറഞ്ഞിട്ടുണ്ട്. സ്റ്റീവ് മരിക്കുമ്പോള്‍ 35,000 കോടി ഡോളറാണ് ആപ്പിളിന്റെ വിപണിമൂല്യം. അദ്ദേഹത്തിന്റെ സ്വന്തം ആസ്തി 70 ലക്ഷം ഡോളറെന്നാണ് ഫോബ്‌സിന്റെ കണക്ക്. അമേരിക്കയിലെ സമ്പന്നരില്‍ 42-ാം സ്ഥാനമായിരുന്നു സ്റ്റീവ് ജോബ്‌സിന്. ലോകത്തിലെ ഏറ്റവും മികച്ച സി.ഇ. ഒയായി ഗൂഗിള്‍ അദ്ദേഹത്തെ തിരഞ്ഞെടുത്തിരുന്നു.

2011 ഓഗസ്റ്റ് 24-ന് ആപ്പിളിന്റെ സി.ഇ.ഒ സ്ഥാനത്തു നിന്ന് വിരമിക്കുകയാണെന്ന് സ്റ്റീവ് ജോബ്‌സ് പ്രഖ്യാപിച്ചു. അദ്ദേഹത്തിന്റെ വിരമിക്കല്‍ കത്തില്‍ ആപ്പിളിന്റെ വിജയഗാഥ തുടരുമെന്നും തന്റെ പിന്‍ഗാമിയായി ടിം കുക്കിനെ നിയമിക്കുന്നതായും അറിയിച്ചു. അദ്ദേഹത്തിന്റെ ആവശ്യപ്രകാരം, ആപ്പിളിന്റെ ബോര്‍ഡ് ഓഫ് ഡയറക്ടേഴ്‌സിന്റെ ചെയര്‍മാനായി നിയമിച്ചു. പാന്‍ക്രിയാസിനുണ്ടായ അര്‍ബുദ ബാധയെ തുടര്‍ന്ന് 2011 ഒക്ടോബര്‍ അഞ്ചിനായിരുന്നു സ്റ്റീവ് ജോബ്‌സിന്റെ മരണം.

ക്രിയാത്മകതയായിരുന്നു സ്റ്റീവ് ജോബ്‌സിന്റെ ജീവിതത്തിന്റെ മുഖമുദ്ര. ആ ക്രിയാത്മകത 2011 ഒക്ടോബര്‍ അഞ്ചിന് മരണത്തിന് കീഴടങ്ങുമ്പോഴേക്കും ഒരു മനുഷ്യായുസ്സിന് സങ്കല്പിക്കാന്‍ കഴിയുന്നതിന് അപ്പുറത്തേക്ക് സ്റ്റീവ് ജോബ്‌സ് പലതും ചെയ്തുതീര്‍ത്തിരുന്നു. ജോബ്‌സിന്റെ പൂര്‍ണതയോടുള്ള അഭിനിവേശം പേഴ്‌സണല്‍ കമ്പ്യൂട്ടര്‍, അനിമേറ്റഡ് മൂവി, മ്യൂസിക്, ഫോണുകള്‍, ടാബ്ലറ്റ് കമ്പ്യൂട്ടിംഗ്, ഡിജിറ്റല്‍ പബ്ലിഷിംഗ് എന്നീ ആറ് വ്യവസായങ്ങളെയാണ് അടിമുടി മാറ്റിമറിച്ചതെന്ന് അദ്ദേഹത്തിന്റെ ജീവചരിത്രകാരന്‍ പറയുന്നു. മരണവും ജീവിതവും തമ്മിലുള്ള മുഖാമുഖ കാഴ്ചയില്‍ ചെയ്തു തീര്‍ക്കാനുള്ളതിനെക്കുറിച്ചുള്ള ക്രിയാത്മക അവബോധം കൈവിടാതെ സൂക്ഷിച്ച ഒരു സിഇഒയുടെ ബാക്കിപത്രമായിരുന്നു ആ വിപ്ലവം.

Content Highlights: steve jobs death anniversary

ശാസ്ത്ര സാങ്കേതിക വിദ്യാ രംഗത്തെ കൂടുതല്‍ വാര്‍ത്തകള്‍ ടെലഗ്രാം വഴി അറിയാം ഗ്രൂപ്പില്‍ അംഗമാവൂ... ക്ലിക്ക് ചെയ്യൂ: https://t.me/technews_mbi


Also Watch

Add Comment
Related Topics

Get daily updates from Mathrubhumi.com

Youtube
Telegram

വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക.. 

IN CASE YOU MISSED IT

03:44

രാത്രിയാണറിഞ്ഞത് സിന്തറ്റിക് ട്രാക്കാണെന്ന്, സ്പീഡ് കുറയുമെന്ന് പേടിച്ചാണ് ഷൂസിടാതെ ഓടിയത്

Nov 28, 2022


37:49

സ്വപ്നങ്ങൾ വേണ്ടെന്ന് വെച്ചാൽ എന്റെ കുട്ടി അതാണ് പഠിക്കുക, ഞാനത് ആ​ഗ്രഹിക്കുന്നില്ല - അഞ്ജലി മേനോൻ

Nov 29, 2022


Kashmir Files

2 min

കശ്മീര്‍ ഫയല്‍സ് അശ്ലീലസിനിമ, വിമര്‍ശനത്തില്‍ വിവാദം; ജൂറി പദവി ദുരുപയോഗം ചെയ്‌തെന്ന് ഇസ്രയേല്‍

Nov 29, 2022

Most Commented