ബെംഗളുരു: വാട്‌സാപ്പിന്റെ പുതിയ പ്രൈവസി പോളിസി അപ്‌ഡേറ്റിനെതിരെ വിമര്‍ശനം വ്യാപകമാകുന്ന പശ്ചാത്തലത്തില്‍ ഔദ്യോഗിക ആവശ്യങ്ങള്‍ക്കുള്ള വാട്‌സാപ്പ് ചാറ്റുകള്‍ക്ക് വിലക്കേര്‍പ്പെടുത്തി വിവിധ കമ്പനികള്‍. മെസേജിങ് ആപ്ലിക്കേഷനായ സിഗ്നലിലേക്ക് മാറാനാണ് കമ്പനികള്‍ നിര്‍ദേശം നല്‍കിയിരിക്കുന്നതെന്ന്‌ ടൈംസ് ഓഫ് ഇന്ത്യ റിപ്പോര്‍ട്ട് ചെയ്യുന്നു. 

സ്റ്റാര്‍ട്ട്അപ്പ് കമ്പനികള്‍, കോര്‍പ്പറേറ്റ് സ്ഥാപനങ്ങള്‍, മുതിര്‍ന്ന ഉദ്യേഗസ്ഥരുടെ സംഘങ്ങള്‍ തുടങ്ങിയവര്‍ ദൈനംദിന ആശയവിനിമയങ്ങള്‍ക്കായി സിഗ്നല്‍ തിരഞ്ഞെടുത്തിരിക്കുകയാണെന്നാണ് റിപ്പോര്‍ട്ടുകള്‍ പറയുന്നത്. 

വാട്‌സാപ്പ് പേമെന്റിന്റെ വരവ് വെല്ലുവിളി സൃഷ്ടിച്ച പേ ടി.എം., ഫോണ്‍ പേ തുടങ്ങിയ സ്ഥാപനങ്ങളും പുതിയ വിവാദം മുതലെടുത്ത് അവരുടെ ജീവനക്കാരോടെല്ലാം വാട്‌സാപ്പ് ഉപേക്ഷിക്കാന്‍ നിര്‍ദേശം നല്‍കിയിരിക്കുകയാണ്. നവീന്‍ ജിന്‍ഡാലിന്റേ നേതൃത്വത്തിലുള്ള ജിന്‍ഡാല്‍ സ്റ്റീല്‍ ആന്റ് പവറും വാട്‌സാപ്പില്‍നിന്ന് മാറുകയാണ്. 

മഹീന്ദ്ര ഗ്രൂപ്പ് ചെയര്‍മാനായ ആനന്ദ് മഹീന്ദ്ര സിഗ്നല്‍ ഇന്‍സ്റ്റാള്‍ ചെയ്തു. ടാറ്റ ഗ്രൂപ്പ് ചെയര്‍മാന്‍ എന്‍. ചന്ദ്ര ശേഖറും കമ്പനിയിലെ മറ്റ് ചില ഉദ്യോഗസ്ഥരും കുറച്ച് കാലമായി സിഗ്നല്‍ ഉപയോഗിക്കുന്നുണ്ടെന്നും റിപ്പോര്‍ട്ടില്‍ പറയുന്നു. 

വാട്‌സാപ്പ് ഉപയോക്താക്കളുടെ വിവരങ്ങള്‍ ഫെയ്‌സ്ബുക്കുമായി പങ്കുവെക്കുന്നത് നിര്‍ബന്ധിതമാക്കുന്ന പ്രൈവസി പോളിസി അപ്‌ഡേറ്റ് ആണ് വലിയ വിവാദമായത്. നിബന്ധന അംഗീകരിക്കുക, അല്ലെങ്കില്‍ അക്കൗണ്ട് ഡിലീറ്റ് ചെയ്യുക എന്നാണ് വാട്‌സാപ്പിന്റെ നിലപാട്. സ്വകാര്യ ആശയവിനിമയങ്ങള്‍ക്കായി വലിയ രീതിയില്‍ ഉപയോഗിക്കപ്പെടുന്ന വാട്‌സാപ്പ് ആപ്ലിക്കേഷന്റെ ഉപയോഗ വിവരങ്ങള്‍ സ്വകാര്യതയുടെ കാര്യത്തില്‍ സംശയമുനയിലായിരിക്കുന്ന ഫെയ്‌സ്ബുക്കുമായി പങ്കുവെക്കപ്പെടുന്നത് വിമര്‍ശകര്‍ ചോദ്യം ചെയ്യുകയാണ്. 

അതേസമയം, ഈ അവസരം വാട്‌സാപ്പിന്റെ വിപണിയിലെ എതിരാളികളും പ്രയോജനപ്പെടുത്തുന്നുണ്ട് എന്നതാണ് ഈ വിഷയത്തിന്റെ മറുവശം.

Content Highlights: startups and corporates shifting to signal