ചെന്നൈ: ഇന്ത്യയുടെ രണ്ടാമത്തെ റോക്കറ്റ് വിക്ഷേപണ കേന്ദ്രത്തിനുള്ള ഭൂമി ഏറ്റെടുക്കല്‍ തമിഴ്‌നാട്ടിലെ തൂത്തുക്കുടിയിലെ കുലശേഖരപ്പട്ടണത്തില്‍ പുരോഗമിക്കുകയാണെന്നും അത് പൂര്‍ത്തിയായാലുടനെ കൂടുതല്‍ പ്രവര്‍ത്തനങ്ങള്‍ നടത്തുമെന്നും ഐഎസ്ആര്‍ഒ മേധാവി കെ.ശിവന്‍. 

ബഹിരാകാശ രംഗം സ്വകാര്യമേഖലയ്ക്കായി തുറന്നുകൊടുക്കുമെന്ന് കേന്ദ്ര സര്‍ക്കാര്‍ പ്രഖ്യാപിച്ചതോടെ നിരവധി സ്റ്റാര്‍ട്ട് അപ്പ് കമ്പനികള്‍ ബഹിരാകാശ മേഖലയോട് താല്‍പര്യം പ്രകടിപ്പിച്ചുവെങ്കിലും വന്‍കിട കമ്പനികള്‍ ഇനിയും മുന്നോട്ട് വന്നിട്ടില്ലെന്ന് ബഹിരാകാശ വകുപ്പിലെ സെക്രട്ടറി കൂടിയായ ശിവന്‍ പറഞ്ഞു.

രണ്ടാമത്തെ റോക്കറ്റ് വിക്ഷേപണ കേന്ദ്രം പണിയുന്നതിനായി കുലശേഖരപട്ടണത്ത് ഭൂമി ഏറ്റെടുക്കുന്ന പ്രക്രിയ പുരോഗമിക്കുകയാണെന്നും ഭൂമി കൈമാറിയതിനുശേഷം മാത്രമേ പണി കൂടുതല്‍ പുരോഗമിക്കുകയുള്ളൂവെന്നും വീഡിയോ കോണ്‍ഫറന്‍സ് വഴി മാധ്യമപ്രവര്‍ത്തകരുമായി സംവദിച്ച ശിവന്‍ പറഞ്ഞു.

പദ്ധതിയ്ക്ക് വേണ്ടി 2300 ഏക്കര്‍ ഭൂമിയാണ് വേണ്ടത്. ബഹിരാകാശ രംഗത്തെ പ്രധാനപ്പെട്ട രാജ്യങ്ങള്‍ക്കെല്ലാം ഒന്നിലധികം വിക്ഷേപണ കേന്ദ്രങ്ങളുണ്ട്. ഇന്ത്യക്ക് ആന്ധ്രാപ്രദേശിലെ ശ്രീഹരിക്കോട്ടയില്‍ രണ്ട് ലോഞ്ച് പാഡുകളുള്ള ഒരു റോക്കറ്റ് പോര്‍ട്ടാണുള്ളത്. 

യോഗ്യതയുടെ അടിസ്ഥാനത്തില്‍ ബഹിരാകാശ മേഖലയില്‍ സ്വകാര്യമേഖലയുടെ പങ്കാളിത്തം സാധ്യമാക്കുന്ന ഇന്ത്യന്‍ ദേശീയ ബഹിരാകാശ പ്രമോഷന്‍, ഓതറൈസേഷന്‍ സെന്റര്‍ (IN-SPACe) സര്‍ക്കാര്‍ ആരംഭിക്കുമെന്ന് അദ്ദേഹം പറഞ്ഞു.

അതേസമയം ഐഎസ്ആര്‍ഓയുടെ ജോലികള്‍ സ്വകാര്യ മേഖലയ്ക്ക് കൈമാറില്ലെന്ന് അദ്ദേഹം ആവര്‍ത്തിച്ചു. മുന്‍ ജോലികള്‍ തുടരുമെന്നും അദ്ദേഹം പറഞ്ഞു. 

കോവിഡ് 19 വ്യാപനത്തെ തുടര്‍ന്ന് ഇന്ത്യയുടെ മനുഷ്യനെ വഹിച്ചുള്ള വിക്ഷേപണ പദ്ധതിയായ ഗഗന്‍ യാനിന് അല്‍പം കാലതാമസമുണ്ടാകുമെന്നും അദ്ദേഹം അറിയിച്ചു. 

Content Highlights: Start-ups showing interest in space, big companies yet to come ISRO chief