Photo: Youtube/NASASpaceflight
മനുഷ്യനെ ചന്ദ്രനിലേക്കും ക്രമേണ ചൊവ്വയിലേക്കും എത്തിക്കുകയെന്ന ലക്ഷ്യത്തോടെ സ്പേസ്എക്സ് വികസിപ്പിക്കുന്ന സ്റ്റാര്‍ഷിപ്പിന്റെ ആദ്യ ഓര്‍ബിറ്റല്‍ ടെസ്റ്റ് വൈകിയേക്കും. റോക്കറ്റ് ബൂസ്റ്റര്‍ പരീക്ഷണത്തിനിടെ പൊട്ടിത്തെറിയുണ്ടായതാണ് വിക്ഷേപണം വൈകുന്നതിന് കാരണമായത്.
പൊട്ടിത്തെറിയുടെ ആഘാതം ചെറുതാണെന്നും പരിശോധനകള്‍ക്കായി ബൂസ്റ്റര്‍ ലോഞ്ച് പാഡില്‍ നിന്ന് മാറ്റിയെന്നും. ബൂസ്റ്റര്‍ 'ഒരു പക്ഷെ' അടുത്തയാഴ്ച ലോഞ്ച് സ്റ്റാന്‍ഡില്‍ തിരികെയെത്തിയേക്കുമെന്നുമാണ് ഇലോണ്‍ മസ്‌കിന്റെ പ്രതികരണം.
സ്റ്റാര്‍ഷിപ്പ് റോക്കറ്റിന്റെ ആദ്യ പകുതി ഭാഗം ഈ ബൂസ്റ്ററാണ്. തിങ്കളാഴ്ച ലോഞ്ചിന് മുമ്പായുള്ള ചില പരീക്ഷണങ്ങള്‍ക്കിടെയാണ് താഴെ എഞ്ചിന്റെ ഭാഗത്ത് നിന്ന് പൊട്ടിത്തെറിയുണ്ടായത്. വലിയ തീഗോളം തന്നെ അവിടെ സൃഷ്ടിക്കപ്പെട്ടു. വലിയ പ്രകമ്പനത്തില്‍ ദൃശ്യം പകര്‍ത്തിയ ക്യാമറകള്‍ പോലും വിറച്ചു.
സ്റ്റാര്‍ഷിപ്പിന്റെ മുകളിലുള്ള ഭാഗത്തിന്റെ പരീക്ഷണങ്ങള്‍ നേരത്തെ പല തവണ സ്‌പേസ് എക്‌സ് നടത്തിയിട്ടുണ്ട്. 9.66 കിലോമീറ്റര്‍ ഉയരത്തില്‍ വരെ ഈ ഭാഗം ഉയര്‍ത്തി താഴെ ഇറക്കിയിട്ടുണ്ട്. എന്നാല്‍ റോക്കറ്റിന്റെ രണ്ട് ഭാഗങ്ങളും ചേര്‍ത്ത് മുഴുവനായുള്ള വിക്ഷേപണ പരീക്ഷണം കമ്പനി ഇതുവരെ നടത്തിയിട്ടില്ല. ആകെ 121.92 മീറ്റര്‍ ഉയരമാണ് ബഹിരാകാശത്തേക്ക് വിക്ഷേപിക്കുന്ന സ്റ്റാര്‍ഷിപ്പ് റോക്കറ്റിനുണ്ടാവുക.
ഇത്രയും വലിയൊരു വസ്തുവിനെ ബഹിരാകാശത്ത് എത്തിക്കുന്നത് ശ്രമകരമായ പ്രക്രിയയാണ്.
ഓഗസ്റ്റ് സെപ്റ്റംബര്‍ മാസങ്ങളില്‍ തന്നെ സ്റ്റാര്‍ഷിപ്പിനെ ബഹിരാകാശത്തെത്തിക്കുന്ന ഓര്‍ബിറ്റല്‍ പരീക്ഷണങ്ങള്‍ നടത്താനാണ് കമ്പനി ലക്ഷ്യമിട്ടിരുന്നത്. എന്നാല്‍ തിങ്കളാഴ്ചയുണ്ടായ പൊട്ടിത്തെറി ഇതിന് തിരിച്ചടിയായിരിക്കുകയാണ്.
സംഭവത്തെ തുടര്‍ന്ന് കമ്പനിയെ ബന്ധപ്പെട്ട് സംസാരിക്കുന്നുണ്ടെന്ന് റോക്കറ്റിന്റെ നിര്‍മാണ ഘട്ടങ്ങള്‍ നിരീക്ഷിച്ചുകൊണ്ടിരിക്കുന്ന ഫെഡറല്‍ ഏവിയേഷന്‍ അഡ്മിനിസ്‌ട്രേഷന്‍ പറഞ്ഞു. ഔദ്യോഗിക വിക്ഷേപണത്തിനിടെ നടന്ന പൊട്ടിത്തെറി അല്ലാത്തതിനാല്‍ സംഭവത്തില്‍ അഡ്മിനിസ്‌ട്രേഷന്റെ അന്വേഷണം ഉണ്ടാവില്ല.
ശാസ്ത്ര സാങ്കേതിക വിദ്യാ രംഗത്തെ കൂടുതല്‍ വാര്‍ത്തകള്‍ ടെലഗ്രാം വഴി അറിയാം ഗ്രൂപ്പില്‍ അംഗമാവൂ... ക്ലിക്ക് ചെയ്യൂ: https://t.me/technews_mbi
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..