സ്റ്റാര്‍ലിങ്ക് പദ്ധതിയ്ക്ക് വേണ്ടിയുള്ള വാണിജ്യ ലൈസന്‍സ് ലഭിക്കുന്നതിനുള്ള അപേക്ഷ 2022 ജനുവരി 31 ന് മുമ്പായി നല്‍കുമെന്ന് സ്റ്റാര്‍ ലിങ്ക് ഇന്ത്യ മേധാവി സഞ്ജയ് ഭാര്‍ഗവ. ലിങ്ക്ഡ് ഇനിലൂടെയാണ് അദ്ദേഹം ഇക്കാര്യം വ്യക്തമാക്കിയത്. ഇന്ത്യയില്‍ ഇതിനകം കമ്പനിയ്ക്ക് തുടക്കമിട്ട സ്റ്റാര്‍ലിങ്കിന് സേവനം ആരംഭിക്കുന്നതിനുള്ള പ്രധാന പ്രതിബന്ധമാണ് ഈ ലൈസന്‍സ്. 

ലൈസന്‍സ് ഇല്ലാത്തതിനാല്‍ ഇന്ത്യയില്‍ നിന്നുള്ള മുന്‍കൂര്‍ ബുക്കിങുകള്‍ നിര്‍ത്തിവെക്കണമെന്ന് സര്‍ക്കാര്‍ കമ്പനിയോട് കഴിഞ്ഞാഴ്ച ആവശ്യപ്പെട്ടിരുന്നു. 

സ്റ്റാര്‍ലിങ്ക് ഇന്ത്യക്കാര്‍ക്ക് എപ്പോള്‍ കിട്ടുമെന്ന് നിലവില്‍ പറയാന്‍ കഴിയില്ലെന്ന് സഞ്ജയ് പറഞ്ഞു. ഇന്ത്യയില്‍ നൂറ് ശതമാനം സേവനം എത്തിക്കാന്‍ ഓഹരി ഉടമകള്‍, സേവന ദാതാക്കള്‍, സാങ്കേതിക വിദ്യകള്‍ എന്നിവയിലുടനീളമുള്ള സഹകരണം ആവശ്യമുണ്ട്. 

ഇന്ത്യയില്‍ കമ്പനി തുടങ്ങുന്നതിന് മുമ്പ് തന്നെ വെബ്‌സൈറ്റ് വഴി കണക്ഷന് വേണ്ടിയുള്ള ബുക്കിങ്  സ്റ്റാര്‍ലിങ്ക് ആരംഭിച്ചിരുന്നു. 99 ഡോളറാണ് (7400 രൂപ) ഇതിനായി ഈടാക്കിയിരുന്നത്. ഇതിനകം 5000 ല്‍ ഏറെ ഓര്‍ഡറുകള്‍ ലഭിച്ചിട്ടുണ്ടെന്ന് സഞ്ജയ് വെളിപ്പെടുത്തിയിരുന്നു. 

 പിന്നീട് കമ്പനി രജിസ്റ്റര്‍ ചെയ്തുവെങ്കിലും വാണിജ്യ ലൈസന്‍സ് ഇല്ലാതെ ബുക്കിങ് സ്വീകരിക്കുന്നതിനെതിരെ വിവിധ കോണുകളില്‍ നിന്ന് വിമര്‍ശനവുമുയര്‍ന്നു. ഈ സാഹചര്യത്തിലാണ് കഴിഞ്ഞയാഴ്ച സ്റ്റാര്‍ലിങ്കിന് ഇന്ത്യയില്‍ ലൈസന്‍സ് ഇല്ലെന്നും സേവനത്തിനായി ആരും ബുക്ക് ചെയ്യരുതെന്നും സര്‍ക്കാര്‍ ആവശ്യപ്പെട്ടത്. 

അടുത്തവര്‍ഷം തന്നെ സേവനം ആരംഭിക്കാനാവുമെന്നാണ് സ്റ്റാര്‍ലിങ്കിന്റെ പ്രതീക്ഷ. എന്നാല്‍ ഇന്ത്യയില്‍ സര്‍ക്കാര്‍ അനുമതികള്‍ ലഭിക്കുന്നതിനുള്ള നടപടി ക്രമങ്ങള്‍ പൂര്‍ത്തിയാക്കാനായാല്‍ മാത്രമേ അതിന് സാധിക്കൂ.

Content Highlights: Starlink to apply for commercial license in India by Jan 31, 2022