ന്യൂഡല്‍ഹി: സ്റ്റാര്‍ലിങ്ക് ഇന്ത്യ മേധാവി സഞ്ജയ് ഭാര്‍ഗവ സ്ഥാനമൊഴിഞ്ഞു. ഇന്ത്യയില്‍ ഉപഗ്രഹ അധിഷ്ടിത സേവനം നല്‍കുന്നതിന് ലൈസന്‍സ് ഇല്ലെന്ന് ചൂണ്ടിക്കാട്ടി സബ്‌സ്‌ക്രിപ്ഷനുകള്‍ നിര്‍ത്തിവെക്കാന്‍ സര്‍ക്കാര്‍ നിര്‍ദേശിച്ചതിന് ആഴ്ചകള്‍ക്ക് ശേഷമാണ് സഞ്ജയ് ഭാര്‍ഗവയുടെ പിന്‍മാറ്റം. 

ലൈസന്‍സ് നേടുന്നതില്‍ അനിശ്ചിതത്വം ഉണ്ടെന്ന് കാണിച്ച് ഇന്ത്യയില്‍ നിന്നും ഇതുവരെ സേവനത്തിനായി ബുക്ക് ചെയ്തവര്‍ക്കെല്ലാം പണം തിരികെ നല്‍കുമെന്നറിയിച്ച് കമ്പനി കഴിഞ്ഞ ദിവസം ഇമെയില്‍ സന്ദേശവും അയച്ചിരുന്നു. 

Sanjay Bhargava
സഞ്ജയ് ഭാര്‍ഗവ | Photo: Linkedin

വ്യക്തിപരമായ കാരണങ്ങള്‍ കൊണ്ട് സ്റ്റാര്‍ലിങ്ക് ഇന്ത്യ യുടെ ബോര്‍ഡ് ചെയര്‍മാന്‍ സ്ഥാനത്ത് നിന്നും കണ്‍ട്രി ഡയറക്ടര്‍ സ്ഥാനത്ത് നിന്നും ഒഴിയുകയാണ് എന്ന് ഭാര്‍ഗവ ലിങ്ക്ഡ് ഇന്‍ പോസ്റ്റില്‍പറഞ്ഞു. ഡിസംബര്‍ 31 നായിരുന്നു ഓഫീസില്‍ തന്റെ അവസാന ദിനമെന്നും അദ്ദേഹം പറഞ്ഞു. 

ഇന്ത്യയില്‍ കമ്പനി രജിസ്റ്റര്‍ ചെയ്തതിന് പിന്നാലെ വലിയ പ്രചാരമാണ് സഞ്ജയ് ഭാര്‍ഗവയുടെ നേതൃത്വത്തില്‍ സ്റ്റാര്‍ ലിങ്ക് ഇന്ത്യയ്ക്ക് നല്‍കിയിരുന്നത്. ഇതിനിടെ 5000 ല്‍ ഏറെ പേര്‍ ഇന്ത്യയില്‍ നിന്നും സേവനത്തിനായി ബുക്ക് ചെയ്തു. 

എന്നാല്‍ ലൈസന്‍സ് നേടിയതിന് ശേഷം മാത്രമേ ഇന്ത്യയില്‍ നിന്ന് ബുക്കിങ് സ്വീകരിക്കാന്‍ പാടുള്ളൂ എന്നും. ആരും തന്നെ സ്റ്റാര്‍ലിങ്ക് സേവനത്തിനായി ബുക്ക് ചെയ്യരുതെന്നും അറിയിച്ച് ടെലികോം വകുപ്പ് രംഗത്ത് വരികയായിരുന്നു. 

Content Highlights: Starlink India, Sanjai Bhargava, Elon Musk, Satellite internet