വൈദ്യുതി ഉല്‍പ്പാദന മേഖലയിലെ ഭാവി വെല്ലുവിളികളെ നേരിടാനും പരിഹരിക്കാനും, സാധ്യതകളെ കണ്ടെത്തി ഉപയോഗപ്പെടുത്താനും തയ്യാറായി കൊച്ചി കേന്ദ്രമായുള്ള സ്പിയ (SPIA) എന്ന സ്റ്റാര്‍ട്ട് അപ് കമ്പനി. കമ്പനിയുടെ ഒദ്യോഗിക ബ്രാന്റ് ലോഞ്ച്, കൊച്ചിയിലെ മെറിഡിയന്‍ കണ്‍വെന്‍ഷന്‍ സെന്ററില്‍ നടന്ന ടൈക്കോണ്‍(TIEcon) കോണ്‍ഫറന്‍സില്‍ വെച്ച് നടന്നു. 

സോളാര്‍ വൈദ്യുതി നിലയങ്ങളില്‍ ഊര്‍ജോത്പാദനം പരമാവധി വര്‍ധിപ്പിക്കുകയും നടത്തിപ്പ് ചെലവ് കുറക്കുകയും ചെയ്യുന്ന തരത്തില്‍ നിര്‍മിതബുദ്ധി (ആര്‍ട്ടിഫിഷ്യല്‍ ഇന്റലിജൻസ്) പരിഹാരങ്ങള്‍ ആണ് സ്പിയ മുന്നോട്ട് വെക്കുന്നത്. നവാള്‍ട് സൗര-വൈദ്യുത ബോട്ട് സി.ഇ.ഒ സന്ദിത് തണ്ടശ്ശേരി അധ്യക്ഷത വഹിച്ച ചടങ്ങില്‍ ബാംഗ്ലൂര്‍ അസിം പ്രേംജി യൂണിവേഴ്‌സിറ്റിയിലെ പ്രൊഫസര്‍ ഓഫ് സസ്റ്റൈനബിലിറ്റി ഡോ. ഹരിണി നാഗേന്ദ്ര ബ്രാന്‍ഡിന്റെ ലോഗോ പ്രകാശനം ചെയ്തു.

'ഹരിത ഊര്‍ജ ഉല്പാദനത്തില്‍, പ്രത്യേകിച്ച് സോളാര്‍ വൈദ്യുതി ഉല്പാദനത്തില്‍ വലിയ മുന്നേറ്റങ്ങളാണ് നടക്കുന്നത്. ഈ ഊര്‍ജ്ജ വിപ്ലവത്തിന്റെ ഭാഗമാവാന്‍ സാധിക്കുന്നതില്‍ സന്തോഷമുണ്ട്. ഞങ്ങള്‍ ഏറെ ആവേശത്തിലാണ്. ചെറുകിട-വന്‍കിട വൈദ്യുത നിലയങ്ങളുടെ നടത്തിപ്പും നിയന്ത്രണവും കാര്യക്ഷമമാക്കുക എന്നത് മാത്രമല്ല ഞങ്ങളുടെ ലക്ഷ്യം. ഇന്‍ഡസ്ട്രിയല്‍ ഐ.ഓ.ടിയുടെ ശേഷി പരമാവധി ഉപയോഗപ്പെടുത്തി ആഗോളതലത്തില്‍ തന്നെ പ്രാപ്യമാകുന്ന വിലയില്‍ ഈ സാങ്കേതിക വിദ്യ ഉപഭോക്താക്കള്‍ക്ക് ലഭ്യമാക്കുക എന്നതാണ് ഞങ്ങളുടെ ദൗത്യം എന്ന് ചടങ്ങില്‍ സംസാരിച്ച സ്പിയ ടെക് സി.ഇ.ഒ ജാസിര്‍ സാബ്രി സൂചിപ്പിച്ചു.

ഇന്ന് ഏറെ പ്രചാരത്തിലുള്ള ഫോട്ടോവോള്‍ട്ടായിക് സോളാര്‍ പാനലുകളുടെ പ്രവര്‍ത്തനക്ഷമതയെ ബാധിക്കുന്ന ഘടകങ്ങളെ നിരന്തരം അളക്കുകയും വിശകലനം ചെയ്യുകയും ചെയ്യുന്ന അതിനൂതനമായ 'എഡ്ജ് കമ്പ്യൂട്ടിങ് സിസ്റ്റം' ആണ് സ്പിയ മുന്നോട്ടുവെക്കുന്നത്. ഇതിലൂടെ പ്രവര്‍ത്തന ക്ഷമമല്ലാത്തതോ കേടുപാടുകള്‍ വന്നതോ ആയ പാനലുകളെ പെട്ടെന്ന് കണ്ടെത്താനും പ്ലാന്റിലെ മറ്റു പിഴവുകളെക്കുറിച്ചുള്ള കൃത്യമായ വിവരങ്ങള്‍ സമയബന്ധിതമായി ലഭ്യമാക്കാനും സാധിക്കും. പ്രശ്‌നങ്ങള്‍ പെട്ടെന്ന് പരിഹരിച്ച് ഉല്പാദനം വര്‍ധിപ്പിക്കാനാവും എന്നതും ഇതിന്റെ നേട്ടമാണ്. 

ഒരു സോളാര്‍ നിലയം അടുത്ത ദിവസങ്ങളില്‍ ഉല്പാദിപ്പിക്കാന്‍ പോകുന്ന വൈദുതി മുന്‍കൂട്ടി കണക്കാക്കാന്‍ ഇതിലൂടെ എളുപ്പത്തില്‍ സാധിക്കും. ഈ വിവരങ്ങള്‍ ഉപഭോക്താക്കള്‍ക്ക് ഏറ്റവും സൗകര്യപ്രദമായി കമ്പ്യൂട്ടര്‍ വഴിയും മൊബൈല്‍ വഴിയും ലഭ്യമാക്കാനുള്ള സൗകര്യങ്ങള്‍ സ്പിയ ഇപ്പോള്‍ നല്‍കുന്നുണ്ട്.

ജാസിര്‍ സാബ്രി, മിറാജ് മുഹമ്മദ് (സി.ടി.ഒ.), റസ്തം ഉസ്മാന്‍ (പ്രോഡക്റ്റ് മാനേജര്‍), ഇര്‍ഷാദ്.എം, റിഫാസ്. സി.എ, ഹാഷിം ഇര്‍ഷാദ്, മുഹമ്മദ് അനീസ്, റിയാസ്. സി.എ എന്നീ കഴിവു തെളിയിച്ച എഞ്ചിനീയര്‍മാരുടെ സംരംഭമാണ് സ്പിയ ടെക്ക്.

Content Highlights: spia a kochi based start up on innovative solar technology