ജിമെയില്‍ അധിഷ്ഠിതമായി പ്രവര്‍ത്തിക്കുന്ന ഇന്‍ബോക്‌സ് ആപ്പ് പിന്‍വലിക്കുന്നതായി ഗൂഗിള്‍ അറിയിച്ച അതേ ദിവസം തന്നെ ഇന്‍ബോക്‌സിന്റെ സ്ഥാനം കയ്യടക്കാന്‍ ആപ്പിള്‍ ഫോണുകളിലെ ജനപ്രിയമായ ഇമെയില്‍ ആപ്ലിക്കേഷനായ സ്പാര്‍ക്ക് വരുന്നുവെന്ന റിപ്പോര്‍ട്ടുകളും വരുന്നത്. സ്പാര്‍ക്ക് ആന്‍ഡ്രോയിഡ് പ്ലാറ്റ്‌ഫോമിലേക്ക് വരുന്നു.

ഇമെയില്‍ സേവനങ്ങള്‍ നല്‍കിവന്നിരുന്ന സ്പാര്‍ക്ക് ഇതുവരെ ഐഓഎസ് പതിപ്പില്‍ മാത്രം ഒതുങ്ങിനില്‍ക്കുകയായിരുന്നു. സ്മാര്‍ട് നോട്ടിഫിക്കേഷന്‍, സ്‌നൂസിങ്, സെന്റ് ലേറ്റര്‍, റിമൈന്റര്‍, ക്വിക്ക് റിപ്ലൈ ഉള്‍പ്പടെ നിരവധി ഫീച്ചറുകള്‍ സ്പാര്‍ക്ക് ആപ്ലിക്കേഷനില്‍ ലഭ്യമാണ്. 

പേഴ്‌സണല്‍, വര്‍ക്ക്, ന്യൂസ് ലെറ്ററുകള്‍, എന്നിങ്ങനെ ഇമെയിലുകള്‍ തരംതിരിക്കാനുള്ള സൗകര്യം സ്പാര്‍ക്കിലുണ്ട്. അതേസമയം ഐഓഎസില്‍ ലഭ്യമായ ചില ഫീച്ചറുകള്‍ ആന്‍ഡ്രോയിഡ് പതിപ്പില്‍ ഉണ്ടാവില്ലെന്നും റിപ്പോര്‍ട്ടുകള്‍ പറയുന്നു.  

ഇന്‍ബോക്‌സ് ആപ്പിനെ പോലെ ഇമെയില്‍ ഉപയോഗം സ്മാര്‍ടാക്കാനും ക്രമീകരിക്കാനുമാണ് സ്പാര്‍ക്ക് ശ്രമിക്കുന്നത്.

Content Highlights: Spark makes its debut on Android amid inbox