ഹിരാകാശത്ത് വിന്യസിച്ച ഉപഗ്രഹങ്ങളില്‍ നിന്ന് നേരിട്ട് ഇന്റര്‍നെറ്റ് എത്തിക്കുന്ന സ്റ്റാര്‍ലിങ്ക് പദ്ധതിയുടെ ഭാഗമായി പുതിയ ആന്റിന അവതരിപ്പിച്ച് സ്‌പേസ് എക്‌സ്. ചതുരത്തിലുള്ള ആന്റിനയാണ് അവതരിപ്പിച്ചത്. വൃത്താഗൃതിയിലുള്ള ആന്റിന നേരത്തെ അവതരിപ്പിച്ചിരുന്നു. സ്റ്റാര്‍ലിങ്ക് കണക്ഷന്‍ എടുക്കാന്‍ ആഗ്രഹിക്കുന്നവര്‍ക്ക് ഈ ആന്റിനയും തിരഞ്ഞെടുക്കാനാവും. വൃത്താകൃതിയിലുള്ള ആന്റിനയേക്കാള്‍ കനം കുറഞ്ഞതും ഭാരം കുറഞ്ഞതുമാണ് ഈ ആന്റിന. സ്റ്റാര്‍ലിങ്ക് ടെര്‍മിനലുകള്‍ എന്നാണ് ഇതിന് പേര്. 

സ്റ്റാര്‍ലിങ്കിന് വേണ്ടി 12000 ചെറു ഉപഗ്രഹങ്ങള്‍ ഭൂമിയുടെ ലോ എര്‍ത്ത് ഓര്‍ബിറ്റില്‍ വിക്ഷേപിക്കാനാണ് കമ്പനിയുടെ പദ്ധതി. പരമ്പരാഗത ഇന്റര്‍നെറ്റ് വിതരണ സംവിധാനങ്ങള്‍ക്ക് എത്തിച്ചേരാന്‍ സാധിക്കാത്ത പ്രദേശങ്ങളിലേക്ക് അതിവേഗ കണക്റ്റിവിറ്റി എത്തിക്കാന്‍ സ്റ്റാര്‍ലിങ്ക് പദ്ധതിയിലൂടെ സാധിക്കും. 

ഇന്ത്യയിലും സ്റ്റാര്‍ലിങ്ക് സേവനം ആരംഭിക്കാനുള്ള ശ്രമത്തിലാണ്. അടുത്തിടെയാണ് കമ്പനി ഇന്ത്യയില്‍ രജിസ്റ്റര്‍ ചെയ്തത്. പ്രാദേശിക ടെലികോം സേവനദാതാക്കളുമായി സഹകരിച്ച് സ്റ്റാര്‍ലിങ്ക് സേവനങ്ങള്‍ വ്യാപിപ്പിക്കാനാണ് കമ്പനിയുടെ ശ്രമം. 

starlink dish2020 ഒക്ടോബറിലാണ് സ്റ്റാര്‍ലിങ്ക് ബീറ്റാ പതിപ്പ് അവതരിപ്പിച്ചത്. ഇതിന്റെ ഭാഗമായി അമേരിക്കയിലെ ചില പ്രത്യേക ഭൂമിശാസ്ത്ര മേഖലകളിലുള്ളവര്‍ക്കായി കമ്പനി ഉപകരണങ്ങള്‍ നല്‍കി. ഡിഷ് ആന്റിന അഥവാ ടെര്‍മിനല്‍, ഘടിപ്പിക്കുന്ന ഒരു ഉപകരണം, വൈഫൈ റൗട്ടര്‍ എന്നിവ ഉള്‍ക്കൊള്ളുന്നതാണ് സ്റ്റാര്‍ലിങ്കിന്റെ കിറ്റ്. കിറ്റിന് 499 ഡോളറും 99 ‍ഡോളറിന്റെ പ്രതിമാസ ചെലവുമാണ് ഇതിന് വേണ്ടിവരിക. 

ചതുരത്തിലുള്ള ആന്റിനയ്ക്ക് 12 ഇഞ്ച് വീതിയും 19 ഇഞ്ച് നീളവുമുണ്ട്. 4.18 കിലോഗ്രാം ആണ് ഭാരം. ഇതിന്റെ വിലയില്‍ മാറ്റമുണ്ടാകുമോ എന്ന് വ്യക്തമല്ല. 

ചെറിയ ടെര്‍മിനിലിന് വേണ്ടിയുള്ള അനുമതി കഴിഞ്ഞ ദിവസമാണ് ഫെഡറല്‍ കമ്മ്യൂണിക്കേഷന്‍ കമ്മീഷന്‍ നല്‍കിയത്. 

അതേസമയം എതിരാളിയായ പ്രോജക്ട് കുയ്പര്‍ നിര്‍മിക്കാന്‍ ഉദ്ദേശിക്കുന്ന ആന്റിനയെ വെല്ലുവിളിക്കാനാണ് ഈ ചെറിയ ആന്റിന സ്‌പേസ് എക്‌സ് അവതരിപ്പിച്ചത് എന്നും വിലയിരുത്തപ്പെടുന്നുണ്ട്. ഉപകരണങ്ങളുടെ ചിലവ് പരമാവധി കുറയ്ക്കാനാണ് കമ്പനികള്‍ ശ്രമിച്ചുവരുന്നത്. 

Content Highlights: SpaceX’s Starlink, Rectangular dish antena