Elon Musk | Photo: Gettyimages
കമ്പനി മേധാവി ഇലോണ്‍ മസ്കിനെ വിമര്‍ശിച്ച് തുറന്ന കത്തെഴുതിയ ഒരു കൂട്ടം ജീവനക്കാരെ സ്പേസ് എക്സ് പിരിച്ചുവിട്ടു. ഇലോണ്‍ മസ്ക് തങ്ങള്‍ക്ക് നാണക്കേടുണ്ടാക്കുന്നു എന്നതുള്‍പ്പടെയുള്ള വിമര്‍ശനമാണ് ജീവനക്കാര്‍ അവരുടെ ഗ്രൂപ്പുകളിലും തുറന്ന കത്തിലുമായി ഉന്നയിച്ചത്.
ഞങ്ങളുടെ സിഇഒ എന്ന നിലയിലും പ്രമുഖനായ വ്യക്തിയെന്ന നിലയിലും ഇലോണ്‍ മസ്ക് സ്പേസ് എക്സിന്റെ മുഖമായാണ് കണക്കാക്കപ്പെടുന്നത്. മസ്കിന്റെ ഓരോൃ ട്വീറ്റും കമ്പനിയുടെ പരസ്യ പ്രസ്താവനയായാണ് കണക്കാക്കപ്പെടുക. അദ്ദേഹത്തിന്റെ ട്വീറ്റുകള്‍ നമ്മളുടെ ജോലിയും ദൗത്യവും മൂല്യങ്ങളും പ്രതിഫലിക്കുന്നവയല്ലെന്ന് ഞങ്ങളുടെ ടീമുകളോടും പ്രതിഭകളോടും വ്യക്തമാക്കാന്‍ ഞങ്ങള്‍ ആഗ്രഹിക്കുന്നു. സ്പേസ് എക്സ് ജീവനക്കാര്‍ കത്തില്‍ പറയുന്നു.
കത്തിന് പിന്നിലുള്ളവരെയെല്ലാം തന്നെ വ്യാഴാഴ്ച ഉച്ചയോടെ കമ്പനിയില്‍ നിന്ന് പറഞ്ഞുവിടുകയായിരുന്നുവെന്ന് ദി വെര്‍ജ് റിപ്പോര്‍ട്ട് ചെയ്യുന്നു. അനുകൂലമല്ലാത്ത കാര്യങ്ങള്‍ ഉള്‍പ്പെടുത്തിയ കത്തില്‍ ഒപ്പിടാന്‍ ജീവനക്കാരെ നിര്‍ബന്ധിച്ചുവെന്നും അവരെ ഭയപ്പെടുത്തിയെന്നും ഭീഷണിപ്പെടുത്തിയെന്നുമെല്ലാം കാണിച്ചാണ് നടപടി. തങ്ങള്‍ക്ക് നിര്‍ണായകമായ നിരവധി ജോലികള്‍ വേറെയുണ്ടെന്നും, ഇത്തരത്തിവുള്ള അമിത ആക്ടിവിസം ആവശ്യമില്ലെന്നും സ്പേസ് എക്സ് പ്രസിഡന്റ് ഗ്വിന് ഷോട്ട് വെലിന്റെ ഒരു ഇമെയില്‍ സന്ദേശത്തില്‍ പറയുന്നു.
ഞങ്ങള്‍ക്ക് നിര്‍വ്വഹിക്കാന്‍ വളരെയധികം നിര്‍ണായക ജോലിയുണ്ട്, ഇത്തരത്തിലുള്ള അമിതമായ ആക്ടിവിസത്തിന്റെ ആവശ്യമില്ല.
എന്നാല്‍ ഷോട്ട് വെലിന്റെ ആരോപണം ശരിയല്ലെന്നാണ് ജീവനക്കാരില്‍ ഒരാള്‍ പറയുന്നത്. ഒരുമാസം നീണ്ട പരിശ്രമങ്ങള്‍ക്കൊടുവിലാണ് തുറന്നകത്തിന് വേണ്ട അഭിപ്രായങ്ങളും ഉള്ളടക്കങ്ങളും ശേഖരിച്ചത് എന്ന് അദ്ദേഹം പറയുന്നു.
ട്വിറ്ററിലെ ഇടപെടിലിലൂടെ നിരന്തരം സംസാര വിഷയമാകാറുണ്ട് ഇലോണ്‍ മസ്ക്. ട്വിറ്റര്‍ ഏറ്റെടുക്കല്‍ പ്രഖ്യാപിച്ചതിന് ശേഷം അദ്ദേഹം വാര്‍ത്തകളിലെ സ്ഥിര സാന്നിധ്യമാണ്. അടുത്തിടെ ഒരു സ്പേസ് എക്സ് ജീവനക്കാരിയോട് മോശമായി പെരുമാറിയെന്നും 250000 ഡോളര്‍ നല്കി അത് ഒതുക്കിത്തീര്ക്കുകയായിരുന്നുവെന്നുമുള്ള ആരോപണം പുറത്തുവന്നിരുന്നു. എന്നാല്‍ ഈ ആരോപണത്തെ പിന്നീട് അദ്ദേഹം പരിഹസിക്കുകയാണ് ചെയ്തത്.
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..