മനുഷ്യനെ ബഹിരാകാശത്തെത്തിക്കുന്ന ലക്ഷ്യത്തിന് മുന്നോടിയായി സ്‌പെയ്‌സ് എക്‌സുമായി ചേര്‍ന്ന് അമേരിക്ക ബഹിരാകാശ കേന്ദ്രത്തിലേക്ക് അയച്ച ഡ്രാഗണ്‍ ക്യൂ കാപ്‌സ്യൂള്‍ അറ്റ് ലാന്‍ഡിക് സമുദ്രത്തില്‍ സുരക്ഷിതമായി പതിച്ചു. വെള്ളിയാഴ്ച ഇന്ത്യന്‍ സമയം ഒരു മണിയോടെയാണ് ബഹിരാകാശ നിലയത്തില്‍ നിന്നും വേര്‍പെട്ടത്.

അന്തരീക്ഷത്തില്‍ പ്രവേശിച്ച ശേഷം പേടകത്തിന് ചൂടുപിടിക്കാതിരിക്കാനുള്ള താപകവചവും സജ്ജമാക്കിയിരുന്നു.  മാര്‍ച്ച് മൂന്നിനാണ് പേടകം അന്താരാഷ്ട്ര ബഹിരാകാശ നിലയത്തില്‍ എത്തിയത്. ഒരാഴ്ചത്തെ ദൗത്യത്തിന് ശേഷമാണ് പേടകം വിജയകരമായി ഭൂമിയിലേക്ക് മടങ്ങിയത്. 


ഉപരിതലത്തില്‍ പതിക്കുന്നതിന് കിലോമീറ്ററുകള്‍ മുമ്പ് പേടകവുമായി ബന്ധിപ്പിച്ച പാരച്യൂട്ടുകള്‍ വിടര്‍ന്നു. അന്തരീക്ഷത്തില്‍ പ്രവേശിച്ച ശേഷമുള്ള വേഗം കുറക്കാനായിരുന്നു ഇത്. ഫ്‌ളോറിഡയിലെ കേപ് കനാവറില്‍ നിന്നും 450 കിലോമീറ്റര്‍ ദൂരെ അറ്റ്‌ലാന്‍ഡിക് സമുദ്രത്തിലാണ് പേടകം പതിച്ചത്.

spaceX image
Courtesy : BBC News

സെന്‍സറുകള്‍ ഘടിപ്പിച്ച ഡമ്മി മാത്രമാണ് പേടകത്തിലുണ്ടായിരുന്നത്. മനുഷ്യനെ സുരക്ഷിതമായി അന്താരാഷ്ട്ര ബഹിരാകാശ നിലയത്തിലെത്തിക്കുകയും തിരിച്ചെത്തിക്കുകയും ചെയ്യുക എന്ന ദൗത്യത്തിന് മുന്നോടിയായുള്ള പരീക്ഷണമാണ് ഇതോടെ വിജയം കണ്ടത്. ചൊവ്വയിലേക്ക് മനുഷ്യനെ എത്തിക്കുക എന്നതടക്കമുള്ള ബൃഹത്തായ പദ്ധതികളാണ് സ്‌പെയ്‌സ് എക്‌സുമായി ചേര്‍ന്ന നടപ്പാക്കുന്നത്. 

Content highlights: SpaceX Dragon demo capsule returns to Earth after week long task