മാര്‍സ് റോക്കറ്റ് സ്റ്റാര്‍ഷിപ്പിന്റെ പരീക്ഷണ വിക്ഷേപണം നടത്താനുള്ള ശ്രമം സ്‌പേസ് എക്‌സ് പിന്‍വലിച്ചു. റോക്കറ്റ് ഏറ്റവും ഉയരത്തിലേക്ക് വിക്ഷേപിച്ച് നോക്കുന്ന ഹോപ്പ് ടെസ്റ്റ് ആണ് അവസാനനിമിഷം ഒഴിവാക്കിയത്. 

മനുഷ്യനെ ചന്ദ്രനിലേക്കും ക്രമേണ ചൊവ്വയിലേക്കും എത്തിക്കുന്നതിനായി ലക്ഷ്യമിട്ട് സ്‌പേസ് എക്‌സ് വികസിപ്പിക്കുന്ന റോക്കറ്റ് സംവിധാനമാണിത്. 

സ്‌പേസ് എക്‌സിന്റെ ടെക്‌സാസിലെ കേന്ദ്രത്തില്‍വെച്ച് നടത്താനിരുന്ന വിക്ഷേപണം കൗണ്ട് ഡൗണ്‍ ആരംഭിച്ച് 1.3 സെക്കന്റ് ബാക്കി നില്‍ക്കെ ഓട്ടോമാറ്റിക്എഞ്ചിന്‍ അബോര്‍ട്ട് സംവിധാനം പ്രവര്‍ത്തിക്കുകയായിരുന്നു. ഇനി എന്നാണ് പരീക്ഷണം നടത്തുക എന്ന് സ്‌പേസ് എക്‌സ് വ്യക്തമാക്കിയില്ല. 

ആദ്യഘട്ട ഭീമന്‍ ബൂസ്റ്ററുമായി ബന്ധിപ്പിച്ചുകഴിഞ്ഞാല്‍ 120 മീറ്റര്‍ ഉയരമുണ്ടാവും സ്റ്റാര്‍ഷിപ്പ് റോക്കറ്റിന്. ചൊവ്വയിലേക്കും ചന്ദ്രനിലേക്കും മനുഷ്യരേയും 90 ടണ്‍ ചരക്ക് വഹിക്കാനാവും വിധമാണ് ഇതിന്റെ രൂപകല്‍പന. പുനരുപയോഗം സാധ്യമാവുന്ന ഈ  വിക്ഷേപണ വാഹനം ചൊവ്വ, ചാന്ദ്ര യാത്രകളുടെ ചിലവ് കുറയ്ക്കാന്‍ സഹായിക്കുമെന്നും കമ്പനി പ്രതീക്ഷിക്കുന്നു.

Content Highlights: SpaceX aborts Mars rocket prototype launch in last seconds