വാഷിങ്ടണ്‍: നാസയ്ക്ക് വേണ്ടി ബഹിരാകാശ നിലയത്തിലേക്ക് വീണ്ടും ഗവേഷക സഞ്ചാരികളെ അയക്കാന്‍ സ്‌പേസ് എക്‌സ്. ഏപ്രില്‍ 20-ന് വിക്ഷേപണം നടത്താനാണ് പദ്ധതി. ഇത്തവണ നാല് പേരാണ് സ്‌പേസ് എക്‌സിന്റെ ഡ്രാഗണ്‍ ക്രൂ പേടകത്തില്‍ ബഹിരാകാശ നിലയത്തിലേക്ക് പുറപ്പെടുക. 

നാസ ഗവേഷകരായ ഷേന്‍ കിംബ്രോ, മീഗന്‍ മക്ആര്‍തര്‍ എന്നിവര്‍ യഥാക്രമം പേടകത്തിന്റെ കമാന്‍ഡറും പൈലറ്റുമാവും. ഇവരെ കൂടാതെ ജപ്പാന്‍ എയറോസ്‌പേസ് എക്‌സ്‌പ്ലൊറേഷന്‍ ഏജന്‍സിയില്‍ (ജാക്‌സ) നിന്നുള്ള അകിഹികോ ഹോഷിദെ, യൂറോപ്യന്‍ സ്‌പേസ് ഏജന്‍സിയില്‍ (ഇഎസ്എ) നിന്നുള്ള തോമസ് പെസ്‌ക്വറ്റ് എന്നിവരും ബഹിരാകാശ നിലയത്തിലേക്ക് പുറപ്പെടും. ദീര്‍ഘനാള്‍ നീളുന്ന ഉദ്യമത്തിന്റെ ഭാഗമായാണ് ഇവര്‍ ബഹിരാകാശ നിലയത്തിലേക്ക് പോവുന്നത്. 

നാസയുടെ കെന്നഡി സ്‌പേസ് സെന്ററിലെ 39എ ലോഞ്ച് കോംപ്ലക്‌സില്‍നിന്നായിരിക്കും വിക്ഷേപണം. രണ്ടാമത്തെ സ്‌പേസ് എക്‌സ് ഡ്രാഗണ്‍ ക്രൂ വിക്ഷേപണമാണിത്.  ഡ്രാഗണ്‍ ക്രൂ-2 ബഹിരാകാശ നിലയത്തിലെത്തുന്നതോടെ ഡ്രാഗണ്‍ ക്രൂ-1 പേടകം ഭൂമിയിലേക്ക് തിരിക്കും. ഇതില്‍ നാസ ഗവേഷകരായ മിഖായേല്‍ ഹോപ്കിന്‍സ്, വിക്ടര്‍ ഗ്ലോവര്‍, ഷാന്നന്‍ വാക്കര്‍, ജാക്‌സ ഗവേഷനായ സോയിചി നൊഗുചി  എന്നിവര്‍ തിരിച്ചിറങ്ങും. 

ക്രൂ-2 അംഗങ്ങള്‍ 2021 അവസാനത്തോടെയാണ് തിരിച്ചിറങ്ങുക. അതിന് പിന്നാലെ തന്നെ ക്രൂ-3 വിക്ഷേപിക്കും.

Content Highlights: space x aims to launch four astronauts to space station in april