പ്രതീകാത്മക ചിത്രം | photo: iso.org
ബഹിരാകാശ ദൗത്യങ്ങളുടെ ഭാഗമായി ഇക്കാലം കൊണ്ട് അനേകായിരം അവശിഷ്ടങ്ങള്‍ ബഹിരാകാശത്ത് സൃഷ്ടിക്കപ്പെട്ടിട്ടുണ്ട്. ഇവ കോടിക്കണക്കിന് തുക ചെലവാക്കി ഭ്രമണ പഥത്തില്‍ വിന്യസിച്ച ഉപഗ്രങ്ങളും ബഹിരാകാശ നിലയങ്ങളും ഉള്‍പ്പടെയുള്ളവയ്ക്ക് ഭീഷണിയാണ്. ഈ സാഹചര്യം തിരിച്ചറിഞ്ഞ് ബഹിരാകാശത്തെ 'വൃത്തി' ഉറപ്പുവരുത്തുന്നതിനായി, പുതിയ പെരുമാറ്റചട്ടം തയ്യാറാക്കാനുള്ള ശ്രമത്തിലാണ് യുഎസ്. ബഹിരാകാശത്ത് കുമിഞ്ഞ് കൂടിയിരിക്കുന്ന അവശിഷ്ടങ്ങളെ കൈകാര്യം ചെയ്യുന്നതിന് സ്വകാര്യ കമ്പനികളും വലിയ രീതിയില്‍ നിക്ഷേപം നടത്തുന്നുണ്ട്.
അടുത്തകാലത്തായി സ്‌പേസ് എക്‌സിന്റെ സ്റ്റാര്‍ലിങ്ക് ഉള്‍പ്പടെയുള്ള സ്വകാര്യ കമ്പനികള്‍ കൂടി ഈ രംഗത്തേക്ക് കടന്നുവന്നതോടെ ബഹിരാകാശ വസ്തുക്കള്‍ സൃഷ്ടിക്കുന്ന ഭീഷണിയും വര്‍ധിച്ചിരിക്കുകയാണ്. ആയിരക്കണക്കിന് ഉപഗ്രഹങ്ങളാണ് സ്റ്റാര്‍ലിങ്ക് മാത്രം ഇതുവരെ വിക്ഷേപിച്ചിട്ടുള്ളത് ഇനിയും വിക്ഷേപിക്കാനൊരുങ്ങുകയാണവര്‍. സ്റ്റാര്‍ലിങ്കിനെ പോലെ തന്നെ ആമസോണും, വണ്‍ വെബ്ബും ഉള്‍പ്പടെയുള്ള സ്വകാര്യ കമ്പനികളും മറ്റ് രാജ്യങ്ങളില്‍ നിന്നുള്ള ഏജന്‍സികളും കമ്പനികളുമെല്ലാം സ്വന്തം നിലയ്ക്ക് ഉപഗ്രഹങ്ങള്‍ വിക്ഷേപിക്കാന്‍ പദ്ധതിയിടുകയാണ്. ഇവയെല്ലാം ബഹിരാകാശത്തെ ഉപകരണങ്ങളുടെയും അവയുടെ ഭാഗമായി സൃഷ്ടിക്കപ്പെടുന്ന അവശിഷ്ടങ്ങളുടെയും എണ്ണം വര്‍ധിക്കുന്നതിനിടയാക്കുന്നു.
ഇതിനെല്ലാം പുറമെ പ്രവര്‍ത്തന രഹിതമായ ഉപഗ്രഹങ്ങള്‍ മിസൈല്‍ ഉപയോഗിച്ച് തകര്‍ക്കുന്നതിലൂടെ സൃഷ്ടിക്കപ്പെടുന്ന അവശിഷ്ടങ്ങള്‍ വേറെയുമുണ്ട്. ശത്രുരാജ്യങ്ങള്‍ തമ്മിലുണ്ടാവാനിടയുള്ള ബഹിരാകാശ സൈനിക നീക്കങ്ങളും ഭീഷണി ഉയര്‍ത്തുന്നു.
ഈ സാഹചര്യത്തിലാണ് യുഎസ് സ്‌പേസ് കമാന്‍ഡ് ബഹിരാകാശത്തെ പെരുമാറ്റം എങ്ങനെയായിരിക്കണം എന്നത് സംബന്ധിച്ച തങ്ങളുടെ കാഴ്ചപ്പാട് വ്യക്തമാക്കിക്കൊണ്ടുള്ള പെരുമാറ്റ ചട്ടങ്ങളുടെ ഒരു പട്ടിക പുറത്തിറക്കിയത്. സൈനിക നീക്കം സംബന്ധിച്ച അച്ചടക്കവും ഇതിലൂടെ ലക്ഷ്യമിടുന്നു.
മറ്റ് രാജ്യങ്ങളും ഈ ആശയത്തിനൊപ്പം നില്‍ക്കുമെന്നാണ് പ്രതീക്ഷിക്കുന്നത് എന്ന് യുഎസ് സ്‌പേസ് കമാന്‍ഡിന്റെ ഓപ്പറേഷന്‍സ് യൂണിറ്റ് ഡെപ്യൂട്ടി ഡയറക്ടര്‍ ബ്രിഗേഡിയര്‍ ജനറല്‍ റിച്ചാര്‍ഡ് സെല്‍മാന്‍ പറഞ്ഞു.
പ്രവര്‍ത്തന രഹിതമായ ഉപഗ്രഹങ്ങള്‍ സുരക്ഷിതമായ രീതിയില്‍ നശിപ്പിക്കണം. അത് മൂലം എന്തെങ്കിലും ഭീഷണി മറ്റു രാജ്യങ്ങളുടെ ഉപഗ്രഹ സംവിധാനങ്ങള്‍ക്കുണ്ടെങ്കില്‍ അത് അവരെ അറിയിക്കണം തുടങ്ങിയ വ്യവസ്ഥകളാണ് യുഎസ് ഈ പട്ടികയില്‍ ഉള്‍പ്പെടുത്തിയിരിക്കുന്നത്.
ഇതോടൊപ്പം ബഹിരാകാശത്തെ ഉപയോഗശൂന്യമായ വസ്തുക്കള്‍ നീക്കം ചെയ്യുന്നതിനുള്ള സാങ്കേതികവിദ്യകള്‍ക്കായി വിവിധ സ്വകാര്യ കമ്പനികളും വലിയ നിക്ഷേപം നടത്തിവരുന്നുണ്ട്.
അതേസമയം ബഹിരാകാശത്തെ പ്രവര്‍ത്തന രഹിതമായ ഉപഗ്രഹങ്ങള്‍ ഭ്രമണ പഥത്തില്‍ നിന്ന് സുരക്ഷിതമായി മാറ്റി ഭൗമാന്തരീക്ഷത്തിലെത്തിച്ച് തകര്‍ത്തുകളയുന്ന ഉപകരണങ്ങള്‍ നിര്‍മിക്കുക. പ്രവര്‍ത്തന രഹിതമായ ഉപഗ്രങ്ങള്‍ ബഹിരാകാശത്ത് വെച്ച് തന്നെ ശരിയാക്കി പ്രവര്‍ത്തനം പുനസ്ഥാപിക്കുന്നതിനുള്ള സര്‍വീസിങ് സാറ്റലൈറ്റുകള്‍ വികസിപ്പിക്കുക തുടങ്ങിയ പദ്ധതികളും സജീവമാണ്.
Content Highlights: space junk crisis us space command
ശാസ്ത്ര സാങ്കേതിക വിദ്യാ രംഗത്തെ കൂടുതല്‍ വാര്‍ത്തകള്‍ ടെലഗ്രാം വഴി അറിയാം ഗ്രൂപ്പില്‍ അംഗമാവൂ... ക്ലിക്ക് ചെയ്യൂ: https://t.me/technews_mbi
Also Watch
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..