ന്യൂഡല്‍ഹി: ഒടിടി പ്ലാറ്റ്‌ഫോമുകളില്‍ റിലീസ് ചെയ്യുന്ന വീഡിയോ ഉള്ളടക്കങ്ങള്‍ക്ക് പരിശോധന ആവശ്യമാണെന്ന് സുപ്രീം കോടതി. ആമസോണ്‍ പ്രൈം, നെറ്റ്ഫ്‌ളിക്‌സ്, ഹോട്ട്‌സ്റ്റാര്‍ ഉള്‍പ്പടെ രാജ്യത്ത് ലഭ്യമായ ഒടിടി സേവനങ്ങളിലെ ഉള്ളടക്കങ്ങളില്‍ ആവശ്യമായ പരിശോധനങ്ങള്‍ നടത്തണമെന്നാണ് കോടതിയുടെ ആവശ്യം.

'ഇന്റര്‍നെറ്റിലും ഒടിടി പ്ലാറ്റ്‌ഫോമുകളിലും സിനിമകള്‍ കാണുന്നത് ഇപ്പോള്‍ സാധാരണമായിരിക്കുകയാണ്. അതില്‍ ചില സ്‌ക്രീനിങ് വേണമെന്ന കാഴ്ചപ്പാടിലാണ് ഞങ്ങള്‍. പോണോഗ്രഫി പോലും കാണിക്കുന്നുണ്ട്.' അശോക് ഭൂഷന്റെ നേതൃത്വത്തിലുള്ള ബെഞ്ച് പറഞ്ഞു. 

ഹിന്ദു ദൈവങ്ങളെ മോശമായി ചിത്രീകരിച്ചുവെന്നും, മതവിരോധം പ്രോത്സാഹിപ്പിച്ചുവെന്നും കാണിച്ച് 'താണ്ഡവ്' എന്ന വെബ്‌സീരീസിനെതിരെ നടക്കുന്ന കേസിന്റെ ഭാഗമായി അലബാദ് ഹൈക്കോടതിയുടെ ഒരു ഉത്തരവിനെതിരെ ആമസോണ്‍ പ്രൈം വീഡിയോയുടെ ഇന്ത്യൻ മേധാവി അപര്‍ണ പുരോഹിത് നല്‍കിയ ഹര്‍ജിയില്‍ വാദം കേള്‍ക്കുകയായിരുന്നു ബെഞ്ച്. 

ഫെബ്രുവരി 25 ന് അറസ്റ്റില്‍ നിന്ന് സംരക്ഷണം വേണമെന്ന ആവശ്യം തള്ളിയ ഹൈക്കോടതി അപര്‍ണയുടെ ജാമ്യാപേക്ഷ നിരസിച്ചിരുന്നു. അതേസമയം അപര്‍ണ വെറുമൊരു ജീവനക്കാരി മാത്രമാണെന്നും പന്ത്രണ്ടോളം കേസുകളാണ് ഇവര്‍ക്കെതിരെ ചുമത്തിയിരിക്കുന്നതെന്നും അപര്‍ണയ്ക്ക് വേണ്ടി ഹാജരായ മുതിര്‍ന്ന അഭിഭാഷകനായ മുകുള്‍ രോഹ്തഗി സുപ്രീംകോടതിയില്‍ പറഞ്ഞു. 

Content Highlights: Some Screening Needed on OTT Even Porn Shown says Supreme Court