സോഷ്യല്‍ മീഡിയ ഉപയോഗം കൗമാരക്കാരുടെ മാനസികാരോഗ്യത്തെ ദോഷകരമായി ബാധിക്കുന്നുവെന്ന് റിപ്പോര്‍ട്ട്. എജ്യുക്കേഷന്‍ പോളിസി ഇന്‍സ്റ്റിറ്റ്യൂട്ടും ദി പ്രിന്‍സ് ട്രസ്റ്റും ചേര്‍ന്ന് നടത്തിയ ഗവേഷണത്തിലാണ് ഈ കണ്ടെത്തല്‍. 

പതിനാലാം വയസില്‍ ആണ്‍കുട്ടികളുടെയും പെണ്‍കുട്ടികളുടേയും മാനസികാരോഗ്യത്തില്‍ പ്രശ്‌നങ്ങളുണ്ടാവുന്നുവെന്ന് പഠനം പറയുന്നു. പെണ്‍കുട്ടികളേയാണ് ഇത് ഏറെ ബാധിക്കുന്നത്. വ്യായാമമില്ലായ്മയും ഇതിന് ആക്കം കൂട്ടുന്നു. പകര്‍ച്ചവ്യാധിയുടെ കാലം അതിന് അനുകൂല സാഹചര്യം ഒരുക്കുകയും ചെയ്തു. 

14 വയസുള്ള പെണ്‍കുട്ടികളില്‍ മൂന്നില്‍ ഒരാള്‍ തന്റെ ബാഹ്യരൂപത്തില്‍ അസന്തുഷ്ടരാണ്. മാനസിക പ്രശ്‌നങ്ങള്‍ നേരിടുന്ന യുവാക്കളുടെ എണ്ണം ആറില്‍ ഒന്നായി വര്‍ധിച്ചിട്ടുണ്ട്. 2017-ല്‍ ഇത് ഒമ്പതില്‍ ഒരാളായിരുന്നു. 

എന്നാല്‍, കൗമാരപ്രായത്തിന്റെ അവസാനമെത്തുന്നതോടെ പെണ്‍കുട്ടികളുടെ ആത്മാഭിമാനവും ക്ഷേമവും സ്ഥിരത കൈവരിക്കുന്നുണ്ട്. എന്നാല്‍, ആണ്‍കുട്ടികള്‍ അപ്പോഴും പ്രശ്‌നങ്ങള്‍ നേരിടുന്നു. അമിതമായ സോഷ്യല്‍ മീഡിയ ഉപയോഗം ആത്മാഭിമാനവുമായും ക്ഷേമവുമായും ബന്ധപ്പെട്ടിരിക്കുന്നു. പെണ്‍കുട്ടികളിലാണ് വിഷാദരോഗവും പ്രതീക്ഷയില്ലായ്മയും വര്‍ധിക്കുന്നത്. 

ഇംഗ്ലണ്ടില്‍ 5000 യുവാക്കളില്‍നിന്നാണ് ഗവേഷണത്തിനായി വിവരങ്ങള്‍ ശേഖരിച്ചത്. കോവിഡ് കാലത്തെ വിവരങ്ങളും ശേഖരിച്ചു. കുടുംബത്തിന്റെ വരുമാനം, വ്യായാമം, പോലുള്ള ഘടകങ്ങള്‍ യുവാക്കളുടെ മാനസികസ്ഥിതിയെ ബാധിച്ചിട്ടുണ്ട്. 

കായികമായ പ്രവര്‍ത്തികളും വ്യായാമവും ഇതില്‍ മാറ്റമുണ്ടാക്കുന്നുവെന്ന് പഠനം വ്യക്തമാക്കുന്നു. കോവിഡ് കാലത്തിന് ശേഷം സ്‌കൂളുകളില്‍ മാനസികാരോഗ്യ പരിശീലനങ്ങള്‍ക്കായി നിക്ഷേപം വേണമെന്നും ആരോഗ്യ, കായിക പ്രക്രിയകള്‍ക്കായുള്ള സാഹചര്യം യുവാക്കള്‍ക്ക് ലഭിക്കണമെന്നും പഠനം നിര്‍ദേശിക്കുന്നു. 

Content Highlights: socialmedia affects teenager mental health