ന്യൂഡല്‍ഹി : സാമൂഹികമാധ്യമം, വാര്‍ത്താ പോര്‍ട്ടലുകള്‍, ഒ.ടി.ടി. പ്ലാറ്റ്ഫോം എന്നിവയെ നിയന്ത്രിക്കാനുള്ള കേന്ദ്രസര്‍ക്കാര്‍ ചട്ടത്തിനെതിരേ വിമര്‍ശനവുമായി നവമാധ്യമ പ്രവര്‍ത്തകര്‍. സാമൂഹികമാധ്യമങ്ങളുടെ ഉള്ളടക്കത്തിലേക്കും വ്യക്തികളുടെ സ്വകാര്യതയിലേക്കും സര്‍ക്കാര്‍ കൈകടത്തുന്നതായാണ് ആരോപണം. അതേസമയം, സാമൂഹികമാധ്യമമായ ഫെയ്സ്ബുക്കും സോഫ്റ്റ്വേര്‍ വ്യവസായ സംഘടനകളും ചട്ടങ്ങളെ സ്വാഗതം ചെയ്തു.

പൊതുജനങ്ങളുമായോ ബന്ധപ്പെട്ടവരുമായോ ഒരു ചര്‍ച്ചയും നടത്താതെയാണ് ഈ നിയന്ത്രണങ്ങള്‍ കൊണ്ടുവന്നതെന്നാണ് ഇന്റര്‍നെറ്റ് സ്വാതന്ത്ര്യത്തിനായി പ്രവര്‍ത്തിക്കുന്നവരുടെ പരാതി. ചട്ടങ്ങളിലെ വ്യവസ്ഥകള്‍ രാഷ്ട്രീയ സെന്‍സര്‍ഷിപ്പിന് ഇടയാക്കുമെന്ന് ഇന്റര്‍നെറ്റ് ഫ്രീഡം ഫൗണ്ടേഷന്‍ എക്‌സിക്യുട്ടീവ് ഡയറക്ടര്‍ അപാര്‍ ഗുപ്ത ആരോപിച്ചു. 

നിയമവിരുദ്ധ മാര്‍ഗത്തിലൂടെയാണ് ചട്ടങ്ങള്‍ കൊണ്ടുവന്നതെന്നും ഈ പ്രക്രിയ കോടതിയില്‍ ചോദ്യംചെയ്യപ്പെടുമെന്നും മീഡിയനാമ സ്ഥാപകന്‍ നിഖില്‍ പഹ്വ പറഞ്ഞു. ചട്ടം സംബന്ധിച്ച ഒരു ചര്‍ച്ചയും സര്‍ക്കാര്‍ ആരുമായും നടത്തിയിട്ടില്ലെന്ന് സോഫ്റ്റ്വേര്‍ ഫ്രീഡം ലാ സെന്റര്‍ പറഞ്ഞു.

ഇന്റര്‍നെറ്റ് രംഗത്തെ നിലവിലെ വെല്ലുവിളികള്‍ നേരിടുന്നതിനുള്ള നിയന്ത്രണങ്ങളെ കമ്പനി എന്ന നിലയില്‍ സ്വാഗതം ചെയ്യുന്നതായി ഫെയ്സ്ബുക്ക് വക്താവ് പറഞ്ഞു.

ഈ രംഗത്തെ ആശങ്കകള്‍ നീക്കാന്‍ ചട്ടങ്ങള്‍ പര്യാപ്തമാണെന്ന് നാഷണല്‍ അസോസിയേഷന്‍ ഓഫ് സോഫ്റ്റ്‌വെയര്‍ ആന്‍ഡ് സര്‍വീസ് കമ്പനീസ് (നാസ്‌കോം) പ്രതികരിച്ചു. ക്രമപ്പെടുത്തി ഉള്ളടക്കം കാണാന്‍ ഉപയോക്താക്കളെ പുതിയ ചട്ടങ്ങള്‍ സഹായിക്കുമെന്ന് ഐ.എ.എം.എ.ഐ. അഭിപ്രായപ്പെട്ടു.

Content Highlights: Social Media Regulation Act New media activists in opposition, welcomed by the business world