ന്യൂഡല്‍ഹി: വരുന്ന ലോക്‌സഭാ തിരഞ്ഞെടുപ്പിനും ഭാവിയില്‍ വരാനിരിക്കുന്ന തിരഞ്ഞെടുപ്പുകള്‍ക്കും വേണ്ടി സോഷ്യല്‍ മീഡിയ ഉള്‍പ്പടെ ഇന്റര്‍നെറ്റ് സേവനങ്ങള്‍ക്ക് പെരുമാറ്റ മാനദണ്ഡങ്ങള്‍ കൊണ്ടുവരുന്നു. തിരഞ്ഞെടുപ്പില്‍ മാതൃകാ പെരുമാറ്റ ചട്ടത്തിന് അനുസരിച്ച് സോഷ്യല്‍ മീഡിയ/ഇന്റര്‍നെറ്റ് സേവനങ്ങള്‍ പാലിക്കേണ്ട പെരുമാറ്റ മാനദണ്ഡങ്ങള്‍ തയ്യാറാക്കാന്‍ തിരഞ്ഞെടുപ്പ് കമ്മീഷന്‍ ഇന്റര്‍നെറ്റ് കമ്പനികളോടും സോഷ്യല്‍ മീഡിയാ സ്ഥാപനങ്ങളോടും ആവശ്യപ്പെട്ടു. 

ചൊവ്വാഴ്ച ഇന്റര്‍നെറ്റ് ആന്റ് മൊബൈല്‍ അസോസിയേഷന്‍ ഓഫ് ഇന്ത്യ പ്രതിനിധികളുമായും വിവിധ സോഷ്യല്‍ മീഡിയാ സേവനങ്ങളുടെ പ്രതിനിധികളുമായും ചേര്‍ന്ന യോഗത്തിലാണ് ഈ വിഷയത്തില്‍ തീരുമാനമായത്. കമ്മീഷന്റെ നിര്‍ദേശം കമ്പനികളും സോഷ്യല്‍ മീഡിയാ സ്ഥാപനങ്ങളും അംഗീകരിച്ചു.  ബുധനാഴ്ച ചേരുന്ന യോഗത്തില്‍ കമ്പനികള്‍ പെരുമാറ്റ മാനദണ്ഡങ്ങള്‍ കമ്മീഷന് മുന്നില്‍ സമര്‍പ്പിക്കാനാണ് സാധ്യത.

തിരഞ്ഞെടുപ്പ് സമയത്തുള്ള സോഷ്യല്‍ മീഡിയാ സേവനങ്ങളുടെ ദുരുപയോഗം യോഗത്തില്‍ ചര്‍ച്ചയായി. വ്യാജവാര്‍ത്ത തടയല്‍, ഓണ്‍ലൈന്‍ പരസ്യങ്ങളില്‍ രാഷ്ട്രീയ പാര്‍ട്ടികളുടെ ചിലവുമായി ബന്ധപ്പെട്ട് സുതാര്യത ഉറപ്പുവരുത്തല്‍, ലംഘനങ്ങള്‍ ശ്രദ്ധയില്‍ പെട്ടാല്‍ അടിയന്തിര നടപടികള്‍ സ്വീകരിക്കുന്നതിനായി പരാതി പരിഹാര സംവിധാനം രൂപീകരിക്കല്‍ തുടങ്ങിയവയും യോഗം ചര്‍ച്ച ചെയ്തു. 

തെരഞ്ഞെടുപ്പ് അല്ലെങ്കില്‍ രാഷ്ട്രീയ ആവശ്യങ്ങള്‍ക്കായി സോഷ്യല്‍ മീഡീയ സേവനങ്ങള്‍ ദുരുപയോഗം ചെയ്യില്ലെന്ന് ഉപയോക്താക്കള്‍ സ്വമേധയാ സമ്മതിക്കുന്നതായ വ്യവസ്ഥ പരിഗണിക്കണമെന്ന് തിരഞ്ഞെടുപ്പ് കമ്മീഷണര്‍ അശോക് ലവാസ കമ്പനികളോട് ആവശ്യപ്പെട്ടു.

സ്വമേധയാ ഉള്ള നിയന്ത്രണം ഒരു സംസ്‌കാരസമ്പന്നമായ ജനതയുടെ മുഖമുദ്രയാണ്. മറ്റ് നിയന്ത്രണങ്ങളേക്കാളേറെ ഫലപ്രദമാണെന്നും അദ്ദേഹം പറഞ്ഞു. 

സോഷ്യല്‍ മീഡിയാ ദുരുപയോഗം തടയുന്നതിനുള്ള മാര്‍ഗങ്ങള്‍ സ്വീകരിക്കണമെന്നും കമ്മീഷണര്‍ സുശീല്‍ ചന്ദ്ര സ്ഥാപനങ്ങളോട് ആവശ്യപ്പെട്ടു. സോഷ്യല്‍ മീഡിയാ സേവനങ്ങളുടെ പങ്കാളിത്ത മനോഭാവം കമ്മീഷന് സഹായകരമാവുമെന്നും അദ്ദേഹം പറഞ്ഞു.

Content Highlights: Social media ethics' code by Wednesday