ന്യൂഡല്‍ഹി: സാമൂഹികമാധ്യമങ്ങളിലൂടെ വ്യാജവാര്‍ത്തകളും വിദ്വേഷവും പ്രചരിപ്പിക്കുന്നത് തടയാനും രാജ്യസുരക്ഷ ഉറപ്പാക്കാനും ജനുവരി 15-നകം ചട്ടം കൊണ്ടുവരുമെന്ന് കേന്ദ്രസര്‍ക്കാര്‍ സുപ്രീംകോടതിയെ അറിയിച്ചു.
ഇതുസംബന്ധിച്ച കേസ് ചൊവ്വാഴ്ച പരിഗണിച്ചപ്പോഴാണ് ചട്ടം തയ്യാറാക്കാന്‍ മൂന്നുമാസംകൂടി കേന്ദ്രം ആവശ്യപ്പെട്ടത്. നിയന്ത്രണം ആവശ്യമാണെങ്കിലും വ്യക്തികളുടെ സ്വകാര്യതയിലേക്കു കടന്നുകയറുകയല്ല കേന്ദ്രത്തിന്റെ ലക്ഷ്യമെന്ന് സോളിസിറ്റര്‍ ജനറല്‍ തുഷാര്‍ മേത്ത വ്യക്തമാക്കി. സാമൂഹികമാധ്യമങ്ങളുടെ ദുരുപയോഗം തടയുന്നതു സംബന്ധിച്ച് മൂന്നുമാസത്തിനകം റിപ്പോര്‍ട്ടുനല്‍കാന്‍ കേന്ദ്രത്തോട് ജസ്റ്റിസ് ദീപക് ഗുപ്ത അധ്യക്ഷനായ സുപ്രീംകോടതി ബെഞ്ച് നിര്‍ദേശിച്ചു. ജനുവരി അവസാനവാരം കേസ് വീണ്ടും പരിഗണിക്കും. സാമൂഹികമാധ്യമ അക്കൗണ്ടുകള്‍ ആധാറുമായി ബന്ധിപ്പിക്കുന്നതു സംബന്ധിച്ച് വിവിധ ഹൈക്കോടതികളില്‍ നടക്കുന്ന മുഴുവന്‍ കേസുകളും സുപ്രീംകോടതിയിലേക്കു മാറ്റാനും ബെഞ്ച് ഉത്തരവിട്ടു.
സാമൂഹികമാധ്യമങ്ങളുടെ ദുരുപയോഗം തടയാന്‍ എപ്പോള്‍ മാര്‍ഗരേഖയുണ്ടാക്കുമെന്ന് അറിയിക്കാന്‍ സെപ്റ്റംബര്‍ 24-ന് സുപ്രീംകോടതി കേന്ദ്രത്തോടാവശ്യപ്പെട്ടിരുന്നു. ദുരുപയോഗം അപകടകരമായ അവസ്ഥയിലാണെന്നും കോടതി നിരീക്ഷിച്ചു.
ഭീകരര്‍ക്ക് സ്വകാര്യത അവകാശപ്പെടാനാവില്ലെന്ന് തമിഴ്നാടിനുവേണ്ടി ഹാജരായ അറ്റോര്‍ണി ജനറല്‍ കെ.കെ. വേണുഗോപാലും വ്യക്തമാക്കി. വിവിധ ഹൈക്കോടതികളിലെ കേസുകള്‍ സുപ്രീംകോടതിയിലേക്കു മാറ്റണമെന്ന ഫെയ്‌സ്ബുക്കിന്റെ ഹര്‍ജിയെ തമിഴ്നാട് നേരത്തേ എതിര്‍ത്തിരുന്നു. എന്നാല്‍, കേസുകള്‍ സുപ്രീംകോടതിയിലേക്കു മാറ്റുന്നതില്‍ വിരോധമില്ലെന്ന് അറ്റോര്‍ണി ജനറല്‍ ചൊവ്വാഴ്ച അറിയിച്ചു.
സാമൂഹികമാധ്യമങ്ങളുടെ ദുരുപയോഗം കൂടിവരുന്നതായി കേന്ദ്രം സുപ്രീംകോടതിയില്‍ നല്‍കിയ സത്യവാങ്മൂലത്തില്‍ പറയുന്നു. വിദ്വേഷപ്രചാരണം, വ്യാജവാര്‍ത്തകള്‍, ക്രമസമാധാന പ്രശ്‌നമുണ്ടാക്കുന്ന സന്ദേശങ്ങള്‍, അപകീര്‍ത്തികരമായ കാര്യങ്ങള്‍ എന്നിവയെല്ലാം സാമൂഹികമാധ്യമങ്ങള്‍ വഴി നടക്കുന്നുണ്ട്. സാമൂഹിക മാധ്യമ അക്കൗണ്ടുകളുടെ ഉറവിടം പരിശോധിക്കാതെ ഇത്തരം സന്ദേശങ്ങള്‍ തടയാനാവില്ലെന്നും സത്യവാങ്മൂലത്തില്‍ പറയുന്നു.
ക്രമസമാധാനം തകര്‍ക്കുന്നതും വിദ്വേഷമുണ്ടാക്കുന്നതുമായ സന്ദേശങ്ങളുടെ ഉറവിടം പരിശോധിക്കാന്‍ അന്വേഷണ ഏജന്‍സികള്‍ക്ക് അവകാശം ലഭിക്കണമെന്ന് കേന്ദ്ര ഐ.ടി.-നിയമവകുപ്പു മന്ത്രി രവിശങ്കര്‍ പ്രസാദ് ഈയിടെ വ്യക്തമാക്കിയിരുന്നു. ഇതിനെ വാട്സാപ്പ് പോലുള്ള കമ്പനികള്‍ എതിര്‍ത്തുവരുകയാണ്. തങ്ങളുടെ എന്‍ഡ്-ടു-എന്‍ഡ് എന്‍ക്രിപ്ഷന്റെയും സ്വകാര്യതാനയത്തിന്റെയും ലംഘനമാണെന്നാണ് കമ്പനിയുടെ വാദം.
'ബ്ലൂ വെയില്‍' പോലുള്ള ഗെയിമുകള്‍ കാരണം ഒട്ടേറെ യുവാക്കള്‍ക്ക് ജീവന്‍ നഷ്ടമായെന്നുകാട്ടി സാമൂഹികമാധ്യമ ദുരുപയോഗത്തിനെതിരേ തമിഴ്നാടാണ് മുഖ്യമായും രംഗത്തെത്തിയത്. മദ്രാസ് ഹൈക്കോടതിക്കു പുറമേ, ബോംബെ, മധ്യപ്രദേശ് ഹൈക്കോടതികളിലാണ് സാമൂഹിക മാധ്യമ നിയന്ത്രണവുമായി ബന്ധപ്പെട്ട കേസുള്ളത്.
Content Highlights: Central government plan to control social contents activity