ന്യൂഡല്‍ഹി: ലോക്‌സഭാ തിരഞ്ഞെടുപ്പിന്റെ ഭാഗമായി സോഷ്യല്‍ മീഡിയയിലും കനത്ത നിരീക്ഷണ സംവിധാനം ഏര്‍പ്പെടുത്തുന്നു. തിരഞ്ഞെടുപ്പിന് മുന്നോടിയായി തിരഞ്ഞെടുപ്പ് കമ്മീഷന്റെ ആവശ്യപ്രകാരം രാജ്യത്തെ വിവിധ സോഷ്യല്‍ മീഡിയാ സേവനങ്ങള്‍ സ്വമേധയാ തയ്യാറാക്കിയ പെരുമാറ്റച്ചട്ടം ബുധനാഴ്ച ചേര്‍ന്ന യോഗത്തില്‍ കമ്മീഷന്‍ അംഗീകരിച്ചു. ഇതോടെ സോഷ്യല്‍ മീഡിയയിലെ തിരഞ്ഞെടുപ്പ് പ്രചാരണങ്ങളും നീരീക്ഷിക്കപ്പെടും. 

ഇത് ആദ്യമായാണ് ഇന്ത്യയില്‍ ഒരു തിരഞ്ഞെടുപ്പിനിടെ സോഷ്യല്‍ മീഡിയയുടെ ഇടപെടലുകള്‍ക്ക് പെരുമാറ്റച്ചട്ടം കൊണ്ടുവരുന്നത്. രാജ്യത്തെ 90 കോടിയാളുകള്‍ തങ്ങളുടെ വോട്ടവകാശം വിനിയോഗിക്കാനിരിക്കെ, ലോകം കണ്ടതില്‍ ഏറ്റവും വലിയ സോഷ്യല്‍ മീഡിയാ, ഇന്റര്‍നെറ്റ് നിരീക്ഷണ ശ്രമങ്ങളാവും ഇത്തവണ നടക്കുക. ഭാവിയില്‍ വരാനിരിക്കുന്ന തിരഞ്ഞെടുപ്പുകളിലും ഈ രീതി തുടരും. 

ബുധനാഴ്ച നടന്ന യോഗത്തില്‍ പെരുമാറ്റചട്ടത്തിനനുസരിച്ച് പ്രവര്‍ത്തിക്കാന്‍ ഫെയ്‌സ്ബുക്ക്, ഗൂഗിള്‍, ട്വിറ്റര്‍, ഷെയര്‍ചാറ്റ്, ബൈറ്റ്ഡാന്‍സ് ഉള്‍പ്പടെയുള്ള സ്ഥാപനങ്ങള്‍ സമ്മതമറിയിച്ചു. മാര്‍ച്ച് 20 മുതല്‍ ചട്ടം നിലവില്‍ വന്നു.

തിരഞ്ഞെടുപ്പിന്റെ വിശ്വാസ്യത ഉറപ്പുവരുത്തുന്നതിനും സോഷ്യല്‍ മീഡിയാ പ്ലാറ്റ്‌ഫോമുകള്‍ ദുരുപയോഗം ചെയ്യപ്പെടുന്നില്ലെന്ന് ഉറപ്പുവരുത്തുന്നതിനുമാണ് ഈ പെരുമാറ്റച്ചട്ടം കൊണ്ടുവന്നിരിക്കുന്നതെന്ന് ചീഫ് ഇലക്ഷന്‍ കമ്മീഷണര്‍ സുനില്‍ അറോറ പറഞ്ഞു.

തിരഞ്ഞെടുപ്പിന് 48 മണിക്കൂര്‍ മുമ്പ് പരസ്യപ്രചാരണങ്ങള്‍ അവസാനിപ്പിക്കേണ്ടതാണ്. ഈ നിയന്ത്രണം വന്നുകഴിഞ്ഞാല്‍ സോഷ്യല്‍ മീഡിയ വഴിയുള്ള പ്രചാരണവും അനുവദിക്കില്ല. രാഷ്ട്രീയ പാര്‍ട്ടികള്‍ സോഷ്യല്‍ മീഡിയാ പരസ്യങ്ങള്‍ നല്‍കാനോ, പ്രസംഗങ്ങളും റാലികളും സംപ്രേഷണം ചെയ്യാനോ പാടില്ല. 

ഇത്തരം ലംഘനങ്ങള്‍ ശ്രദ്ധയില്‍ പെടുമ്പോള്‍ അക്കാര്യം കമ്മീഷന്‍ ബന്ധപ്പെട്ട സ്ഥാപനത്തെ അറിയിക്കും. മൂന്ന് മണിക്കൂറിനുള്ളില്‍ ഇതില്‍ നടപടി സ്വീകരിക്കും. 

രാഷ്ട്രീയ പാര്‍ട്ടികള്‍ പണം നല്‍കിയുള്ള പരസ്യ പ്രചാരണങ്ങളില്‍ സോഷ്യല്‍ മീഡിയാ സ്ഥാപനങ്ങള്‍ സുതാര്യത ഉറപ്പുവരുത്തും. ഇതിനായി ആവശ്യമുള്ള സൗകര്യങ്ങള്‍ ഉപയോഗിക്കണം. 

തിരഞ്ഞെടുപ്പ് കമ്മീഷനോ മീഡിയാ സര്‍ട്ടിഫിക്കേഷന്‍ ആന്റ് മോണിറ്ററിങ് കമ്മിറ്റിയോ രാഷ്ട്രീയ പരസ്യ ദാതാക്കള്‍ക്ക് നല്‍കുന്ന പ്രീ-സര്‍ട്ടിഫിക്കറ്റുകള്‍ സമര്‍പ്പിക്കുന്നതിനുള്ള സൗകര്യം സോഷ്യല്‍ മീഡിയാ സ്ഥാപനങ്ങള്‍ ഒരുക്കും. 

ആവശ്യമെങ്കില്‍ ദുരുപയോഗം തടയുന്നതിന് സ്വീകരിച്ച നടപടികള്‍ സോഷ്യല്‍ മീഡിയാ സ്ഥാപനങ്ങള്‍ ഇന്റര്‍നെറ്റ് ആന്റ് മൊബൈല്‍ അസോസിയേഷന്‍ ഓഫ് ഇന്ത്യ (ഐ.എ.എം.എ.ഐ.) മുഖേന കമ്മീഷനെ അറിയിക്കണം. 

സോഷ്യല്‍ മീഡിയാ സ്ഥാപനങ്ങള്‍ അവരുടെ സേവനങ്ങളുടെ പ്രവര്‍ത്തനം എങ്ങനെയാണെന്നും നിയമവിരുദ്ധ ഉള്ളടക്കങ്ങളെ കുറിച്ചുള്ള പരാതികള്‍ സ്വീകരിക്കുന്നതും അതിനുള്ള നടപടി സ്വീകരിക്കുന്നതും എങ്ങനെയാണെന്നുമുള്ള കാര്യങ്ങള്‍ തിരഞ്ഞെടുപ്പ് കമ്മീഷന്റെ നോഡല്‍ ഓഫീസര്‍മാരെ പരിശീലിപ്പിക്കണം. 

ഇതുമായി ബന്ധപ്പെട്ട് തിരഞ്ഞെടുപ്പ് കമ്മീഷനുമായി ആശയവിനിമയം നടത്തുന്നതിനായി കമ്പനികള്‍ സൗകര്യമൊരുക്കണം. 

മാതൃകാ പെരുമാറ്റച്ചട്ടം സോഷ്യല്‍ മീഡിയ പ്രചാരണങ്ങളിലും ബാധകമാണെന്ന് തിരഞ്ഞെടുപ്പ് കമ്മീഷന്‍ നേരത്തെ വ്യക്തമാക്കിയിരുന്നു. ഇതേ തുടര്‍ന്ന് സ്ഥാനാര്‍ത്ഥികള്‍ അവരുടെ സോഷ്യല്‍ മീഡിയാ അക്കൗണ്ട് സംബന്ധിച്ച വിവരങ്ങളും സോഷ്യല്‍ മീഡിയാ പ്രചരണത്തിനായുള്ള ചിലവുകള്‍ സംബന്ധിച്ച വിവരങ്ങളും കമ്മീഷന് മുന്നില്‍ വെളിപ്പെടുത്തുകയും വേണം.

Content Highlights: social media code of conduct approved by election commission