
-
സാന്‍ഫ്രാന്‍സിസ്കോ: അമേരിക്കന്‍ പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപിന്റെ അക്കൗണ്ടിന് പ്രചാരം നല്‍കുന്നത് സ്നാപ്പ്ചാറ്റ് നിര്‍ത്തിവെച്ചു. സ്നാപ്ചാറ്റിലെ ഡിസ്കവറി സെക്ഷനില്‍ ഇനിമുതല്‍ ട്രംപിന്റെ അക്കൗണ്ട് പ്രദര്‍ശിപ്പിക്കില്ല. വംശീയ അതിക്രമത്തിനും അനീതിക്കും പ്രേരിപ്പിക്കുന്ന ശബ്ദങ്ങള്‍ അനുവദിക്കില്ലെന്ന്് കമ്പനി അറിയിച്ചു.
വൈറ്റ് ഹൗസിന്റെ വേലി ലംഘിച്ചിരുന്നുവെങ്കില്‍ പ്രതിഷേധക്കാര്‍ക്ക് നേരെ നായ്ക്കളെയും ആയുധങ്ങളേയും പ്രയോഗിക്കുമായിരുന്നു എന്ന ട്രംപിന്റെ പ്രസ്താവനയെ തുടര്‍ന്നാണ് സ്നാപ്പ്ചാറ്റിന്റെ തീരുമാനം.
വംശീയ അക്രമത്തിനും അനീതിക്കും നമ്മുടെ സമൂഹത്തില്‍ സ്ഥാനമില്ല, അമേരിക്കയില്‍ സമാധാനം, സ്നേഹം, സമത്വം, നീതി എന്നിവയ്ക്കായി ശ്രമിക്കുന്ന എല്ലാവര്ക്കും ഒപ്പമാണ് ഞങ്ങള്‍. സ്നാപ്ചാറ്റിന്റെ മാതൃസ്ഥാപനമായ സ്നാപ്പ് പറഞ്ഞു.
ജോര്‍ജ് ഫ്ളോയിഡ് എന്ന കറുത്തവംശജന് പോലീസ് കസ്റ്റഡിയില്‍ കൊല്ലപ്പെട്ടതിനെ തുടര്‍ന്ന് പൊട്ടിപ്പുറപ്പെട്ട പ്രതിഷേധസമരങ്ങള്‍ സോഷ്യല്‍ മീഡിയയും വൈറ്റ് ഹൗസും തമ്മിലുള്ള അസ്വാരസ്യങ്ങള്‍ക്ക് ഇടയാക്കിയിരിക്കുയാണ്.
പ്രതിഷേധ സമരങ്ങള്‍ക്കെതിരെ സൈനിക നീക്കമുണ്ടാവുമെന്നും വെടിവെപ്പുണ്ടാവുമെന്നും സൂചന നല്‍കിക്കൊണ്ടുള്ള ട്രംപിന്റെ ട്വീറ്റുകളില്‍ ഫാക്ട് ചെക്കിങ് ടാഗുകള്‍ ചേര്‍ത്തത് വലിയ ചര്‍ച്ചയായിരുന്നു. ഇതോടെ സമൂഹമാധ്യമങ്ങള്‍ക്കുള്ള നിയമ സംരക്ഷണം നീക്കുമെന്ന ഭീഷണി ട്രംപ് ഉയര്‍ത്തി. അതിനിടെ ട്രംപിന്റെ ഒരു ട്വീറ്റ് അക്രമണത്തെ മഹത്വവല്ക്കരുക്കുന്നതാണെന്ന് കാണിച്ച് ട്വിറ്റര്‍ നീക്കം ചെയ്തു.
അതേസമയം ട്രംപിന്റെ പോസ്റ്റുകള്‍ക്കെതിരെ നടപടി സ്വീകരിക്കാത്തത് ഫെയ്സ്ബുക്കിനെതിരെ വലിയ വിമര്‍ശനങ്ങള്‍ക്കിടയാക്കി. ട്രംപ് പറയുന്ന കാര്യങ്ങളും ജനങ്ങള്‍ അറിയേണ്ടതുണ്ടെന്നും അത് നീക്കം ചെയ്യേണ്ടതില്ലെന്നുമുള്ള നിലപാടാണ് ഫെയ്സ്ബുക്ക് മേധാവി മാര്‍ക്ക് സക്കര്‍ബര്‍ഗിന്.
ട്രംപിനെതിരെ കര്‍ശന നിലപാടുമായി സ്നാപ്ചാറ്റ് കൂടി രംഗത്തെത്തിയതോടെ ട്രംപിന്റെ പോസ്റ്റുകള്‍ക്കെതിരെ നിലപാടെടുക്കാന്‍ ഫെയ്സ്ബുക്കിന് മേല്‍ കൂടുതല്‍ സമ്മര്‍ദ്ദമാവും.
Content Highlights: Snapchat stops promoting Donald Trump's account due to racial violence, George Floyd
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..