നോയ്ഡ: ചൈനീസ് സ്മാര്‍ട്‌ഫോണ്‍ ബ്രാന്റായ ഓപ്പോയുടെ ഗ്രേറ്റര്‍ നോയ്ഡയിലുള്ള ഫാക്ടറിയില്‍ ആറ് പേര്‍ക്ക് കൊറോണ പിടിപെട്ടതായി കണ്ടെത്തി. ഇതേ തുടര്‍ന്ന് ഫാക്ടറിയുടെ പ്രവര്‍ത്തനം നിര്‍ത്തിവെച്ചു. ജീവനക്കാരോടെല്ലാം ഇനിയൊരു അറിയിപ്പുണ്ടാകുന്നത് വരെ വീട്ടില്‍ കഴിയാന്‍ നിര്‍ദേശം ഓപ്പോ നല്‍കിയിരിക്കുകയാണെന്ന് ഐഎഎന്‍എസ് റിപ്പോര്‍ട്ട് ചെയ്തു. 

മറ്റൊരു സ്മാര്‍ട്‌ഫോണ്‍ ബ്രാന്റായ വിവോയ്ക്ക് വേണ്ടി നോയിഡയില്‍ നിര്‍മാണത്തിലിരിക്കുന്ന കെട്ടിടത്തില്‍ ജോലി ചെയ്യുന്ന പുറത്തുനിന്നുള്ള രണ്ട് തൊഴിലാളികള്‍ക്കും കോവിഡ് സ്ഥിരീകരിച്ചതായി ഐഎഎന്‍എസ് റിപ്പോര്‍ട്ടില്‍ പറയുന്നു. എന്നാല്‍ ഇത് വിവോയുടെ നിര്‍മാണ പ്രവര്‍ത്തനങ്ങളെ ബാധിക്കില്ല. വിവോയുടെ പ്രവര്‍ത്തിച്ചുകൊണ്ടിരിക്കുന്ന യൂണിറ്റ് ഇവിടെ നിന്നും 15 കിലോമീറ്റര്‍ അകലെയാണ് ഉള്ളത്. 

മെയ് എട്ട് മുതല്‍ ഓപ്പോ, വിവോ, പോലുള്ള സ്മാര്‍ട്‌ഫോണ്‍ നിര്‍മാണ കമ്പനികള്‍ 30 ശതമാനം ജീവനക്കാരുമായി പ്രവര്‍ത്തനം പുനരാരംഭിച്ചിരുന്നു. പതിനായിരത്തോളം ജീവനക്കാരുള്ള നോയിഡയിലെ ഓപ്പോ ഫാക്ടറിയില്‍ 3000 ഓളം ജീവനക്കാരാണ് സമയക്രമീകരണാടിസ്ഥാനത്തില്‍ ജോലി ചെയ്തിരുന്നത്. 

Content Highlights: six oppo workers test Covid-19 positive at G Noida factory