ന്യൂഡല്‍ഹി: രാജ്യത്ത് വിവിധ ഭാഗങ്ങളില്‍ പബ്ജി ഗെയിം വലിയ വിമര്‍ശനങ്ങള്‍ നേരിടുന്നുണ്ട്. കളിക്കാരുടെ ശാരീരിക മാനസികാരോഗ്യം സംബന്ധിച്ച ആശങ്കകളും വിമര്‍ശകര്‍ ഉയര്‍ത്തുന്നു. ഇതിനിടെ ഗുജറാത്തിലെ രാജ്‌കോട്ടില്‍ പബ്ജിയ്ക്ക് നിരോധനം വന്നതും അതിന്റെ പേരില്‍ പത്തിലധികം ആളുകളെ പോലീസ് അറസ്റ്റ് ചെയ്തതും പബ്ജി മൊബൈലിന്റെ അണിയറ പ്രവര്‍ത്തകരെ സമ്മര്‍ദ്ദത്തിലാക്കിയിട്ടുണ്ട്. 

ഈ സാഹചര്യത്തിലാണ് പബ്ജി മൊബൈല്‍ ഇന്ത്യന്‍ കളിക്കാര്‍ക്ക് മാത്രം ആറ് മണിക്കൂര്‍ നേരം കളി എന്ന നിയന്ത്രണം കൊണ്ടുവന്നുവെന്ന റിപ്പോര്‍ട്ടുകള്‍ വരുന്നത്. കളിക്കാര്‍ തന്നെയാണ് ഇക്കാര്യം റിപ്പോര്‍ട്ട് ചെയ്തത്. ഇന്ത്യന്‍ കളിക്കാര്‍ക്ക് മാത്രമാണ് നിയന്ത്രണമുള്ളതെന്നും ലോകത്തിന്റെ മറ്റ് ഭാഗങ്ങളില്‍ നിയന്ത്രണമില്ലെന്നും ഇവര്‍ പറഞ്ഞു.

എന്നാല്‍ ഇങ്ങനെ ഒരു നിയന്ത്രണം കൊണ്ടുവന്നതിനെ കുറിച്ച് പബ്ജി മൊബൈല്‍ ഔദ്യോഗികമായി പ്രതികരിച്ചിട്ടില്ല. 

കളിക്കാര്‍ പറയുന്നതനുസരിച്ച്, രണ്ട് മണിക്കൂറില്‍ കൂടുതല്‍ പബ്ജി കളിച്ചാല്‍ ആദ്യം ഒരു മുന്നറിയിപ്പ് സന്ദേശം ലഭിക്കും.പിന്നീട് നാല് മണിക്കൂറിന് ശേഷം നിങ്ങള്‍ പരമാവധി പരിധി എത്താന്‍ പോവുകയാണെന്ന സന്ദേശവും ലഭിക്കും. ആറ് മണിക്കൂറിന് ശേഷം കളിക്കാര്‍ക്ക് 'ഹെല്‍ത്ത് റിമൈന്റര്‍' എന്ന പേരിലുള്ള പോപ്പ് അപ്പ് സന്ദേശം ലഭിക്കുകയും തുടര്‍ന്ന് കളിക്കാന്‍ സാധിക്കാതെ വരികയും ചെയ്യുന്നു. ആറ് മണിക്കൂര്‍ നേരം കളിച്ചവര്‍ക്ക് 24 മണിക്കൂര്‍ നേരത്തേക്കാണ് നിയന്ത്രണം നല്‍കുന്നത്. അതിന് ശേഷം വീണ്ടും കളിക്കാം.

പബ്ജി ഗെയിം ആസക്തിയ്ക്ക് കാരണമാകുന്നുണ്ടെന്ന വിമര്‍ശനം ശക്തമാണ്. ചൈനയില്‍ 13 വയസില്‍ താഴെയുള്ള കുട്ടികള്‍ പബ്ജി കളിക്കുന്നത് വിലക്കിയിരുന്നു. ഗുജറാത്തില്‍ പബ്ജിയ്ക്ക് വിലക്ക് വന്നതും അറസ്റ്റ് നടന്നതും അന്താരാഷ്ട്ര ശ്രദ്ധനേടിയ വാര്‍ത്തയായിരുന്നു. 

സ്മാര്‍ട്‌ഫോണ്‍ ആസക്തി തടയുന്നതിനായി പൊതുവില്‍ സ്വീകരിച്ചുവരുന്ന രീതിയാണ് സ്‌ക്രീന്‍ ടൈം നിയന്ത്രണം. തുടര്‍ച്ചയായി മൊബൈല്‍ ഉപയോഗിക്കുന്നവരെ അതില്‍ നിന്നും നിയന്ത്രിക്കുകയാണ് ഇതിലൂടെ ചെയ്യുന്നത്. ആറ് മണിക്കൂര്‍ നേരം ഗെയിം കളിച്ചവര്‍ക്ക് 24 മണിക്കൂര്‍ നേരത്തേക്ക് വിലക്ക് ഏര്‍പ്പെടുത്തുന്നതും സമാനമായ നിയന്ത്രണമാണ്.

വ്യാഴാഴ്ച മുതലാണ് ആറ് മണിക്കൂര്‍ നേരം ഗെയിം കളിച്ച കളിക്കാര്‍ ഇങ്ങനെ ഒരു നിയന്ത്രണം ശ്രദ്ധിച്ചത്. നിയമ നടപടികളെയും വിമര്‍ശനങ്ങളെയും പ്രതിരോധിക്കാന്‍ ആവണം പബ്ദജി സ്‌ക്രീന്‍ ടൈം നിയന്ത്രണം എന്ന ആശയം നടപ്പില്‍ വരുത്തുന്നത്. 

Content Highlights: six hour gameplay restriction on pubg for indian players